സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം ഇന്നുമുതല്‍, ഇഷ്ടമുള്ള റേഷന്‍ കടകളില്‍ നിന്നും വാങ്ങാന്‍ കഴിയില്ല

ആലപ്പുഴ: സംസ്ഥാനത്ത് സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ഇന്ന് മുതല്‍ ആരംഭിക്കും. റേഷന്‍കട വഴിയാണ് കിറ്റ് വിതരണം. അതേസമയം, മറ്റ് റേഷന്‍ സാധനങ്ങള്‍ വാങ്ങുന്നതുപോലെ ഭക്ഷ്യകിറ്റ് സംസ്ഥാനത്ത് എവിടെയുമുള്ള റേഷന്‍ കടകളില്‍ നിന്നും വാങ്ങാന്‍ കഴിയില്ല. ഭക്ഷ്യക്കിറ്റ് കിട്ടാന്‍ ഇനി ഓരോ കുടുംബവും തങ്ങളുടെ കാര്‍ഡുള്‍പ്പെട്ട റേഷന്‍ കടകളിലെത്തണം.

ഇ-പോസ് യന്ത്രങ്ങള്‍വഴി തന്നെയായിരിക്കും സൗജന്യ ഭക്ഷ്യകിറ്റ് വിതരണം. പോര്‍ട്ടബിലിറ്റി സംവിധാനം ഏര്‍പ്പെടുത്തിയാല്‍ ഓരോ റേഷന്‍കടയിലേക്കും കൂടുതല്‍ കിറ്റുകള്‍ എത്തിക്കേണ്ടിവരും. നിലവില്‍ ഇതിനുള്ള ധാന്യങ്ങളില്ല. ഇതു കണക്കിലെടുത്താണ് സര്‍ക്കാരിന്റെ നീക്കം.

അതേസമയം, സംസ്ഥാനത്തെ 87.28 ലക്ഷം കാര്‍ഡുടമകളില്‍ 19 ലക്ഷത്തിലധികം പേരും സൗജന്യ റേഷന്‍ വാങ്ങിയത് പോര്‍ട്ടബിലിറ്റി സംവിധാനത്തിലൂടെയാണ്. എന്നാല്‍ ഈ സംവിധാനം ഒഴിവാക്കിയത് 18 ലക്ഷത്തില്‍പ്പരം കുടുംബങ്ങളെ ബാധിക്കും. സ്വന്തം സ്ഥലത്തുനിന്ന് മാറിത്താമസിക്കുന്നവര്‍ക്കും ലോക്ക് ഡൗണില്‍ കുടുങ്ങിയവര്‍ക്കും ഭക്ഷ്യകിറ്റ് കിട്ടാന്‍ സാധ്യതയില്ല.

ഓരോ കാര്‍ഡുകള്‍ക്ക് ഘട്ടം ഘട്ടമായാണ് സൗജന്യ ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്യുക. ഇന്ന് ആദിവാസിവിഭാഗക്കാരായ എഎവൈ (മഞ്ഞക്കാര്‍ഡ്) വിഭാഗക്കാര്‍ക്കാണ് കിറ്റ് നല്‍കുക. 11 മുതല്‍ ബാക്കിയുള്ള എഎവൈ വിഭാഗത്തിനു കിറ്റ് നല്‍കും. ഇതിനുശേഷം മുന്‍ഗണനാ വിഭാഗങ്ങള്‍ക്ക് (പിങ്ക് കാര്‍ഡ്) നല്‍കും. തുടര്‍ന്നായിരിക്കും പൊതുവിഭാഗങ്ങള്‍ക്ക് (നീല, വെള്ള കാര്‍ഡുകള്‍) കിറ്റ് നല്‍കുക.

Exit mobile version