കണ്ണൂര്‍: കൊറോണ ബാധിച്ച് പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയവെ മരിച്ച മാഹി സ്വദേശി മഹറൂഫിന് വൈറസ് പകര്‍ന്നത് സ്വകാര്യ ആശുപത്രിയില്‍ വച്ചെന്ന് നിഗമനം. മഹറൂഫ് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയ്ക്കെത്തിയപ്പോള്‍ ചെറുവാഞ്ചേരിക്കാരനായ 81 കാരനില്‍ നിന്നാണ് അദ്ദേഹത്തിന് കൊറോണ പകര്‍ന്നിട്ടുണ്ടാവുക എന്നാണ് സംശയിക്കുന്നത്.
മാര്‍ച്ച് 31 ന് വൈകീട്ട് നാലുമുതല്‍ മഹറൂഫ് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുകയാണ്. കൊറോണ ബാധിതനായ ചെറുവാഞ്ചേരിക്കാരനും ഈ ആശുപത്രിയിലുണ്ടായിരുന്നു. ഇരുവരും ഒരേ ദിവസങ്ങളിലാണ് ആശുപത്രിയിലെ ഐസിയുവില്‍ ഉണ്ടായിരുന്നത്. ഏപ്രില്‍ മാസം രണ്ടാം തീയതിയും മൂന്നാം തീയതിയുമാണ് മഹറൂഫും ചെറുവാഞ്ചേരിക്കാരനും ഒരേ ആശുപത്രിയില്‍ ഉണ്ടായിരുന്നത്.
എന്നാല്‍ പിന്നീട് ചെറുവാഞ്ചേരിക്കാരനെ കണ്ണൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. മൂന്നാംതീയതി ഇയാളുടെ സ്രവപരിശോധന നടത്തി. അഞ്ചാം തീയതിയാണ് അദ്ദേഹത്തിന് കൊറോണ സ്ഥിരീകരിച്ചുകൊണ്ടുള്ള പരിശോധനാഫലം പുറത്തുവന്നത്. അദ്ദേഹത്തിന്റെ 8 ബന്ധുക്കളിലേക്കും രോഗം പകര്‍ന്നിട്ടുണ്ട്.
എന്നാല്‍ മഹറൂഫിന് ഈ ആശുപത്രിയില്‍ വെച്ച് രോഗം പകരാന്‍ സാധ്യതയില്ലെന്നാണ് സ്വകാര്യ ആശുപത്രി അധികൃതര്‍ പറയുന്നത്. മാത്രമല്ല, ഇരുവരും രണ്ട് ഐസിയുവിലാണ് കിടന്നതെന്നും അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ മഹറൂഫിന് രോഗപ്പകര്‍ച്ചയ്ക്ക് ഏറ്റവും സാധ്യത സ്വകാര്യ ആശുപത്രിയില്‍ വെച്ചാകാമെന്നാണ് ആരോഗ്യപ്രവര്‍ത്തകരുടെ നിഗമനം.
കാരണം വിദേശയാത്രയോ, മറ്റ് ട്രാവല്‍ ഹിസ്റ്ററിയോ ഒന്നും മഹ്റൂഫിനുണ്ടായിരുന്നില്ലെന്നും ആരോഗ്യപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. മഹറൂഫുമായി സമ്പര്‍ക്കമുണ്ടെന്ന് കരുതുന്ന നിരവധി പേരെ പരിശോധനയ്ക്ക് വിധേയരാക്കിയെങ്കിലും ഫലം നെഗറ്റീവാണ്.
അതേസമയം, മഹറൂഫിന് രോഗം പകര്‍ന്നത് സ്വകാര്യ ആശുപത്രിയില്‍ വെച്ചാണെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് കണ്ണൂര്‍ ഡിഎംഒ നാരായണ്‍ നായിക് പറഞ്ഞു. ഔദ്യോഗികമായി ഒരു സ്ഥിരീകരണവും തനിക്ക് ലഭിച്ചിട്ടില്ലെന്നും ഇതുസംബന്ധിച്ച അന്വേഷണം തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post