മലപ്പുറം: മലപ്പുറം ജില്ലയ്ക്ക് ഇന്ന് ആശ്വാസദിനം. ജില്ലയില്‍ കോവിഡ് ബാധിച്ച് വിദഗ്ധ ചികിത്സക്കുശേഷം രോഗമുക്തരായ ആറുപേര്‍ തിങ്കളാഴ്ച മഞ്ചേരി ഗവ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് വീടുകളിലേക്ക് മടങ്ങും. ജില്ലയിലെ ആദ്യ കോവിഡ് ബാധിതരില്‍ ഒരാളായ അരീക്കോട്ടെ 60കാരിയുള്‍പ്പെടെയുള്ളവരാണ് രോഗം ഭേദമായി മടങ്ങുന്നത്.
ഇത്രയധികം പേര്‍ രോഗമുക്തരായി ഒരുമിച്ച് ആശുപത്രി വിടുന്നത് സംസ്ഥാന സര്‍ക്കാറിന്റെ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെയും ജില്ലയില്‍ തുടരുന്ന ചിട്ടയായ പ്രവര്‍ത്തനങ്ങളുടേയും വലിയ വിജയമാണെന്ന് ജില്ല കലക്ടര്‍ ജാഫര്‍ മാലിക് അറിയിച്ചു.
ഇവര്‍ വീട്ടിലേക്ക് മടങ്ങുന്നതോടെ ജില്ലയില്‍ രോഗമുക്തരായവരുടെ എണ്ണം എട്ടാവും. വീടുകളില്‍ എത്തിയാലും ആരോഗ്യ വകുപ്പിന്റെ നിര്‍ദേശപ്രകാരമുള്ള പ്രത്യേക നിരീക്ഷണത്തില്‍ തുടരും.
കോവിഡ് 19 ബാധിച്ച് മലപ്പുറം ജില്ലയില്‍ ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നവരുടെ ആരോഗ്യനില തൃപ്തികരമാണ്. 19 പേര്‍ക്കാണ് ഇതുവരെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ രണ്ട് പേര്‍ വിദഗ്ധ ചികിത്സക്കു ശേഷം രോഗമുക്തരായി ആശുപത്രി വിട്ടു. 17 പേരാണ് നിലവില്‍ കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷനിലുള്ളത്.
ജില്ലയില്‍ ഇതുവരെ 1,186 പേര്‍ക്ക് വൈറസ് ബാധയില്ലെന്ന് വിദഗ്ധ പരിശോധനകള്‍ക്കു ശേഷം ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു. 226 പേരുടെ പരിശോധനാ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്.