തിരുവനന്തപുരം; യുഎഇ ഭരണാധികാരികള്‍ പ്രവാസി മലയാളികളെ എക്കാലത്തും ഹൃദയത്തോട് ചേര്‍ത്ത് വച്ചവരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ രോഗകാലത്തും സ്വദേശി-വിദേശി വ്യത്യാസമില്ലാതെ ഇടപെടുന്ന ഭരണാധികാരികളെ പ്രത്യേകം അഭിനന്ദിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് അവലോകന യോഗത്തിന് ശേഷം നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
പ്രവാസികളുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധയോടെ സാധ്യമായ എല്ലാം സര്‍ക്കാര്‍ ചെയ്യുന്നുണ്ട്. യുഎഇയിലെ എല്ലാ എമിറേറ്റുകളിലും ഹെല്‍പ്പ് ഡെസ്‌ക് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഖത്തര്‍, ഒമാന്‍, സൗദി അറേബ്യ, ബഹ്‌റൈന്‍, കുവൈറ്റ് എന്നീ രാജ്യങ്ങളിലും യുകെ, ഇന്‍ഡോനേഷ്യ, ബംഗ്ലാദേശ്, മൊസാമ്പിക്ക് എന്നിവിടങ്ങളിലും നോര്‍ക്ക ഹെല്‍പ്പ് ഡെസ്‌ക് പ്രവര്‍ത്തിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രവാസി മലയാളികളുടെ പ്രശ്‌നങ്ങള്‍ ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തുകയും പരിഹാരം കാണുകയുമാണ് ഈ ഹെല്‍പ്പ് ഡെസ്‌ക്ക് കൊണ്ട് പ്രധാനമായും ഉദ്ദേശിക്കുന്നത്. എല്ലാവരെയും കൂട്ടിയോജിപ്പിച്ചാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. കെഎംസിസി, ഇന്‍കാസ്, കേരള സോഷ്യല്‍ സെന്റര്‍, ഓര്‍മ, മാസ്, ശക്തി തുടങ്ങിയ നിരവധി സംഘടനകളും പ്രാദേശിക കൂട്ടായ്മകളും സന്നദ്ധ പ്രവര്‍ത്തകരും ഒരുമയോടെ ഈ ഉത്തരവാദിത്തം ഏറ്റെടുക്കുകയാണ്.-മുഖ്യമന്ത്രി പറഞ്ഞു.
അതിരാവിലെ മുതല്‍ പാതിരാത്രി വരെ ഫോണ്‍ കോള്‍ വരുന്നതിനാല്‍ ചിലര്‍ക്ക് ലൈന്‍ കിട്ടാതെ വരുന്നതായുള്ള പരാതിയും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ പേരെ ഈ പ്രവര്‍ത്തനത്തില്‍ പങ്കാളികളാക്കാന്‍ ശ്രദ്ധിക്കണം. വിദേശ രാജ്യത്ത് ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് നിരവധി പരിമിതികളുണ്ട്.
ഇന്ത്യയ്ക്കകത്ത് മുംബൈ, ഹൈദരാബാദ്, തെലുങ്കാന, ചെന്നൈ, ഡെല്‍ഹി എന്നിവിടങ്ങളിലും ഹെല്‍പ്പ് ഡെസ്‌ക് സംവിധാനം പ്രവര്‍ത്തിക്കുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
Discussion about this post