തിരുവനന്തപുരം: സ്വന്തം നാട്ടിലേയ്ക്ക് തിരികെ എത്താനുള്ള സാഹചര്യം ഒരുക്കുന്നുണ്ടെന്ന സന്ദേശത്തിന് തല്ക്കാലം നാട്ടിലേയ്ക്ക് ഇല്ല, കേരളമാണ് സുരക്ഷിതമെന്ന മറുപടി നല്കി അമേരിക്കന്‍ പൗരന്. കൊവിഡ് 19 വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കേരളത്തില്‍ തന്നെ തുടരുന്നതാണ് സുരക്ഷിതമെന്നും രോഗ വ്യാപനത്തിന്റെ വ്യാപ്തി കുറയുന്ന സാഹചര്യത്തില്‍ മാത്രമേ തിരികെ പോകാന്‍ ആഗ്രഹിക്കുന്നുള്ളൂ എന്നും അദ്ദേഹം അറിയിച്ചു.
കഴിഞ്ഞ ദിവസം മൂന്ന് ബ്രിട്ടീഷ് സ്വദേശികള്‍ കൊവിഡ് 19 സുഖപ്പെട്ട് നാട്ടിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പുകള്‍ നടത്തി വരികയാണ്. എറണാകുളത്തായിരുന്നു ഇവര്‍ക്ക് ചികിത്സ ലഭിച്ചത്. 83-കാരനും 66-കാരിയുമുള്‍പ്പടെ മൂന്നാറില്‍ സന്ദര്‍ശനത്തിനെത്തിയ 19 അംഗ സംഘത്തിലെ ഏഴ് പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നത്. ഇതില്‍ ആറ് പേര് ഹൈറിസ്ക് വിഭാഗത്തില്‍പ്പെട്ടവരായിരുന്നു. വിദേശ പൗരന്മാരെയും രോഗമുക്തി നേടിയത് കേരളത്തിന് തന്നെ അഭിമാനകരമായ മറ്റൊരു നേട്ടം കൂടിയായിരുന്നു.
വിദേശ പൗരന്റെ വാക്കുകള്‍ ഇങ്ങനെ;
‘തിരികെ പോകാനുള്ള മെയില്‍ ലഭിച്ചപ്പോള്‍ ഞാന്‍ ഒരു കാര്യം തീരുമാനിച്ചു, ഇന്ത്യയില്‍, കേരളത്തില്‍ തന്നെ തുടരുന്നതാണ് എന്നെ സംബന്ധിച്ച് സുരക്ഷിതം. ഇവിടെ എനിക്ക് ധാരാളം സുഹൃത്തുക്കളെ ലഭിച്ചു. മുന്നോട്ടുള്ള ഓരോ ചുവടുവയ്പിലും ഞാന്‍ സുരക്ഷിതനായിരിക്കും എന്ന് എനിക്ക് ഉറപ്പുണ്ട്. ഈ പകര്‍ച്ചവ്യാധിയുടെ വ്യാപനം അവസാനിക്കുന്നത് വരെ ഇവിടമാണ് സുരക്ഷിതമെന്ന് ഞാന്‍ കരുതുന്നു. ഇപ്പോഴത്തെ അവസ്ഥയില്‍ എയര്‍പോര്‍ട്ടില്‍ എത്താന്‍ പോലും വളരെയധികം പ്രതിസന്ധികള്‍ നേരിടേണ്ടി വരും. എന്നാല്‍ കേരളത്തിലായത് കൊണ്ട് എനിക്ക് പേടിയോ ആശങ്കയോ അനുഭവപ്പെടുന്നില്ല. ഞാന്‍ ഏറ്റവും സുരക്ഷിതമായ കൈകളിലാണെന്ന് എനിക്കുറപ്പുണ്ട്. എല്ലാവരുടെയും സ്നേഹത്തിനും പിന്തുണയ്ക്കും ഒരുപാട് നന്ദി- നികോ’
Discussion about this post