ലോക്ക് ഡൗണായതിനാല്‍ ഡയാലിസിസിന് ആശുപത്രിയില്‍ പോകാന്‍ വാഹനം കിട്ടിയില്ല, മുഖ്യമന്ത്രിയുടെ വസതിയില്‍ വിളിച്ച് സങ്കടം പറഞ്ഞു, ഒപ്പമെത്തി സര്‍ക്കാര്‍, മണിക്കൂറുകള്‍ക്കുള്ളില്‍ ആംബുലന്‍സ് റെഡി

കൊല്ലം: ഡയാലിസിസിന് ആശുപത്രിയില്‍ പോകാന്‍ വാഹനം ലഭിക്കാതെ വിഷമത്തിലായ പ്രസന്നദാസിന് സഹായമെത്തിയത് മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വസതിയില്‍ നിന്ന്. ലോക്ക് ഡൗണായതിനാല്‍ ആശുപത്രിയില്‍ പോകാന്‍ വാഹനം ലഭിക്കാതെ വന്നതോടെ ഒടുവില്‍ പ്രസന്നദാസിന്റെ ഭാര്യ സുലോചന മുഖ്യമന്ത്രിയുടെ വസതിയിലേക്കു വിളിച്ചു സഹായം അഭ്യര്‍ത്ഥിക്കുകയായിരുന്നു.

കൊല്ലം മയ്യനാട് വലിയവിള പിഎസ് മന്ദിരത്തില്‍ പ്രസന്നദാസിന് ആഴ്ചയില്‍ 3 തവണയാണു ഡയാലിസിസ് നടത്തേണ്ടത്. ഡയാലിസിസിനായി ഇദ്ദേഹവും ഭാര്യയും ഇത്രയും നാള്‍ സ്വകാര്യ ബസ്സിലായിരുന്നു ആശുപത്രിയിലെത്തിയിരുന്നത്. എന്നാല്‍ ലോക്ക് ഡൗണ്‍ ആയതോടെ ആശുപത്രിയിലെത്താന്‍ മറ്റ് മാര്‍ഗമൊന്നുമില്ലാതായി.

ഒരു തവണ സുഹൃത്തിന്റെ ബൈക്കില്‍ കയറി ആശുപത്രിയിലെത്തിയെങ്കിലും ഡയാലിസിസ് കഴിഞ്ഞ് മടങ്ങുംവഴി ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഇതോടെ ആ ശ്രമവും ഉപേക്ഷിക്കുകയായിരുന്നു. ഇതോടെ ആശുപത്രിയിലേക്കുള്ള പോക്കും നിന്നു. ഈ സമയത്താണ് സുലോചനയ്ക്ക് സുഹൃത്തിന്റെ കയ്യില്‍ നിന്നും മുഖ്യമന്ത്രിയുടെ നമ്പര്‍ ലഭിച്ചത്. മറ്റ് മാര്‍ഗമില്ലാത്തതിനെ തുടര്‍ന്ന് സുലോചന ആ നമ്പറിലേക്ക് വിളിക്കുകയായിരുന്നു.

സഹായിക്കണമെന്ന സങ്കടം നിറഞ്ഞ സുലോചനയുടെ ഫോണ്‍ സന്ദേശം ലഭിച്ചതു മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലാണ്. സുലോചനയുടെ ആവശ്യത്തിനു പിന്നാലെ ക്ലിഫ് ഹൗസില്‍ നിന്നു നീണ്ടകര കോസ്റ്റല്‍ പോലീസ് സ്റ്റേഷനിലേക്കു സഹായം എത്തിക്കാനുള്ള നിര്‍ദേശമെത്തി.

തുടര്‍ന്നു കോസ്റ്റല്‍ പോലീസ് സംഘം ആംബുലന്‍സുമായി വീട്ടിലെത്തി പ്രസന്നദാസിനെയും ഭാര്യ സുലോചനയേയും കൂട്ടി ജില്ലാ ആശുപത്രിയിലേക്ക് തിരിച്ചു. സിറ്റി പോലീസ് കമ്മിഷണര്‍ ടി.നാരായണനും കോസ്റ്റല്‍ സിഐ എസ്.ഷെരീഫ്, എസ്‌ഐ എം.സി.പ്രശാന്തന്‍ എഎസ്‌ഐ ഡി .ശ്രീകുമാര്‍ സിവില്‍ പോലീസ് ഓഫിസര്‍മാരായ ആര്‍.രാജേഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രസന്നദാസിനെ ആശുപത്രിയിലെത്തിച്ചത്.

ഡയാലിസിസ് പൂര്‍ത്തിയാക്കി പോലീസ് സംഘം ഇരുവരെയും തിരികെ വീട്ടിലെത്തിക്കുക്കുകയും ചെയ്തു. വീട്ടിലേക്ക് കയറും മുമ്പ് പ്രസന്ന ദാസിനും സുലോചനയ്ക്കും പോലീസിന്റെ വക ഉറപ്പ് കൂടി. അടുത്ത ഡയാലിസിസിനും ആംബുലന്‍സ് എത്തും.

Exit mobile version