കണ്ണൂര്‍: ഈയൊരു ആപത്സന്ധിയില്‍ പിണറായി മുഖ്യമന്ത്രിയായത് കേരളത്തിന്റെ ഭാഗ്യമാണെന്ന് സിനിമാതാരം ഉണ്ണികൃഷ്ണന്‍ നമ്പൂതിരി. കൊറോണയ്‌ക്കെതിരായുള്ള പോരാട്ടത്തില്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് ശക്തമായ നടപടികളിലൂടെ നേതൃത്വം നല്‍കുന്ന മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിക്കുകയായിരുന്നു അദ്ദേഹം.
‘പിണറായിക്കു മാത്രമേ ഇതൊക്കെ കഴിയൂ. കണ്ടില്ലേ, എന്തൊരു ആര്‍ജവമാണ് ആ വാക്കുകള്‍ക്ക്. മുഖ്യമന്ത്രിയുടെ കണ്ണെത്താത്ത ഏതെങ്കിലും മേഖലയുണ്ടോ. എല്ലാവരെയും ചേര്‍ത്തുപിടിക്കുകയല്ലേ. ഈയൊരു ആപത്സന്ധിയില്‍ പിണറായി മുഖ്യമന്ത്രിയായത് കേരളത്തിന്റെ ഭാഗ്യമാണ്.’ ഉണ്ണികൃഷ്ണന്‍ നമ്പൂതിരി പറയുന്നു.
”നാട്ടില്‍ കേമന്മാര്‍ പലരുമുണ്ടാകും. എന്നാല്‍ പിണറായി കേമന്മാരില്‍ കേമനാണ്. അതുകൊണ്ടാണ് പ്രളയകാലത്തെന്നപോലെ ഇപ്പോഴും നാടിനെ മുന്നില്‍നിന്നു നയിക്കാന്‍ കഴിയുന്നത്” എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തിന്റെ ആരോഗ്യരംഗത്തിന് കരുത്തേകുന്ന ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചറെയും ഉണ്ണികൃഷ്ണന്‍ നമ്പൂതിരി പ്രശംസിച്ചു.
‘കേരളം കണ്ടതില്‍ വെച്ച് ഏറ്റവും മികച്ച ആരോഗ്യമന്ത്രിയാണ് കെകെ ശൈലജ. ശൈലജ മിടുക്കിയാ. നിപാ കാലത്തുതന്നെ കേരളം അവരുടെ കഴിവ് ശ്രദ്ധിച്ചതാണ്. ഇപ്പോള്‍ അതിനു കൂടുതല്‍ ശോഭയുണ്ട്”. ഉണ്ണികൃഷ്ണന്‍ നമ്പൂതിരി ആരോഗ്യമന്ത്രിയെ പ്രശംസിച്ചുകൊണ്ട് പറഞ്ഞു.
ഒരുകാലത്ത് മലയാള സിനിമയില്‍ നിറസാന്നിധ്യമായിരുന്ന ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരി കോറോത്തെ പുല്ലേരി വാധ്യാരില്ലത്ത് കഴിയുകയാണ് ഇപ്പോള്‍. തൊണ്ണൂറുവയസിലെത്തിയ അദ്ദേഹം അസുഖബാധിതനായി ചികിത്സയും വിശ്രമവുമായി കുറച്ചുകാലം എറണാകുളത്ത് ഇളയമകന്‍ ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണനൊപ്പമായിരുന്നു. ആരോഗ്യപ്രശനങ്ങളുണ്ടെങ്കിലും മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം കാണാന്‍ വൈകിട്ട് അഞ്ചു കഴിയുമ്പോഴേ അച്ഛന്‍ കിടക്കയില്‍നിന്ന് വിളി തുടങ്ങുമെന്ന് മകന്‍ ഭവദാസന്‍ പറയുന്നു.
Discussion about this post