കൊച്ചി: ശബരിമല വിഷയത്തില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെതിരെ പിടിമുറുക്കി പോലീസ്. ശബരിമല വിഷയവുമായി ബന്ധപ്പെട്ട ഒരു കേസില്‍ കൂടി കെ സുരേന്ദ്രനെ പ്രതി ചേര്‍ത്തു.
ശബരിമല ദര്‍ശനത്തിനെത്തിയ ഭൂമാത ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വച്ച് തടഞ്ഞ സംഭവത്തിലാണ് സുരേന്ദ്രനെ പ്രതി ചേര്‍ത്തിരിക്കുന്നത്. നിലവില്‍ സന്നിധാനത്ത് എത്തിയ ഭക്തയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ അറസ്റ്റിലായ സുരേന്ദ്രന്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡിലാണ്.
ഈ മാസം 16ന് സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമല ദര്‍ശനത്തിന് എത്തിയ തൃപ്തി ദേശായിയെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ തടയുകയായിരുന്നു. പുലര്‍ച്ചെ 4.30 ന് എത്തിയ തൃപ്തിയെ വിമാനത്താവളത്തില്‍ നിന്നു പുറത്തുകടക്കാനാവാത്ത വിധം കെ സുരേന്ദ്രന്‍ അടക്കമുള്ള ബിജെപി നേതാക്കളുടെ നേതൃത്വത്തില്‍ തടഞ്ഞുവച്ചു. ഉച്ചയ്ക്കു ശേഷമാണ് കെ സുരേന്ദ്രന്‍ സംഭവസ്ഥലത്ത് എത്തിയത്.
വിമാനത്താവളത്തിന്റെ അതീവ സുരക്ഷാ മേഖലയില്‍ പ്രതിഷേധം നടത്തിയതിനാണ് കേസ്. ഇരുന്നൂറോളം പേര്‍ക്കെതിരെ നെടുമ്പാശ്ശേരി പോലീസ് നേരത്തെ കേസെടുത്തിരുന്നു. ഇതിലാണ് സുരേന്ദ്രനെയും ഉള്‍പ്പെടുത്തിയത്.
അതിനിടെ പൂജപ്പുര ജയിലില്‍ കഴിയുന്ന സുരേന്ദ്രന് നെയ്യാറ്റിന്‍കര തഹസില്‍ദാരെ ഉപരോധിച്ച കേസില്‍ ജാമ്യം നല്‍കിയിരുന്നു. എന്നാല്‍ സന്നിധാനത്ത് എത്തിയ സ്ത്രീയെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ജാമ്യം ലഭിക്കാത്തതിനാല്‍ പുറത്തിറങ്ങാനാകില്ല. ഇത് സംബന്ധിച്ച ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാന്‍ ഇരിക്കെയാണ് പുതിയ കേസില്‍ സുരേന്ദ്രനെ പ്രതി ചേര്‍ത്തിരിക്കുന്നത്.