കോട്ടയം: ലോക്ക്ഡൗണ്‍ കാലത്ത് ക്രമസമാധാനപാലനവും സുരക്ഷയൊരുക്കലുമൊക്കെയായി അമിത തിരക്കിലാണ് പോലീസ് ഉദ്യോഗസ്ഥരും. എല്ലാവരും വീട്ടിലിരിക്കുന്നെന്ന് ഉറപ്പാക്കുകയും പ്രയാസപ്പെടുന്നവരുടെ അടുക്കലേക്ക് കരുതലുമായി അവരെത്തുകയും ചെയ്യുന്നുണ്ട്.
മൂവാറ്റുപുഴയിലുള്ള നിര്‍ധനനായ ഒരു കാന്‍സര്‍ രോഗിയ്ക്ക് അവശ്യമരുന്നെത്തിച്ച് നല്കിയ പോലീസുകാരെ കുറിച്ചുള്ള അഷ്റഫ് മാണിക്യത്തിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇതിനകം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
”ഇന്നലെ (10 04 20)രാത്രി 9:20 ന് എന്റെ സുഹൃത്തും മൂവാറ്റുപുഴ KSRTC ഡിപ്പോയിലെ ഡ്രൈവറുമായ ഇഖ്ബാല്‍ എനിക്കൊരു MSG അയച്ചു.
അദ്ദേഹത്തിന്റെ അയല്‍വക്കക്കാരനും, നിര്‍ദ്ധനനുമായ ഒരു കാന്‍സര്‍ പേഷ്യന്റ് കഴിച്ചു കൊണ്ടിരുന്ന മരുന്നുകള്‍ തീര്‍ന്നു പോയി. മൂവാറ്റുപുഴയില്‍ കിട്ടുവാനില്ല. കോട്ടയം മെഡിക്കല്‍ കോളേജ് പരിസരത്താണ് കിട്ടാനുള്ള സാധ്യതയുള്ളു. എങ്ങനെയെങ്കിലും അത് ലഭിക്കണം 42 എണ്ണത്തിന് 1500/ രൂപ വില വരും, സാമ്പത്തിക പ്രശ്നങ്ങളും, പോകാനുള്ള ബുദ്ധിമുട്ടിലുമാണ് കുടുംബം സഹായിക്കാന്‍ കഴിയുമോ? എന്നായിരുന്നു ഉള്ളടക്കം.
വിഷമിച്ചു പോയി, സമയം രാത്രി 9:30 മണിയായി ആ സമയത്ത് എന്തു ചെയ്യാന്‍? ഇഖ്ബാല്‍ പറഞ്ഞ കുടുംബത്തിന്റെ എല്ലാ വിവരവും, സാമ്പത്തീക ബുദ്ധിമുട്ടും എനിക്കറിയാം, എങ്ങനെ സഹായിക്കാന്‍ പറ്റും?
മുന്നില്‍ തെളിഞ്ഞ വഴി സര്‍ക്കാര്‍ ജീവനക്കാര്‍ കോട്ടയം ജില്ലാ വാട്സ് അപ്പ് ഗ്രൂപ്പില്‍, പേഷ്യന്റ് ആയ ബേബി ചേട്ടന്റെയും, ഇഖ്ബാലിന്റെയും ഫോണ്‍ നമ്പരുള്പ്പടെ,മെസ്സേജ് പോസ്റ്റുചെയ്യുക എന്നതു മാത്രമാണ്. ആരെങ്കിലും വാങ്ങി എത്തിക്കാന്‍ തയ്യാറാണെങ്കില്‍ അതിനു വേണ്ട പണം ഞങ്ങളുടെ അലിവ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ ഫണ്ടില്‍ നിന്നും നല്‍കാമെന്നും ഉറച്ചു.
രാത്രി 10:30 ആയപ്പോഴേക്കൂ സര്‍ക്കാര്‍ ജീവനക്കാര്‍ W/A കൂട്ടായ്മയില്‍ അംഗമായ കോട്ടയത്തുള്ള ഒരു പോലീസുകാരന് ഇഖ്ബാലിനെ വിളിക്കുകയും, വിശദമായ വിവരങ്ങള്‍ തിരക്കുകയും അദ്ദേഹം നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് Medical collage പരിസരത്ത് പോയി വാങ്ങി അയക്കാം എന്നേല്‍ക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ പേര് *റെസിന്‍ അജയന്*
20 ദിവസത്തേക്കുള്ള മരുന്നിന് നല്ലൊരു തുകയായി അതില്‍ പകുതി മുവാറ്റുപുഴ സ്റ്റേഷനിലെ ഹാരിസ് സാറും നല്കി. ഇന്നുച്ചക്ക് കൊടും ചൂട് വകവയ്ക്കാതെ മരുന്നും വാങ്ങി കോട്ടയം S P യുടെ നിര്‍ദ്ദേശപ്രകാരം ശ്രീ ബിനു ഭാസ്കര്‍ എന്ന പോലീസ് ഉദ്യോഗസ്ഥന് മരുന്നുമായി 65 KM ദൂരം ബൈക്കോടിച്ച് മൂവാറ്റുപുഴയില്‍ നിന്നും 7 KM അപ്പുറത്തുള്ള കടുമ്പിടിയിലുള്ള രോഗിയുടെ വീട്ടിലെത്തുകയും, പോത്താനിക്കാട് സ്റ്റേഷനിലെ ASI ശ്രീ ബിജു K K അവര്‍കള്‍ രോഗിക്കു കൈമാറുകയും ചെയ്തു.
ഈ രോഗിയെയോ, ഞങ്ങളെയോ, ഈ പോലീസുകാര്‍ ഇതിനു മുമ്പ് കണ്ടിട്ടില്ല. അറിയുകയുമില്ല. അവരുടെ ബന്ധുക്കളോ സുഹൃത്തുക്കളോ അല്ല.
യാതൊരു പരിചയവുമില്ലാത്ത ഈ പോലീസുകാര്‍, ഡ്യൂട്ടി കഴിഞ്ഞ് സ്വന്തം കാര്യം നോക്കി വീട്ടില്‍ പോകേണ്ടവര്‍, ഇത്രയേറെ കഷ്ടപ്പെട്ട് സ്വന്തം, പിതാവിന് മരുന്നു വാങ്ങേണ്ട ജാഗ്രതയോട് കൂടി, ഇത്രയേറെ ദൂരം സ്വയം പെട്രോളടിച്ച് ബൈക്കോടിച്ച് വരുന്ന ഇവരല്ലേ … ദൈവപുത്രര്‍ … !
ഇവരെയെങ്ങനെയാണ് അഭിനന്ദിക്കാതിരിക്കുക!
ഇനി ജീവിതത്തിലൊരിക്കലും, ആ രോഗിയെയോ, ഞങ്ങളെയോ അവര്‍ കാണണമെന്നില്ല..
ഞങ്ങളില്‍ നിന്ന് ഒരു നാരങ്ങാവെള്ളം പോലും അവര്‍ വാങ്ങിയില്ല
മറക്കില്ല പ്രിയ *റെസിന്‍ അജയന്സര്, ഹാരിസ് സര്, ബിനു ഭാസ്കര്‍ സര്,*
നിങ്ങള്‍ക്കൊരു Big salute
അല്ല.
കെട്ടിപ്പിടിച്ചൊരു സ്നേഹമുത്തം.
ഒട്ടൊരു സ്നേഹത്തോടെ
അഷറഫ് മാണിക്യം”
Discussion about this post