തിരുവനന്തപുരം: കൊവിഡ് 19 വൈറസ് ബാധമൂലം മരിച്ച മാഹി സ്വദേശി മഹറൂഫിന്റെ ജീവന്‍ രക്ഷിക്കാന്‍ പരമാവധി ശ്രമിച്ചിരുന്നുവെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍. മഹറൂഫിന് വൈറസ് ബാധ കണ്ടെത്തുമ്പോള്‍ തന്നെ അയാള്‍ ശാരീരികമായി തീര്‍ത്തും അവശനായിരുന്നു.
ഏപ്രില്‍ 1 ആസ്റ്റര്‍ മിംസ്സില്‍ വെച്ച് സാമ്പിള്‍ എടുത്തു പരിശോധിച്ചപ്പോഴാണ് ഇയാള്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചത്. അതേസമയം ഇയാളുടെ കുടുംബാംഗങ്ങള്‍ക്ക് നെഗറ്റീവ് ആയത് വലിയ ആശ്വാസമാണെന്നും ഇയാളുടെ സമ്പര്‍ക്ക പട്ടിക മുഴുവനായും കണ്ടെത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ചാണ് ഇയാള്‍ മരിച്ചത്. വൈറസ് ബാധയ്ക്ക് പുറമെ ഇയാള്‍ക്ക് വൃക്കരോഗവും ഹൃദ്രോഗവും ഉണ്ടായിരുന്നു. അതേസമയം ഇയാള്‍ക്ക് എവിടെ നിന്നാണ് വൈറസ് ബാധയുണ്ടായത് എന്ന കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണം ഉണ്ടായിട്ടില്ല. അതേസമയം മരിച്ച മഹറൂഫ് ഒരുപാട് പേരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇയാള്‍ പള്ളിയില്‍ പോകുകയും മകന്റെ കൂടെ പെണ്ണുകാണല്‍ ചടങ്ങിന് പോകുകയും ചെയ്തിരുന്നു. ഇതിനുപുറമെ ഇയാള്‍ ന്യൂ മാഹി, പന്ന്യന്നൂര്‍, ചൊക്ലി എന്നീ പഞ്ചായത്തുകളിലേക്ക് യാത്ര നടത്തിയതായും വിവാഹത്തിലുള്‍പ്പെടെ പങ്കെടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്.