കോഴിക്കോട്: ആശുപത്രികൾ രക്തം കിട്ടാൻ പ്രയാസം നേരിടുന്നതിനാൽ രക്തദാനത്തിന് നൽകാൻ മുന്നോട്ട് വരണമെന്ന മുഖ്യമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് പോലീസുകാർ. ഇത്തരത്തിൽ മാതൃകയായി രക്തം ദാനം നൽകാനെത്തിയിരിക്കുകയാണ് കോഴിക്കോട് റൂറലിലെ പോലീസുകാർ. ഇന്നുമാത്രം കോഴിക്കോട് ബീച്ച് ആശുപത്രിയിലെത്തിയിരിക്കുന്നത് ഏഴ് പോലീസുകാരാണ്.
ആശുപത്രികളിൽ അടിയന്തിര ചികിത്സക്ക് രക്തം കിട്ടാനുള്ള ബുദ്ധിമുട്ടുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഇന്നലെ പത്രസമ്മേളനത്തിൽ അറിയിച്ചിരുന്നു. രക്തദാനത്തിന് സന്നദ്ധരാകുന്നവർ ഈ അവസരത്തിൽ മുന്നോട്ട് വരണം. മൊബൈൽ യൂണിറ്റ് വഴിയും രക്തം ശേഖരിക്കാനുള്ള സംവിധാനമുണ്ടാകും. നേരത്തെ തന്നെ രക്തദാന സേന രൂപീകരിച്ച സ്ഥാപനങ്ങളും സംഘടനകളും ഇക്കാര്യത്തിൽ ശ്രദ്ധിക്കണമെന്ന് അഭ്യർത്ഥിക്കുന്നതായും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കോഴിക്കോട്ടെ പോലീസുകാർ മാതൃകയായി മുന്നോട്ട് വന്നിരിക്കുന്നത്.
സംസ്ഥാനത്തെ പോലീസുകാരേയും മുഖ്യമന്ത്രി ഇന്നലെ അഭിനന്ദിച്ചിരുന്നു. പോലീസിന്റെ സേവനം ഫലപ്രദമായി നടക്കുകയാണെന്നും നല്ലരീതിയിലുള്ള സേവനമാണ് പോലീസ് പൊതുവെ നടത്തുന്നത്. എന്നാൽ ചില തെറ്റായ പ്രവണതകൾ അപൂർവമായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. വീണ്ടുവിചാരമില്ലാതെ പെരുമാറുന്ന ഒറ്റപ്പെട്ട ചില അനുഭവങ്ങൾ ഉണ്ടാകുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
Discussion about this post