കണ്ണൂര്‍: കൊവിഡ് 19 വൈറസ് ബാധമൂലം മരിച്ച മാഹി സ്വദേശി മെഹറൂഫിന് വൈറസ് ബാധയുണ്ടായത് ഐസിയുവില്‍ നിന്നല്ലെന്ന് ആശുപത്രി അധികൃതര്‍. നേരത്തേ ഇയാള്‍ക്ക് വൈറസ് ബാധയുണ്ടായത് ആശുപത്രിയിലെ ഐസിയുവില്‍ ഉണ്ടായിരുന്ന മറ്റൊരു കൊവിഡ് രോഗിയില്‍ നിന്നാണെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
ഇതേതുടര്‍ന്നാണ് മെഹറൂഫിന് രോഗം പകര്‍ന്നത് ആശുപത്രിയില്‍ വെച്ചല്ലെന്നും കൊറോണ ബാധിതനായ ചെറുവാഞ്ചേരിക്കാരനും മെഹറൂഫും പ്രത്യേക ഐസിയുകളിലായിരുന്നുവെന്നാണ് ആസ്റ്റര്‍ മിംസ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയത്. ചെറുവാഞ്ചേരിക്കാരനായ വൈറസ് ബാധിതന് ഏപ്രില്‍ രണ്ട്, മൂന്ന് തീയ്യതികളില്‍ കണ്ണൂരിലെ ആസ്റ്റര്‍ മിംസില്‍ ചികിത്സയിലുണ്ടായിരുന്നു. ഇതേ സമയം മരിച്ച മാഹി സ്വദേശിയും ഈ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നു. ഇരുവരുടെയും റൂട്ട് മാപ്പുകളില്‍ നിന്നാണ് ഈ വിവരം പുറത്തുവന്നത്. ഇതോടെയാണ് മാഹി സ്വദേശിക്ക് വൈറസ് ബാധയുണ്ടായത് ആശുപത്രിയില്‍ വെച്ചാണെന്ന വാര്‍ത്തകള്‍ പുറത്തുവന്നത്.
അതേസമയം മെഹറൂഫിന് വൈറസ് ബാധയുണ്ടായതിന്റെ ഉറവിടം സ്ഥിരീകരിക്കാനായില്ലെന്നാണ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വ്യക്തമാക്കിയത്. സ്വകാര്യ ആശുപത്രിയിലെ എല്ലാവരുടെയും സാമ്പിളുകള്‍ പരിശോധനയ്ക്ക് അയയ്ക്കുമെന്നും ഇയാള്‍ക്ക് വൈറസ് ബാധയുണ്ടായത് ആശുപത്രിയില്‍ നിന്നാണോ എന്ന കാര്യം ഇപ്പോള്‍ പറയാനാകില്ലെന്നുമാണ് ഡിഎംഒ അറിയിച്ചത്.
Discussion about this post