തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് വ്യാപനം അവസാനിക്കുന്നെന്ന സൂചനകൾ നൽകി പുതിയ റിപ്പോർട്ടുകൾ. രോഗബാധിതരുടെ എണ്ണം കുറഞ്ഞതും, ശരാശരി എണ്ണം തുടർച്ചയായി ആറാം ദിവസവും രോഗികളുടെ എണ്ണം പത്തിൽ കൂടാത്തതുമാണ് പ്രതീക്ഷ നൽകുന്നത്. മാത്രവുമല്ല കഴിഞ്ഞ രണ്ട് ദിവസമായി പുതുതായി രോഗം സ്ഥിരീകരിക്കുന്നവരേക്കാൾ കൂടുതലാണ് രോഗവിമുക്തി നേടുന്നവരുടെ എണ്ണവും.
അതേസമയം, ലോക്ക്ഡൗൺ അവസാനിച്ചാൽ കോവിഡ് ബാധ രൂക്ഷമായ സംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിലും കുടുങ്ങിയവർ കേരളത്തിലേക്ക് തിരിച്ചുവരുന്നത് രോഗവ്യാപനത്തിന്റെ മൂന്നാം വരവിന് ഇടയാക്കുമെന്ന വിലയിരുത്തലുമുണ്ട്. അതിനാൽ ലോക്ക് ഡൗൺ പിൻവലിച്ചാലും സംസ്ഥാനത്ത് കർശ്ശന നിയന്ത്രണങ്ങൾ തുടർന്നേക്കാം.
ജനുവരി 30ന് വുഹാനിൽനിന്നെത്തിയ മെഡിക്കൽ വിദ്യാർത്ഥികളിൽ രോഗം സ്ഥിരീകരിച്ചെങ്കിലും രോഗവ്യാപനത്തിനു മുമ്പ് തന്നെ ഇവരെ ഐസൊലേഷനിലാക്കി ചികിത്സിച്ച് രോഗ മുക്തരാക്കി കേരളം മാതൃക കാട്ടി.
പിന്നീട് ഇറ്റലിയിൽ നിന്നെത്തിയ കുടുംബത്തിന് രോഗം സ്ഥിരീകരിച്ചതോടെയാണ് കേരളത്തിൽ കോവിഡിന്റെ രണ്ടാം വരവുണ്ടാകുന്നത്. അതേസമയം, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വിദേശങ്ങളിൽ നിന്നെത്തിച്ചേർന്നവരിലൂടെയും സംസ്ഥാനത്ത് കോവിഡ് വ്യാപനമുണ്ടായി. ഒരു ഘട്ടത്തിൽ ഇന്ത്യയിൽ തന്നെ ഏറ്റവും കോവിഡ് ബാധിതരുള്ള സംസ്ഥാനമായി കേരളം മാറിയെങ്കിലും കൃത്യമായ റൂട്ട് മാപ്പ് തയ്യാറാക്കലും ഐസോലേഷനും ലോക്ക്ഡൗണിലെ ശക്തമായ നിയന്ത്രണങ്ങളും അധികം വ്യാപനമുണ്ടാവാതെ കേരളത്തിന് പിടിച്ചുനിര്ത്താൻ സാധിച്ചു.
ഏറ്റവും ഒടുവിൽ ഇപ്പോൾ കൊവിഡ്-19 രോഗവ്യാപനസ്ഥിതി സംസ്ഥാനത്ത് നിയന്ത്രണവിധേയമെന്ന് മന്ത്രിസഭായോഗവും വിലയിരുത്തിയിരുത്തിയിരിക്കുകയാണ്. കേരളത്തേക്കാൾ കോവിഡ് ബാധിതർ കുറവുണ്ടായിരുന്ന പല സംസ്ഥാനങ്ങളിലും ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം കേരളത്തേക്കാൾ ഇരട്ടിയിലേറെയാണ്.
കൊറോണ ബാധിതനായ ഒരാൾ 2.6 പേർക്ക് രോഗം പകരുമെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. എന്നാൽ വിദേശത്തുനിന്ന് കേരളത്തിലെത്തിയ ഇരുന്നൂറ്റമ്പതോളം രോഗികൾ നൂറിൽ താഴെ പേർക്ക് മാത്രമാണ് രോഗം പകർന്നത്. ശക്തമാക്കിയ ക്വാറന്റൈനാണ് കേരളത്തെ ഇതിന് സഹായിച്ചത്. സമ്പർക്കത്തിലൂടെ ചിലരിലേക്ക് രോഗം പകർന്നെങ്കിലും സമ്പർക്കത്തിലൂടെ രോഗം വന്നവരിലൂടെ പിന്നീട് രോഗബാധയുണ്ടാവാതെ തടയാൻ കേരളത്തിനായി. സാമൂഹിക വ്യാപനവും കേരളത്തിൽ ഉണ്ടായതായി സ്ഥിരീകരിച്ചിട്ടില്ല. രോഗബാധിതരുടെ എണ്ണവുമായി താരതമ്യം ചെയ്യുമ്പോൾ മരണനിരക്കും കേരളത്തിൽ കുറവാണ്. ഇന്ത്യയിലെ തന്നെ ഏറ്റവും പ്രായം കൂടിയ രോഗബാധിതർ രോഗമുക്തി നേടിയതും കേരളത്തിലാണ്. ഇന്ത്യയിൽ കോവിഡ് മരണനിരക്ക് 2.83% ആയിരിക്കെ കേരളത്തിലത് 0.58% മാത്രമാണ്.
കോവിഡ് 19 രോഗവ്യാപന സ്ഥിതി സംസ്ഥാനത്ത് നിയന്ത്രണവിധേയമെന്നാണ് മന്ത്രിസഭായോഗത്തിന്റെയും വിലയിരുത്തൽ. കാസർകോട് ജില്ലയിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെങ്കിലും പൂർണമായും ആശ്വസിക്കാനായിട്ടില്ലെന്നതാണ് ഇപ്പോൾ അലട്ടുന്നത്.
Discussion about this post