ലോക്ക് ഡൗൺ നീട്ടുന്നത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടായേക്കും; ഇളവുകൾക്ക് സാധ്യത; കേരളത്തിന്റെ തീരുമാനം നാളെ

ന്യൂഡൽഹി: ദേശീയതലത്തിൽ ലോക്ക് ഡൗൺ രണ്ടാഴ്ചയിലേക്ക് കൂടി നീട്ടുന്നതിന് ധാരണയായെങ്കിലും ഇതു സംബന്ധിച്ച അന്തിമ തീരുമാനം ഔദ്യോഗികമായി പുറത്തുവന്നിട്ടില്ല. കേന്ദ്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടായേക്കും. പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് ലോക്ക് ഡൗൺ സംബന്ധിച്ച തീരുമാനം അറിയിക്കുമെന്നായിരുന്നു നേരത്തെ പുറത്തുവന്നിരുന്ന സൂചനകൾ. പ്രധാനമന്ത്രിയുടെ അഭിസംബോധന എപ്പോഴുണ്ടാകുമെന്നും ഇന്ന് വ്യക്തമാകും.

ഇന്നലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തിയ ചർച്ചയിൽ ലോക്ക് ഡൗൺ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടാൻ ധാരണയായിരുന്നു. കൂടുതൽ ഇളവുകളോടെ ലോക്ക് ഡൗൺ നീട്ടാനാണ് ധാരണ. കാർഷിക മേഖലയ്ക്കും നിർമ്മാണ മേഖലയ്ക്കും ഇളവ് പ്രഖ്യാപിച്ചേക്കാം.

സർക്കാർ ഓഫീസുകളുടെ പ്രവർത്തനവും ഭാഗികമായി വീണ്ടും തുടങ്ങും. മന്ത്രിമാരോട് ഓഫീസുകളിൽ പ്രവർത്തനം തുടങ്ങാൻ നിർദ്ദേശം നൽകുമെന്ന സൂചനയുണ്ട്. മഹാരാഷ്ട്ര, തെലങ്കാന, കർണാടക, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങൾ ഇന്നലെ വൈകിട്ട് തന്നെ ഏപ്രിൽ മുപ്പത് വരെ ലോക്ക്ഡൗൺ നീട്ടിയിരുന്നു.

വിവിധ സംസ്ഥാനങ്ങൾക്ക് ഏതൊക്കെ അളവിൽ ലോക്ക്ഡൗണിന് ഇളവുകൾ നൽകാമെന്നതുൾപ്പെടെയുള്ള മാനദണ്ഡങ്ങൾ കേന്ദ്രസർക്കാർ ഇന്ന് പുറത്തിറക്കുമെന്നാണ് സൂചന. ഇതിന്റെ കൂടി അടിസ്ഥാനത്തിലാവും ലോക്ക്ഡൗൺ സംബന്ധിച്ച് കേരളത്തിന്റെ തീരുമാനം ഉണ്ടാവുക. സംസ്ഥാനത്ത് എന്തൊക്കെ ഇളവുകളോടെ ആവണം ലോക്ഡൗൺ നടപ്പിലാക്കേണ്ടത് എന്ന കാര്യത്തിൽ നാളെ തീരുമാനമുണ്ടാകുമെന്നാണ് സൂചന. നിയന്ത്രണങ്ങളോടെ ലോക്ക് ഡൗൺ തുടരണമെന്നാണ് കേരളം പ്രധാനമന്ത്രിയുമായുള്ള ചർച്ചയിൽ ആവശ്യപ്പെട്ടത്. കേരളത്തിലെ ഹോട്‌സ്‌പോട്ട് ജില്ലകളിൽ കർശനമായ നിയന്ത്രണവും മറ്റിടങ്ങളിൽ ചില ഇളവുകളും നൽകി ലോക്ക്ഡൗൺ നടപ്പിലാക്കുന്നതിനാണ് സർക്കാർ ആലോചിക്കുന്നതെന്നാണ് സൂചന.

Exit mobile version