കൊച്ചി: ലോക്ക് ഡൗണിനിടെ സമൂഹ അടുക്കളയില്‍ നിന്നും ലഭിക്കുന്ന ഭക്ഷണം കാത്തുനിന്നവരുടെ ഇടയിലേക്ക് മിനിലോറി പാഞ്ഞുകയറി. എറണാകുളം ടൗണ്‍ഹാളിന് സമീപത്തുവെച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ ഡ്രൈവര്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.
ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം. ലോക്ക് ഡൗണായതിനാല്‍ സമൂഹ അടുക്കളയില്‍ നിന്നും ലഭിക്കുന്ന ഭക്ഷണം കാത്ത് നിന്ന അതിഥി തൊഴിലാളികള്‍ അടക്കമുളളവര്‍ക്ക് ഇടയിലേക്ക് നിയന്ത്രണം വിട്ടെത്തിയ മിനി ലോറി പാഞ്ഞുകയറുകയായിരുന്നു.
കടുത്ത വെയിലും ചൂടുമായതിനാല്‍ തണല്‍ തേടി മരത്തിന്റെ ചുവട്ടിലാണ് അതിഥി തൊഴിലാളികള്‍ അടക്കമുളളവര്‍ വിശ്രമിച്ചിരുന്നത്. ഇവരുടെ ഇടയിലേക്കാണ് എറണാകുളം നോര്‍ത്ത് പാലം ഭാഗത്ത് നിന്നുവന്ന വെളളകുപ്പി കയറ്റി വന്ന ലോറി പാഞ്ഞുകയറിയത്.
ശേഷം സമീപത്തുളള മരത്തില്‍ ഇടിച്ചാണ് വാഹനം നിന്നത്. അപകടത്തില്‍ പരിക്കേറ്റ അഞ്ചുപേരെ എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. രണ്ടുപേരുടെ നില ഗുരുതരമാണെന്നാണ് വിവരം.
Discussion about this post