ന്യൂഡല്‍ഹി: കോവിഡ്-19 വൈറസിനെതിരെയുള്ള പോരാട്ടത്തില്‍ കേരളത്തിലെ ഇടതുസര്‍ക്കാര്‍ സ്വീകരിച്ച പ്രതിരോധ നടപടികളെ വാനോളം പുകഴ്ത്തി അമേരിക്കയിലെ പ്രമുഖ മാധ്യമം വാഷിങ്ടണ്‍ പോസ്റ്റ്. കോവിഡിനെതിരെ കേരളം കൈക്കൊണ്ട കരുത്തുറ്റ തീരുമാനങ്ങളെയും മുന്‍കരുതലുകളെയും ചികിത്സാസജ്ജീകരണങ്ങളെയുമൊക്കെയാണ് വാഷിങ്ടണ്‍ പോസ്റ്റ് പ്രകീര്‍ത്തിച്ചത്.
രോഗബാധ തടയാന്‍ കൈക്കൊണ്ട നടപടികള്‍, രോഗബാധ സംശയിക്കുന്നവരെ ഉടനടി ക്വാറന്റൈനില്‍ പാര്‍പ്പിക്കല്‍, സമ്പര്‍ക്ക പട്ടിക തയ്യാറാക്കല്‍, മികച്ച ചികില്‍സാ സൗകര്യം ഒരുക്കല്‍ തുടങ്ങി കേരളത്തിലെ ഇടതുസര്‍ക്കാരിന്റെ നടപടികളെ വാഷിങ്ടണ്‍ പോസ്റ്റ് പുകഴ്ത്തുന്നു.
സംസ്ഥാനത്ത് കുടിയേറ്റതൊഴിലാളികള്‍ക്ക് താമസസൗകര്യമൊരുക്കിയതും സൗജന്യഭക്ഷണം വിതരണം ചെയ്യുന്നതുമടക്കമുള്ള വിവരങ്ങളും വാര്‍ത്തയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. രാജ്യത്ത് കോവിഡ് റിപ്പോര്‍ട്ട് ചെയ്ത ആദ്യസംസ്ഥാനമായിരുന്നു കേരളം. കേരളത്തിന്റെ മികച്ച പ്രവര്‍ത്തനങ്ങളിലൂടെ കേസുകളുടെ എണ്ണം കുറച്ചു.
കേരളത്തില്‍ ഏപ്രില്‍ ആദ്യവാരമായപ്പോഴേക്കും പുതിയ കേസുകളുടെ എണ്ണം 30 ശതമാനമായി കുറയ്ക്കാനും 34 ശതമാനം പേര്‍ക്ക് രോഗമുക്തി നേടിക്കൊടുക്കാനും സംസ്ഥാനത്തിന്റെ മികച്ച പ്രവര്‍ത്തനങ്ങളിലൂടെ സാധിച്ചെന്ന് വാഷിങ് ടണ്‍ പോസ്റ്റ് വാര്‍ത്തയില്‍ വ്യക്തമാക്കുന്നു. ജനങ്ങളോടുള്ള സര്‍ക്കാരിന്റെ കരുതലും ജാഗ്രതയും തികച്ചും മാതൃകാപരമാണെന്നും വാര്‍ത്തയില്‍ ചൂണ്ടിക്കാട്ടുന്നു.
Discussion about this post