കൊച്ചി: ലോക്ക് ഡൗണില്‍ ജനങ്ങള്‍ക്ക് ഭക്ഷണമെത്തിച്ചുനല്കുന്നതിനായി എറണാകുളത്ത് സിനിമാ പ്രവര്‍ത്തകര്‍ ചേര്‍ന്നുനടത്തുന്ന ‘കോവിഡ് അടുക്കള’ ഓരോ ദിനം ചെല്ലുന്തോറും ഹിറ്റില്‍നിന്ന് സൂപ്പര്‍ ഹിറ്റിലേക്കു കുതിക്കുകയാണ്. കോവിഡ് അടുക്കളയില്‍ പങ്കാളികളായി എത്തിയതായിരുന്നു കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയും.
ഭക്ഷണപ്പൊതികള്‍ പാക്ക് ചെയ്യുമ്പോഴും പ്രിയയുടെ ജന്മദിനത്തില് എന്ത് സമ്മാനം നല്‍കുമെന്ന ചിന്തയിലായിരുന്നു ചാക്കോച്ചന്. ”ഇതിലും വലിയൊരു ജന്മദിന സമ്മാനം എനിക്ക് ലഭിക്കാനില്ല…”-ലോക്ഡൗണില്‍ കുരുങ്ങി വിശന്നു വലഞ്ഞിരിക്കുന്ന ആയിരങ്ങള്‍ക്കു അന്നമേകാന്‍ ഓരോ പൊതിച്ചോറും കെട്ടുമ്പോള്‍ പ്രിയ ചാക്കോച്ചനോടായി പറഞ്ഞു.
ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിന്റെ അടുത്തദിവസം 100 പേര്‍ക്കു ഭക്ഷണം നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് നിര്‍മാതാക്കളായ മഹാ സുബൈറും ആന്റോ ജോസഫും ആഷിഖ് ഉസ്മാനും ഇച്ചായീസ് മനുവും പ്രൊഡക്ഷന്‍ കണ്ട്രോളര് ബാദുഷയും നടന് ജോജു ജോര്‍ജും ചേര്‍ന്ന് കോവിഡ് അടുക്കള തുടങ്ങിയത്. എന്നാല്‍ കിച്ചണില്‍നിന്ന് ഇപ്പോള്‍ വിതരണംചെയ്യുന്നത് 4000-ത്തോളം പേര്‍ക്കുള്ള ഭക്ഷണമാണ്. കോവിഡ് കിച്ചണില്‍ ഭക്ഷണം ഒരുക്കാന്‍ സഹായിക്കാനായാണ് കുഞ്ചാക്കോ ബോബനും പ്രിയയും എത്തിയത്.
”നമ്മുടെ നാട് വലിയൊരു പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ലോക്ഡൗണില്‍ കുടുങ്ങി എത്രയോ പേരാണ് ഭക്ഷണംകിട്ടാതെ നാട്ടില്‍ പട്ടിണി കിടക്കുന്നത്. ഈ സമയത്ത് നാടിന് തങ്ങളാല്‍ കഴിയാവുന്ന സഹായം ചെയ്യാനായിട്ടാണ് കോവിഡ് കിച്ചണിലേക്ക് വന്നത്. ജന്മദിനത്തില് മറ്റു സമ്മാനമൊന്നും വേണ്ടെന്നും കോവിഡ് കിച്ചണില്‍ പോയി അല്പനേരമെങ്കിലും സഹായിക്കാമെന്നും പ്രിയ തന്നെയാണ് എന്നോടു പറഞ്ഞത്- കുഞ്ചാക്കോ ബോബന് പറഞ്ഞു.
സുബൈറിന്റെ സഹോദരന് ബഷീറിന്റെ കാറ്ററിങ് യൂണിറ്റിന്റെ സഹായത്തോടെയാണ് കോവിഡ് അടുക്കളയില്‍ ഭക്ഷണം പാചകം ചെയ്യുന്നത്. സുബൈറിന്റെ വീട്ടുമുറ്റത്താണ് പാചകവും പൊതികെട്ടലുമെല്ലാം. സുബൈറും സംഘവും തുടങ്ങിയ പദ്ധതിയിലേക്ക് പിന്നീട് താരങ്ങളും എത്താന്‍ തുടങ്ങി. നടന്മാരായ ആസിഫ് അലി, രമേഷ് പിഷാരടി, ധര്മജന് ബോള്‍ഗാട്ടി, സുരേഷ് കൃഷ്ണ, സാദിഖ് തുടങ്ങിയവരൊക്കെ കിച്ചണിലെത്തി സഹായിച്ചിരുന്നു. വളരെപ്പെട്ടെന്നാണ് കോവിഡ് അടുക്കള ഹിറ്റായത്.
Discussion about this post