തൃശ്ശൂർ: യൂത്ത് കോൺഗ്രസ്-കോൺഗ്രസ് നേതൃത്വത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ സോഷ്യൽമീഡിയയിൽ നടക്കുന്ന ജാതീയമായ പ്രചാരണങ്ങൾക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനെ മുഖ്യമന്ത്രി വിമർശിച്ചതിന്റെ പേരിലാണ് യൂത്ത് കോൺഗ്രസ് ഭാരവാഹി ഷഹ്നാസ് പാലക്കൽ മുഖ്യമന്ത്രിക്കെതിരെ ജാതീയാധിക്ഷേപം നടത്തിയത്. ഇത് ഏറ്റെടുത്ത മറ്റ് അണികളും മുഖ്യമന്ത്രിയെ വ്യക്തിപരമായി അധിക്ഷേപിച്ച് രംഗത്തെത്തുകയായിരുന്നു. പാരമ്പര്യവും തറവാടിത്തവും ജന്മപുണ്യമാണെന്നും അന്തസും അത്മാർത്ഥയും കർമ്മഫലമാണെന്നും മുല്ലപ്പള്ളിയുടെ സിരകളിലെ രക്തത്തിന് പറയാനുള്ളത് കള്ളിന്റെയും ചെത്തിന്റെയും ചരിത്രമല്ലെന്നും സ്വാതന്ത്ര്യ പേരാട്ടത്തിന്റെ ചരിത്രമാണെന്നും മുഖ്യമന്ത്രിയെയും ഒരു സമുദായത്തെ ഒന്നടങ്കം തന്നെയും ജാതീയമായി അധിക്ഷേപിച്ചുകൊണ്ടുള്ള പോസ്റ്റിൽ യൂത്ത് കോൺഗ്രസ് നേതാവ് പറഞ്ഞിരുന്നു.
എന്നാൽ ഈ നേതാക്കളുടെയെല്ലാം വായടപ്പിക്കുന്ന മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് സോഷ്യൽ മീഡിയ. എല്ലാ പ്രിവിലേജുകൾക്കിടയിലും ജനിച്ച് 100 ശതമാനം പ്രധാനമന്ത്രിയാകുമെന്ന് ഉറപ്പിച്ച് വളർത്തി കൊണ്ടുവന്നിട്ടും നിരവധി അവസരങ്ങൾ നൽകിയിട്ടും തോറ്റമ്പിയ രാഹുൽ ഗാന്ധിയല്ലേ നിങ്ങളുടെ നേതാവെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ അസീബ് പുത്തലത്ത് ചോദിക്കുന്നു. കുഗ്രാമത്തിൽ രോഗങ്ങൾക്കും പട്ടിണിക്കും ഇടയിൽ ജീവിച്ചിരിക്കുമോ എന്ന് തന്നെ ഉറപ്പില്ലാതെ ജനിച്ച് വളർന്ന് പോരാട്ടം തന്നെ നടത്തി പഠനം പൂർത്തീകരിച്ച് നേതൃത്വ പാടവം കൊണ്ട് വളർന്ന് വന്ന് ഇന്ന് മുഖ്യമന്ത്രിയായ വ്യക്തിയാണ് പിണറായി വിജയനെന്ന് അസീബ് ചൂണ്ടിക്കാണിക്കുന്നു.
മരാഹുലിന് ഈ ചെത്തുകാരൻ കോരന്റെ മോന്റെ പതിനായിരത്തിലൊന്ന് പോരാട്ടവീര്യമുണ്ടായിരുന്നെങ്കിൽ, പൊളിറ്റിക്കൽ സ്റ്റഫുണ്ടായിരുന്നെങ്കിൽ ഇന്നിങ്ങനെ പട്ടി ചന്തക്ക് പോയ പോലെ ആവേണ്ടി വരികയില്ലായിരുന്നെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ അസീബ് ചൂണ്ടിക്കാണിക്കുന്നു. നേതാക്കൾ ജനിച്ച കുടുംബത്തിന്റെ കൊണത്തിൽ മാത്രം ഊറ്റം കൊള്ളാൻ വിധിക്കപ്പെട്ട, എതിർ നിൽക്കുന്നവരുടെ പിന്നാക്കാവസ്ഥകളെ പരിഹസിച്ച്, ജാതീയമായധിക്ഷേപിക്കുന്നവരാണ് കോൺഗ്രസുകാരെന്നും അദ്ദേഹം വിമർശിക്കുന്നു.
അസീബ് പുത്തലത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:
1970 ൽ ഇന്ത്യയിലേറ്റവും പ്രിവിലേജഡായ കുടുംബത്തിൽ, ഒരു പ്രധാനമന്ത്രിയുടെ ഗ്രേറ്റ് ഗ്രാൻഡ്സൺ ആയി, ഒരു പ്രധാനമന്ത്രിയുടെ കൊച്ചുമകനായി, മറ്റൊരു പ്രധാനമന്ത്രിയുടെ മകനായി, അയാൾ പറഞ്ഞപോലെ ദത്താത്രേയബ്രാഹ്മിണായി ജനിക്കുമ്പോ തന്നെ പുള്ളിക്ക് ഇന്ത്യൻ പ്രധാനമന്ത്രിയാവാനുള്ളതിന് കോൺഗ്രസിന്റെ രാഷ്ട്രീയസമവാക്യങ്ങൾ പ്രകാരം സാധ്യത 100% ആയിരുന്നു.
തുടർന്ന് ഡെൽഹി സെന്റ് സ്റ്റീഫൻസിലും ഡറാഡൂണിൽ ഡൂൺ സ്കൂളിലും പ്രാഥമികവിദ്യാഭ്യാസം പൂർത്തിയാക്കി, ഹാർവാഡ്, റോളിൻസ്, ട്രിനിറ്റി കോളേജ് തുടങ്ങി ലോകത്തേറ്റവും നിലവാരമുള്ളിടങ്ങളിൽ ബിരുദവും ബിരുദാനന്തരബിരുദവും എടുത്ത് വന്ന്, 2004 ൽ സ്വന്തം കുടുംബം ലക്ഷങ്ങളുടെ ഭൂരിപക്ഷത്തിൽ കൈവശം വച്ചനുഭവിച്ച് പോരുന്ന അമേത്തിയിൽ നിന്ന് ജയിക്കുമ്പോഴും അങ്ങേര് പ്രധാനമന്ത്രിയാവാനുള്ള സാധ്യതക്ക് ഒരു പോറലുപോലും ഏറ്റിട്ടില്ല.
നെഹ്രു കുടുംബത്തിന് വെല്ലുവിളിയാകുന്ന ഒരുപാട് നേതാക്കളെ വെട്ടി ഒതുക്കിയ കോൺഗ്രസ് പാർട്ടിയുടെ കടിഞ്ഞാണേറ്റെടുത്ത ശേഷം 2014ൽ ഭരണം ബിജെപിക്ക് കൊടുത്ത്, അതിന് തുടർഭരണവും കൊടുത്ത്, കുടുംബസീറ്റിൽ 55000 വോട്ടിന് തോറ്റ്, കൈപ്പത്തി ചിഹ്നത്തിലേത് കോലത്തിനെ നിർത്തിയാലും ജയിക്കുന്ന വയനാട്ടിൽ നിന്ന് എം പിയായി, വല്ലപ്പോഴും മാത്രം സഭയിലെത്തുന്ന, 100 ശതമാനം സാധ്യതയുള്ളിടത്ത് നിന്ന് തുടങ്ങി ഒന്നുമല്ലാതായിപ്പോയ, ആൺനേതാവിന് പെൺനേതാവിൽ ജനിച്ച്, ഡിഫോൾട്ടായി പ്രധാനമന്ത്രിയാക്കാനിരുന്ന്, മൂക്കുംവരെ കാത്തിരുന്ന് അണികൾ ജയ് വിളിച്ച് വളർത്തി വലുതാക്കി, പിന്നെയും പിന്നെയും അവസരം കൊടുത്ത് തോറ്റമ്പിയയാളാണ് രാഹുൽഗാന്ധി. അയാളാണ് കോൺഗ്രസുകാരേ, നിങ്ങളുടെ നേതാവ്.
ഇനി ഇയാൾക്ക് 26 കൊല്ലത്തിനപ്പുറം, സ്വാതന്ത്ര്യം കിട്ടുന്നതിന്റെ മൂന്ന് കൊല്ലം മുന്നേ ചെത്തുകാരൻ തീയൻ കോരന്റെ പെണ്ണുമ്പിള്ള പതിനാലാമതായി പെറ്റിട്ടയാളാണ് വിജയൻ. മുൻപ് കല്യാണി പെറ്റതിൽ പതിനൊന്ന് പേരും പരുന്തുംകാലേൽ പോയപ്പോ വെള്ളം തോർന്ന് കിട്ടിയ മൂന്ന് പേരിൽ ഏറ്റോം ഇളയവൻ. എന്ന് പറഞ്ഞാ, അയാൾ ജനിച്ച ചുറ്റുപാടിൽ ശരീരം നിവർന്ന് രണ്ട് കാലേൽ നിൽക്കാനുണ്ടായിരുന്ന സാധ്യത 3/14 അഥവാ 21%.
നാലിലൊന്ന് പോലും സർവൈവൽ സാധ്യതയില്ലാതെ കണ്ണൂരിലെ കുഗ്രാമത്തിലത്രയും പിന്നാക്ക കുടുംബത്തിൽ ജനിച്ച്, അരപ്പട്ടിണിയേം അക്കാലത്ത് വന്നാൽ 50% മരണമുറപ്പുള്ള വസൂരിയേം ജയിച്ച്, നെയ്ത്തുശാലയിലും ബീഡിതെറുക്കാനും പണിക്ക് പോയി, ശാരദവിലാസം സ്കൂളിൽ പഠിച്ച്, ബ്രണ്ണൻ കോളേജിൽ നിന്ന് അക്കാലഘട്ടത്തിൽ സാമ്പത്തികശാസ്ത്രത്തിൽ പഠനം പൂർത്തിയാക്കാൻ അയാൾക്കുണ്ടായിരുന്ന ചാൻസ് പിന്നെയും കുറയും. അപ്രോക്സിമേറ്റ്ലി ഒന്നോ രണ്ടോ ശതമാനം.
എണ്ണം പറഞ്ഞ പാർട്ടിക്കുടുംബങ്ങളും നേതാക്കളും കഴിവുള്ള ചെറുപ്പക്കാരും കോമ്പീറ്റ് ചെയ്യുന്ന കണ്ണൂര് പോലൊരിടത്ത്, ഗോഡ്ഫാദറോ പാരമ്പര്യമോയില്ലാതെ 1970ൽ അത്ര ചുവപ്പല്ലാത്ത കൂത്തുപറമ്പിൽ നിയമസഭ കാൻഡിഡേറ്റാവാനും എതിരാളികളുടെ സിറ്റിംഗ് സീറ്റ് പിടിച്ച്, ഭൂരിപക്ഷം ഓരോ വട്ടവും ഇരട്ടിപ്പിച്ച്, മന്ത്രിയായി, പാർട്ടി സെക്രട്ടറിയായി, അഞ്ചാണ്ട് കൂടുമ്പോ മാറി മാറി ഭരിക്കുന്ന മുന്നണിയിൽ നിന്ന് കേരളത്തിന്റെ മുഖ്യമന്ത്രിയായി ഇന്നിപ്പോ നിൽക്കുന്നിടത്ത് എത്തിപ്പെടാനുള്ള ആ പോസിബിളിറ്റിയെ അളക്കാൻ മാത്തമാറ്റിക്കൽ ടൂളുകൊണ്ടാവില്ല. ഇനി അളന്നാൽ അതിന് പൂജ്യം കഴിഞ്ഞുള്ള ദശാംശത്തിന് ശേഷം ഒരുപാട് പൂജ്യങ്ങളിടേണ്ടിവരും. അങ്ങനെയൊരാളാണിന്ന് കേരളത്തിന്റെ ഭരണനേതൃത്വത്തിൽ അനിഷേധ്യനായി ചിരിച്ചിരിക്കുന്നത്. അതാണങ്ങേരുടെ ജനുസ്, വെട്ടിയിട്ടാലും മുറിക്കൂടുന്ന മനസ്, ഉൾക്കരുത്ത്.
മുകളിൽ പറഞ്ഞയാൾക്ക് ഈ ചെത്തുകാരൻ കോരന്റെ മോന്റെ പതിനായിരത്തിലൊന്ന് പോരാട്ടവീര്യമുണ്ടായിരുന്നെങ്കിൽ, പൊളിറ്റിക്കൽ സ്റ്റഫുണ്ടായിരുന്നെങ്കിൽ ഇന്നിങ്ങനെ പട്ടി ചന്തക്ക് പോയ പോലെ ആവേണ്ടി വരികയില്ലായിരുന്നെന്ന്. നേതാക്കൾ ജനിച്ച കുടുംബത്തിന്റെ കൊണത്തിൽ മാത്രം ഊറ്റം കൊള്ളാൻ വിധിക്കപ്പെട്ട, എതിർ നിൽക്കുന്നവരുടെ പിന്നാക്കാവസ്ഥകളെ പരിഹസിച്ച്, ജാതീയമായധിക്ഷേപിക്കുന്ന കോൺഗ്രസുകാർക്ക് ഇതിനേക്കാൾ ക്ലിയറായി ഇത് പറഞ്ഞ് കൊടുക്കുന്നതെങ്ങനെയന്ന് കോരന്റെ മകന്റെ രാഷ്ട്രീയത്തിലും പാടവത്തിലും ആശയാദർശത്തിലും വിശ്വസിച്ച് , അതിൽ അഭിമാനിക്കുന്ന ഒരാൾക്ക് അറിയാത്തോണ്ടാണ്.
Discussion about this post