മൂന്നാർ: ഇടുക്കി കൊട്ടാക്കമ്പൂരിൽ ലോക്ഡൗൺ ഡ്യൂട്ടി ചെയ്യുന്ന പോലീസുകാരും ആരോഗ്യപ്രവർത്തകരും ഉൾപ്പടെയുള്ളവർക്കായി സ്ഥാപിച്ച കുടിവെള്ള സംഭരണിയിൽ സാമൂഹികവിരുദ്ധർ വിഷം കലക്കി. സംഭരണിയിൽനിന്ന് നിലത്തുവീണ വെള്ളം കുടിച്ച് നായ പിടഞ്ഞു ചത്തതോടെയാണ് വിഷം കലക്കിയ വിവരം അറിഞ്ഞത്.
വെള്ളിയാഴ്ച രാവിലെയാണ് സംഭവം. കൊട്ടാക്കമ്പൂരിൽ പ്രവത്തിക്കുന്ന മുരുകമണിയുടെ പലചരക്കുകടയുടെ മുമ്പിലാണ് കുടിവെള്ളസംഭരണി സ്ഥാപിച്ചിരുന്നത്. കടയിലെത്തുന്നവരും ഇതേ സംഭരണിയിൽനിന്നാണ് വെള്ളം കുടിക്കാറുള്ളത്. ഇത്തരത്തിൽ പൊതുജനങ്ങൾ ഉൾപ്പടെയുള്ള നിരവധിപേരാണ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. വെള്ളിയാഴ്ച കട തുറക്കുന്നതിനെത്തിയ മുരുകമണി ഇവിടെനിന്ന് വെള്ളമെടുത്ത് കൈകാലുകൾ കഴുകിയിരുന്നു. കട തുറക്കുന്നസമയത്ത് താഴെവീണ വെള്ളം അവിടെയുണ്ടായിരുന്ന മുരുകമണിയുടെ നായ കുടിച്ചു.
കുറച്ചുസമയത്തിനുശേഷമാണ് നായയുടെ വായിൽനിന്ന് നുരയും പതയും വരുന്നത് ശ്രദ്ധയിൽ പെട്ടത്. ഉടൻ തന്നെ അടുത്തുള്ള മൃഗാശുപത്രിയിൽ എത്തിച്ചെങ്കിലും ചത്തു. സ്ഥലത്തെത്തിയ ആരോഗ്യവകുപ്പുദ്യോഗസ്ഥരും പോലീസും നടത്തിയ പരിശോധനയിൽ, കുടിവെള്ളസംഭരണിയിൽ കറുത്ത നിറത്തിലുള്ള വിഷദ്രാവകം കലർത്തിയതായി കണ്ടെത്തി. മുരുകമണിയോട് ചിലർക്കുള്ള മുൻവൈരാഗ്യമാണ് സംഭവത്തിനു പിന്നിലെന്നാണ് പോലീസ് സംശയിക്കുന്നത്.
Discussion about this post