കാസർകോട്: കേരളത്തിൽ ഏറ്റവുമധികം കൊവിഡ് രോഗികളുള്ള കാസർകോട് ജില്ലയിൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ കർശ്ശനമാക്കുന്നു. ജില്ലയിലെ ഹോട്സ്പോട്ടുകളായി കണ്ടെത്തിയ പ്രദേശങ്ങളിലാണ് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. തളങ്കര, നെല്ലിക്കുന്ന്, കളനാട്, വിദ്യാനഗർ തുടങ്ങിയ പ്രദേശങ്ങളിലാണ് നടപടി.
ഈ പ്രദേശങ്ങളിൽ ആർക്കും വീടിന് പുറത്തിറങ്ങാൻ അനുവാദമില്ല. ഭക്ഷണസാധനങ്ങൾ വീടുകളിലേക്കെത്തിക്കും. ഇവിടെ ഡ്രോൺ നിരീക്ഷണം ശക്തമാക്കാനും തീരുമാനിച്ചിട്ടുണ്ട്. വീടുകൾ കേന്ദ്രീകരിച്ച് ബൈക്ക് പട്രോളിങും നടത്തും. സ്വന്തമായി ശുചിമുറിയില്ലാത്തവരെ വീടുകളിൽനിന്നും മാറ്റും. രോഗികളെയും 65 വയസ്സിന് മുകളിൽ പ്രായമുള്ളവരെയുമാണു മാറ്റുക.
സംസ്ഥാനത്ത് നിലവിൽ ചികിത്സിയിലുള്ള 238 രോഗികളിൽ 130 പേരും കാസർകോടാണ്. ആശുപത്രികളിലടക്കം ജില്ലയിൽ 10721 പേരാണ് നിരീക്ഷണത്തിലുള്ളത്. 20 പേരാണ് ഇന്നലെ പുതുതായി ആശുപത്രിയിലെത്തിയത്.
Discussion about this post