തിരുവനന്തപുരം: സംസ്ഥാനത്ത് നിര്‍ത്തിവച്ച എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ ലോക്ക് ഡൗണ്‍ കഴിഞ്ഞാലുടന്‍ നടത്തില്ലെന്ന് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ്. ലോക്ക് ഡൗണ്‍ അവസാനിച്ചതിന് ശേഷം സാമൂഹിക അകലം പാലിക്കേണ്ട ഘട്ടം അവസാനിക്കുന്ന സന്ദര്‍ഭത്തില്‍ പരീക്ഷകള്‍ നടത്തുമെന്നും ഓണ്‍ലൈന്‍ പരീക്ഷ നടത്തേണ്ട ഘട്ടത്തിലേക്ക് സംസ്ഥാനം പോയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
നടക്കാനുള്ള പരീക്ഷകള്‍ക്ക് പഠിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് ആവശ്യത്തിന് സമയം കൊടുത്തുകൊണ്ടായിരിക്കും പരീക്ഷാ തിയതി പ്രഖ്യാപിക്കുക. നടക്കാനുള്ള പരീക്ഷകളുടെ ക്രമം പുനഃക്രമീകരിക്കേണ്ടതുണ്ടോ എന്ന് പരിശോധിച്ച് നടപടി സ്വീകരിക്കും. പ്ലസ് വണ്‍, പ്ലസ് ടു പരീക്ഷകള്‍ക്ക് ശേഷമുള്ള ഇംപ്രൂവ്മെന്റ്, സേ തുടര്‍ പരീക്ഷകളും ദിവസങ്ങള്‍ ക്രമീകരിച്ച് നടത്തുമെന്നും മന്ത്രി അറിയിച്ചു.
നിയന്ത്രണങ്ങള്‍ കടുപ്പിക്കേണ്ട ഘട്ടത്തില്‍ മാത്രമേ ഓണ്‍ലൈന്‍ പരീക്ഷ നടത്തുന്നതിനെപ്പറ്റി തീരുമാനമെടുക്കൂ. ഓണ്‍ലൈന്‍ പരീക്ഷ നടത്താനാവശ്യമായ സംവിധാനങ്ങളെല്ലാം സജ്ജമാണെങ്കിലും ഈ ഘട്ടത്തില്‍ ഓണ്‍ലൈന്‍ പരീക്ഷ നടത്തേണ്ടതില്ല എന്ന് തീരുമാനിച്ചെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കൂടാതെ, ജൂണ്‍ ഒന്നിന് തന്നെ സ്‌കൂളുകള്‍ തുറക്കുന്ന കാര്യം ഇപ്പോള്‍ പറയാനാകില്ലെന്നും എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകളും മൂല്യനിര്‍ണയവും പൂര്‍ത്തീകരിക്കാനാണ് ശ്രമിക്കുന്നതെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ജീവന്‍ ബാബു അറിയിച്ചു. പരീക്ഷകളും മൂല്യനിര്‍ണയവും ഓണ്‍ലൈനായി പൂര്‍ത്തിയാക്കാന്‍ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പറഞ്ഞു.
എസ്എസ്എല്‍സി മാത്രം ഒന്‍പത് വിഷയങ്ങളിലായി നാല്‍പത് ലക്ഷം പേപ്പറുകളുണ്ട്. എഴുതിയ അധിക പേപ്പറുകള്‍ അടക്കം ഇത് കോടികള്‍ വരും. ഇത്രയും സ്‌കാന്‍ ചെയ്ത് ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് കൊണ്ടുവരിക ഏറെ പ്രയാസകരമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ലോക്ക് ഡൗണില്‍ ഇളവ് ലഭിച്ചാല്‍ എങ്ങനെ പരീക്ഷകളും മൂല്യനിര്‍ണയവും നടത്താനാവുമെന്നതുസംബന്ധിച്ച ചില നിര്‍ദേശങ്ങള്‍ വിദ്യാഭ്യാസ വകുപ്പ് സര്‍ക്കാരിന് നല്‍കിയിട്ടുണ്ട്. ലോക്ക് ഡൗണ്‍ തീരുന്നതിനുസരിച്ച് മാത്രം അന്തിമ തീരുമാനമെടുത്താല്‍ മതിയെന്നാണ് സര്‍ക്കാരില്‍ നിന്ന് ലഭിച്ച നിര്‍ദേശമെന്നും അദ്ദേഹം പറഞ്ഞു.