കൊച്ചി: കൊവിഡ് 19 രോഗത്തെ പ്രതിരോധിക്കുന്ന കേരളാ മോഡലിന് അഭിനന്ദനവുമായി കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി. ഈസ്റ്റർ ദിന സന്ദേശത്തിനിടെയാണ് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സർക്കാരിനെ അഭിനന്ദിച്ച് കർദ്ദിനാൾ രംഗത്തെത്തിയത്.
കേരളത്തിന്റേത് സമാനതകളില്ലാത്ത പ്രതിരോധം. കൊവിഡിനെ പ്രതിരോധിക്കുന്നതിൽ കേരളം ഒന്നാമതാണ്. മുഖ്യമന്ത്രിയെയും ആരോഗ്യ പ്രവർത്തകരെയും അഭിനന്ദിക്കുന്നു. നമ്മൾ രോഗത്തെ അതിജീവിക്കുമെന്ന പ്രതീക്ഷ നൽകുന്നതാണ് ഈസ്റ്റർ. കൊവിഡിനെ അതിജീവിച്ചു പുനർജീവനം സാധ്യമാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൊവിഡിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ ലോക്ക് ഡൗണിനെ തുടർന്ന് പള്ളിയിലെ ഒരുമിച്ചുള്ള പ്രാർത്ഥനകളില്ലാതെ കേരളത്തിലും ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഈസ്റ്റർ ആഘോഷിക്കുകയാണ്. ക്രിസ്തുവിന്റെ ഉയർത്തെഴുന്നേൽപ്പിന്റെ സ്മരണകളുയർത്തിയാണ് ലോകം ഈസ്റ്റർ ആഘോഷിക്കുന്നത്. ഈസ്റ്റർ ദിനത്തിൽ പള്ളികളിൽ പ്രത്യേക പ്രാർത്ഥനകളുണ്ടായെങ്കിലും വിശ്വാസികളെ ഉൾപ്പെടുത്തിയിരുന്നില്ല.
എറണാകുളം സെന്റ് മേരീസ് കത്തീഡ്രലിൽ നടന്ന സിറോ മലബാർ സഭ ഉയിർപ്പ് ഞായർ വിശുദ്ധ കുർബാനയിൽ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി കാർമ്മികനായി. അതേ സമയം കൊവിഡ് മഹാമാരി പടർത്തുന്ന ഇരുട്ടിൽ ഈസ്റ്റർ പ്രത്യാശയുടെ സന്ദേശം നൽകുന്നുവെന്ന് ഫ്രാൻസിസ് മാർപാപ്പ ഈസ്റ്റർ ദിനസന്ദേശത്തിൽ പറഞ്ഞു.
Discussion about this post