കൊല്ലം: നീണ്ടുപോകുന്ന ദീർഘദൂര യാത്രകളൊക്കെ പുഷ്പം പോലെ പൂർത്തിയാക്കിയിരുന്ന കെഎസ്ആർടിയിസിയിലെ കൊമ്പന്മാർ കൊറോണ കാലത്തെ വിശ്രമത്തിനിടെ അനക്കമില്ലാത്ത മടിയന്മാരായതായി കണ്ടെത്തൽ. ബസുകൾ പലതും എഞ്ചിൻ സ്റ്റാർട്ട് ആകാത്ത അവസ്ഥയിലേക്ക് വരെ പോകുന്നുണ്ട്. ആരോഗ്യപ്രവർത്തകരുമായി പോയ ചില ബസുകൾ പാതിവഴിയിൽ നിന്നുപോയപ്പോഴാണ് അധികൃതർ മടി മാറ്റാനുള്ള ശ്രമങ്ങൾക്ക് ആക്കം കൂട്ടിയത്.
ഡോക്ടർമാരടങ്ങുന്ന സംഘത്തെയുംകൊണ്ട് തിരുവനന്തപുരത്തുനിന്ന് കാസർകോട്ടേക്ക് പോയ എസി ലോ ഫ്‌ളോർ ബസ് ഹരിപ്പാടെത്തിയപ്പോഴേക്കും ശ്വാസം നിലച്ച് നിന്നുപോയിരുന്നു. ഇതോടെ, എല്ലാ ബസുകളേയും ഒന്നുചൂടാക്കി നിർത്താനാണ് അധികൃതരുടെ നിർദേശം.
അത്യാവശ്യ സർവീസുകൾക്ക് ഉപയോഗിക്കാനായി കരുതിയിരിക്കുന്ന ബസുകളെ ഇടയ്ക്കിടെ നിശ്ചിത ദൂരം ഓടിക്കും. തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിലെ എട്ടു ബസുകൾ ഇപ്രകാരം 30 കിലോമീറ്റർ ആളില്ലാതെ പരീക്ഷണ ഓട്ടം നടത്തുന്നുണ്ട്. അതുകൊണ്ട് ബസുകൾ ആളെ കയറ്റാതെ ചെറിയ ദൂരം ഓടിക്കാൻ അധികൃതർ നിർദേശിച്ചിരിക്കുകയാണിപ്പോൾ.
തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിലെ എട്ടു ബസുകൾ ഇപ്രകാരം 30 കിലോമീറ്റർ ആളില്ലാതെ പരീക്ഷണ ഓട്ടം നടത്തുന്നുണ്ട്. അടച്ചിടലിന്റെ ആദ്യ ദിനങ്ങൾ മുതലേ ബസുകൾ സ്റ്റാർട്ടാക്കിയിടാനുള്ള ക്രമീകരണം കെഎസ്ആർടിസി ഏർപ്പെടുത്തിയിരുന്നു. ഇതിനായി അസിസ്റ്റന്റ് ഡിപ്പോ എഞ്ചിനീയർമാരുടെ നേതൃത്വത്തിൽ മെക്കാനിക്കുകളെ നിയോഗിക്കുകയും ചെയ്തു. ബസുകളെ ഗ്രൂപ്പുകളാക്കി പ്രത്യേകം ചുമതല നൽകുകയായിരുന്നു. ബാറ്ററി ചാർജ്ജും ടയറുകളുടെ അവസ്ഥയും മാത്രം പരിശോധിക്കുകയായിരുന്നു രീതി. കഴിഞ്ഞദിവസംമുതൽ അവശ്യ സർവീസിന് വിട്ടുകൊടുക്കേണ്ട ബസുകൾ ചെറിയ ദൂരം ഓടിക്കാൻ തുടങ്ങി. മറ്റു ബസുകൾ ഡിപ്പോ പരിസരത്തുതന്നെ ഓടിച്ചുനോക്കുന്നുണ്ട്. 24 മണിക്കൂർ വരെ ഒക്കെ തുടർച്ചയായി ഓടിയിരുന്ന പല ബസുകളും വെറുതെയിടേണ്ടി വന്നതോടെ ഇവയുടെ ‘ആരോഗ്യ’ത്തിന് ഹാനികരമാണെന്നാണ് സാങ്കേതികവിദഗ്ധർ പറയുന്നത്.
Discussion about this post