വെഞ്ഞാറമൂട്: പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തത്തിന് ഇന്ന് നാല് വയസ്സ്. തന്നെ അടക്കിയ കുഴിമാടത്തിന് മുന്നില്‍ നിന്നും ആ ദുരന്തത്തിന്റെ നടുക്കുന്ന ഓര്‍മ്മകളിലേക്ക് വഴുതി വീഴുകയാണ് പ്രമോദ് എന്ന മുപ്പത്തിനാലുകാരന്‍. പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടത്തില്‍ മരിച്ച മറ്റൊരാളെ വെള്ളാണിക്കല്‍ മാംമുട് വീട്ടില്‍ പ്രമോദാണെന്ന് കരുതി സംസ്‌കരിക്കുകയായിരുന്നു.
ആളുമാറി തന്നെ സംസ്‌കരിച്ച ആ കുഴിമാടത്തിന് മുന്നില്‍ പലപ്പോഴും പ്രമോദ് എത്താറുണ്ട്. ദുരന്തത്തിന്റെ വിചിത്ര ഓര്‍മ്മകള്‍ പേറിയാണ് ഇന്നും പ്രമോദിന്റെ ജീവിതം. 2016 ഏപ്രില്‍ 10-നായിരുന്നു നാടിനെ ഒന്നടങ്കം നടുക്കിയ ആ വെടിക്കെട്ടപകടം. പ്രമോദിന്റെ വീടിനടുത്തായിരുന്നു വെടിക്കെട്ടിനായി കരിമരുന്ന് ഒരുക്കിയ കെട്ടിടം.
അപകട വാര്‍ത്തയറിഞ്ഞ ബന്ധുക്കള്‍ പ്രമോദിനെ ഫോണില്‍ കിട്ടാത്തതിനെ തുടര്‍ന്ന് അധികൃതരുടെ നിര്‍ദേശപ്രകാരം കൊല്ലം ജില്ലാ ആശുപത്രിയിലെത്തുകയായിരുന്നു. ഇവിടെ പരിക്കേറ്റവരെ കിടത്തിയ മുറികളിലെല്ലാം കയറി പരിശോധിച്ചു. എവിടെയും പ്രമോദിനെ കണ്ടില്ല.
തുടര്‍ന്ന് ആശുപത്രി അധികൃതരുടെ നിര്‍ദേശ പ്രകാരം മോര്‍ച്ചറി പരിശോധിക്കുകയായിരുന്നു. ഇവിടെ പ്രമോദിനോടു സാമ്യം തോന്നിയ മൃതദേഹം കണ്ടു. തുടര്‍ന്നു മൃതദേഹം വെള്ളാണിക്കലിലെ വീട്ടില്‍ എത്തിച്ച് സംസ്‌കരിച്ചു.
ശവസംസ്‌കാരച്ചടങ്ങുകളെല്ലാം കഴിഞ്ഞതിനു പിന്നാലെ വെടിക്കെട്ട് അപകടത്തില്‍ പരിക്കേറ്റ് കൊല്ലം അസീസിയ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന പ്രമോദ് അന്നു വൈകീട്ട് ഏഴുമണിയോടെ വീട്ടിലേക്കു വിളിച്ചു.
എന്നാല്‍ പ്രമോദ് ജീവനോടെയുണ്ടെന്ന് വിശ്വസിക്കാനാകാതെ ബന്ധുക്കള്‍ ഫോണുകള്‍ കൈമാറിക്കൊണ്ടിരിക്കുകയായിരുന്നു. ഒടുവില്‍ സഹോദരിയാണ് പ്രമോദിന്റെ ശബ്ദം തിരിച്ചറിഞ്ഞത്. തുടര്‍ന്ന് പോലീസിനെ അറിയിച്ചു. രാത്രിയോടെ ബന്ധുക്കള്‍ കൊല്ലം അസീസിയ മെഡിക്കല്‍ കോളേജിലെത്തി പ്രമോദിനെ കണ്ടു.
വെടിക്കെട്ട് നടക്കുമ്പോള്‍ പ്രധാനപുരയിലാണ് പ്രമോദ് നിന്നത്. തീയും പുകയും ആകാശത്തേക്ക് ഉയര്‍ന്നപ്പോള്‍ പ്രമോദ് അപകടം തിരിച്ചറിഞ്ഞെങ്കിലും കാര്യങ്ങള്‍ കൈവിട്ടിരുന്നു. വഴികള്‍ പോലും തിരിച്ചറിയാനാകാത്ത വിധം തീയും പുകയും നിലവിളിയും മാത്രമേ ഇന്നും പ്രമോദിന് ഓര്‍മയുള്ളൂ. എന്നാല്‍ അന്നത്തെ ദുരന്തത്തില്‍ പ്രമോദിന്റെ അമ്മയുടെ സഹോദരന്‍ കുട്ടനും മരിച്ചു.
പ്രമോദാണെന്ന് കരുതി ആളുമാറി സംസ്‌കരിച്ചയാളെ രണ്ടു ദിവസം കഴിഞ്ഞാണ് തിരിച്ചറിഞ്ഞത്. ചികിത്സ കഴിഞ്ഞ് വീട്ടിലെത്തിയ പ്രമോദ് ആദ്യമെത്തിയത് ശവകുടീരത്തിനടുത്തായിരുന്നു. അതിനുശേഷം ശവക്കല്ലറയുടെ വശങ്ങളില്‍ ചുടുകല്ലു പാകി സംരക്ഷിച്ചു. അറിയാതെയാണെങ്കിലും തന്നെ സംസ്‌കരിച്ച ഇടത്തിന് കാവലായി മാറിയിരിക്കുകയാണ് പ്രമോദ്.
Discussion about this post