കല്‍പ്പറ്റ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് പത്ത് ടണ്‍ കപ്പ സംഭാവന നല്കി വയനാട്ടിലെ കര്ഷകന്. കൈയ്യില്‍ പണമില്ലാത്തതിനാലാണ് പുല്പള്ളി ആലത്തൂര്‍ കവളക്കാട്ട് റോയി ആന്റണി കപ്പ സംഭാവന ചെയ്തത്. ദുരിതമനുഭവിക്കുന്നവരെ സഹായിക്കണമെന്ന് ആഗ്രഹമുണ്ട്. എന്നാല്‍ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കാന് കൈയില്‍ കാര്യമായി പണമില്ല. അതിനാലാണ് കപ്പ സംഭാവനയായി നല്‍കിയതെന്ന് റോയി പറയുന്നു.
ലോക്ഡൗണ്‍ വന്നപ്പോള്‍ പ്രതിസന്ധിയായി. എന്നാല്‍ അതിനെക്കാള്‍ വലിയ പ്രതിസന്ധി അനുഭവിക്കുന്നവരെ കഴിയുന്നതു പോലെ സഹായിക്കുകയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നതെന്നും റോയി കൂട്ടിച്ചേര്‍ത്തു. കപ്പ സംഭാവന നല്‍കാനുള്ള ആശയം റോയി കൃഷിമന്ത്രിയെയാണ് അറിയിച്ചത്. സംഭവത്തില്‍ മന്ത്രി അനുകൂല നിലപാട് എടുത്തതോടെ ഹോര്‍ട്ടികോര്‍പ്പ് അധികൃതര്‍ കൃഷിയിടത്തിലെത്തി കപ്പ ശേഖരിച്ചു.
രണ്ടുദിവസം കൊണ്ടാണ് കപ്പ കയറ്റിക്കൊണ്ടുപോയത്. സമൂഹ അടുക്കളകളിലേക്ക് ആവശ്യമായത് എടുത്തതിനുശേഷം ബാക്കിവരുന്നത് ഹോര്‍ട്ടികോര്‍പ്പ് തയ്യാറാക്കുന്ന കിറ്റുകളില്‍ ഉപയോഗിക്കും. കാര്‍ഷിക മേഖലയിലെ ശാസ്ത്രീയമായ ഇടപെടലുകളിലൂടെയും നൂതന ആശയങ്ങളിലൂടെയും ശ്രദ്ധേയനായ റോയി മികച്ച കര്‍ഷകനുള്ള നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്.
Discussion about this post