കോഴിക്കോട്: സ്വന്തം ഡ്യൂട്ടി സമയം കഴിഞ്ഞിട്ടും വിശ്രമ സമയങ്ങൾ ഉപേക്ഷിച്ചും കിലോമീറ്ററുകൾ താണ്ടി ഗുരുതര രോഗം ബാധിച്ചവർക്ക് ജീവൻരക്ഷാ മരുന്നുകൾ എത്തിക്കുകയാണ് വിജേഷ് എന്ന ഈ പോലീസുകാരൻ. രാപ്പകലില്ലാതെ യാത്ര ചെയ്തും മരുന്നുകൾ വാങ്ങിച്ചുമാണ് വിജേഷ് കാക്കിക്കുള്ളിലെ നന്മ മനസായത്.
മരുന്നു കടകൾക്ക് ലോക്ക്ഡൗണിൽ ഇളവുണ്ടെങ്കിലും യാത്രാ നിരോധനം കൊണ്ട് നിരവധി പേരാണ് ഗ്രാമപ്രദേശങ്ങളിലടക്കം മരുന്നുകിട്ടാതെ കഷ്ടത്തിലായത്. ഇവർക്ക് രക്ഷകനായി മേമുണ്ടയിലെ വിജേഷ് എന്ന പോലീസുകാരൻ അവതരിക്കുകയായിരുന്നു. ഉൾഗ്രാമങ്ങളിൽ നിന്നും പലരും അമ്പത് കിലോമീറ്റർ അപ്പുറത്തുള്ള കോഴിക്കോട് നഗരത്തിലെത്തിയായിരുന്നു സ്ഥിരമായി മരുന്നു വാങ്ങിച്ചുപോയിരുന്നവരാണ്. പലമരുന്നുകളും ചില മെഡിക്കൽ സ്റ്റോറുകളിൽ മാത്രമായിരുന്നു ലഭ്യമായിരുന്നത്.
ഗുരുതരമായ കരൾരോഗമുള്ളവർക്കും, മാനസിക രോഗമുള്ളവർക്കുമൊക്കെ പലപ്പോഴും ചില പ്രത്യേക കടകളിൽ നിന്ന് വാങ്ങിച്ച മരുന്നുമാത്രമായിരുന്നു ഉപയോഗിക്കാൻ കഴിഞ്ഞത്. പക്ഷെ ലോക്ക്ഡൗൺ എല്ലാം മാറ്റി മറിച്ചു. പുറത്തിറങ്ങാൻ സാധിക്കാതെ വന്നതോടെ മരുന്നിന് എന്തുചെയ്യും എന്ന് ആലോചിച്ച് സാധാരണക്കാർ ദുഃഖത്തിലുമായി. ഇവർക്കായി കോഴിക്കോട് സിറ്റി ട്രാഫിക്കിൽ ജോലി ചെയ്യുകയായിരുന്ന വിജേഷ് മരുന്നു വിതരണക്കാരന്റെ വേഷത്തിലെത്തുകയായിരുന്നു.
അങ്ങനെ വിജേഷിന്റെ വാട്സ്ആപ്പിലേക്ക് മരുന്നു കുറിപ്പുകളുടെ പ്രളയമായി. ആവശ്യക്കാർക്ക് കൃത്യമായി മരുന്നുകളെത്തിക്കാൻ വിജേഷ് കഠിനമായി ശ്രമിക്കുകയും ചെയ്തതോടെ എല്ലാവർക്കും സന്തോഷം. ഡ്യൂട്ടിക്ക് ശേഷം ലഭിക്കുന്ന വിശ്രമ സമയം പോലും വിജേഷ് ജീവൻരക്ഷാ മരുന്നുകൾ എത്തിക്കുന്നതിനായി ചെലവഴിച്ചു. ലോക്ക്ഡൗൺ തുടങ്ങിയത് മുതൽ ഏകദേശം നാല് ലക്ഷം രൂപയുടെ മരുന്നുകൾ ഇതുവരെ വിജേഷ് പല സ്ഥലങ്ങളിലായി വിതരണം ചെയ്തു കഴിഞ്ഞു..
Discussion about this post