തിരുവനന്തപുരം: ലോക്ക് ഡൗൺ നിർദേശങ്ങൾ ലംഘിച്ച് അനാവശ്യമായി നിരത്തിലിറങ്ങിയതിന് പോലീസിന്റെ പിടിയിലായ വാഹനങ്ങൾക്ക് തത്കാലം രക്ഷ. പോലീസ് പിടിച്ചെടുത്ത വാഹനങ്ങൾ 15നു മുമ്പ് വിട്ടുനൽകും. വാഹന ഉടമകൾ അടയ്‌ക്കേണ്ട പിഴയും എവിടെ അടയ്ക്കണമെന്നതും നിയമോപദേശം ലഭിച്ചശേഷം തീരുമാനിക്കും. പിടിച്ചെടുത്ത വാഹനങ്ങൾ സൂക്ഷിക്കുന്നത് വലിയ പ്രയാസമുണ്ടാക്കുന്നതിനാലാണ് അവ വിട്ടുനൽകാൻ പോലീസ് തീരുമാനിച്ചത്.
ഇതുവരെ 22,500ലധികം വാഹനങ്ങളാണ് പിടിച്ചെടുത്തത്. ലോക്ക്ഡൗൺ തീരുന്നതുവരെ വാഹനങ്ങൾ പിടിച്ചെടുക്കുന്നത് തുടരുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. പിഴയടച്ച് വാഹനങ്ങൾ വിട്ടുനൽകാൻ പ്രത്യേകം ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തേണ്ടതുണ്ട്. ഇക്കാര്യങ്ങൾ അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശത്തിനു ശേഷം തീരുമാനിക്കും.
അടച്ചിടലിന്റെ ആദ്യഘട്ടങ്ങളിൽ ഐപിസി ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്തായിരുന്നു വാഹനങ്ങൾ പിടിച്ചെടുത്ത് കേസെടുത്തത്. പിന്നീട് പകർച്ചവ്യാധി ഓർഡിനൻസ് വന്നതോടെ ആ നിയമമനുസരിച്ചും കേസെടുത്തു. അതുകൊണ്ടുതന്നെ പിഴയുടെ കാര്യത്തിലും വ്യത്യാസം വരാം. പകർച്ചവ്യാധി നിയമമനുസരിച്ച് പിടിച്ചെടുത്ത വാഹനം വിട്ടുകിട്ടണമെങ്കിൽ 10,000 രൂപയാണ് പിഴ. പിഴയടയ്ക്കാത്തവരുടെ വാഹനം എന്തുചെയ്യണമെന്നതു പിന്നീട് തീരുമാനിക്കും.
Discussion about this post