പാട്യം: ലോക്ക് ഡൗണില്‍ സഹായമായി സര്‍ക്കാര്‍ നല്കുന്ന സൗജന്യ ഭക്ഷണ കിറ്റ് വാങ്ങാന്‍ വീട്ടമ്മ നടന്നത് 30 കിലോ മീറ്റര്‍. പത്തായക്കുന്ന് പാലബസാറിനടുത്ത് വാടകവീട്ടില്‍ താമസിക്കുന്ന ആയിഷയാണ് കഴിഞ്ഞ ദിവസം മകനെയും കൂട്ടി ഭക്ഷണ കിറ്റ് വാങ്ങാന്‍ കിലോ മീറ്ററുകളോളം നടന്നത്.
നടന്ന് തളര്‍ന്ന ഇവര്‍ക്ക് ഒടുവില്‍ സഹായവുമായി പോലീസ് എത്തി. കോളയാട് സ്വദേശിയായ ആയിഷയും കുടുംബവും ഇപ്പോള്‍ പത്തായക്കുന്നിലെ വാടകവീട്ടിലാണ് താമസിക്കുന്നത്. കോളയാടിനടുത്ത വായന്നൂരിലെ റേഷന്‍കടയിലാണ് ഇവര്‍ക്ക് റേഷന്‍കാര്‍ഡുള്ളത്.
കാര്‍ഡുള്ള റേഷന്‍കടകളില്‍ നിന്ന് മാത്രമാണ് സൗജന്യ ഭക്ഷണകിറ്റ് ലഭിക്കുകയുള്ളൂ. സൗജന്യമായി ലഭിക്കുന്ന പലവ്യഞ്ജനക്കിറ്റ് വാങ്ങുന്നതിനായി ആയിഷ കഴിഞ്ഞദിവസം രാവിലെ മകനെയുംകൂട്ടി വീട്ടില്‍നിന്ന് നടന്ന് 30 കിലോമീറ്റര്‍ അകലെയുള്ള വായന്നൂരിലെത്തി.
ഇവിടെ നിന്നും കിറ്റും വാങ്ങി വീട്ടിലേക്ക് തിരിച്ചുനടക്കുന്നതിനിടെ വെയിലേറ്റ് തളര്‍ന്ന ആയിഷയും മകനും കണ്ണവം ടൗണിലെ ബസ് കാത്തിരിപ്പുകേന്ദ്രത്തില്‍ ഇരുന്നു. സംഭവം അറിഞ്ഞ കണ്ണവം പോലീസ് ഉടന്‍ തന്നെ ആയിഷയുടെ അടുത്തെത്തി ഇരുവരെയും പോലീസ് വാഹനത്തില്‍ കയറ്റി വീട്ടിലെത്തിച്ചു.
ഹൃദ്രോഗിയായ ഭര്‍ത്താവും മൂന്ന് മക്കളുമുള്ളതാണ് ആയിഷയുടെ കുടുംബം. തൊഴിലും കൂലിയുമില്ലാതെ ദുരിതത്തിലായതോടെയാണ് മുപ്പത് കിലോമീറ്ററോളം നടന്ന് പോയിട്ടാണെങ്കിലും സൗജന്യ ഭക്ഷണ കിറ്റ് വാങ്ങാന്‍ ആയിഷ തീരുമാനിച്ചത്. ആയിഷയുടെ അവസ്ഥ മനസ്സിലാക്കി, സത്യവാങ്മൂലം നല്കി തൊട്ടടുത്ത റേഷന്‍ കടയില്‍നിന്ന് ഭക്ഷ്യധാന്യക്കിറ്റ് വാങ്ങാനുള്ള സൗകര്യം പൊതുവിതരണവകുപ്പ് ഇപ്പോള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Discussion about this post