നീലേശ്വരം: കൊറോണ ഭീതിയില്‍ കഴിയുന്ന കേരളത്തിന് കരുത്തേകി അതിഥി തൊഴിലാളികളും. പണിയെടുത്തുണ്ടാക്കിയ 5000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കി രാജസ്ഥാനില്‍നിന്ന് എത്തിയ രണ്ട് അതിഥി തൊഴിലാളികള്‍ കേരളത്തിന് മാതൃകയായി മാറി.
പട്ടിണിയാക്കാതെ അന്നം തന്ന നാട് അപകടത്തിലാകുമ്പോള്‍ സഹായിക്കാന്‍ ഞങ്ങളുമുണ്ടെന്ന് കാട്ടിത്തരികയാണ് നീലേശ്വരത്ത് ഗ്രാനൈറ്റ് ജോലി ചെയ്യുന്ന ഭരത്പുര്‍ സ്വദേശിയായ വിനോദ് ജാഗിദ്, മോഹല്ല സ്വദേശി മഹേഷ് ചന്ദ് ജാഗിദ് എന്നിവര്‍. ദിവസങ്ങളോളം പണിയെടുത്ത് കിട്ടിയ പണത്തില്‍ നിന്നും ഒരു പങ്കാണ് ഇവര്‍ കേരളത്തിനായി നല്‍കിയത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാനായി 5000 രൂപയുമായി നീലേശ്വരം പോലീസ് സ്റ്റേഷനിലെത്തിയ വിനോദും മഹേഷും തുക സിഐ എംഎ മാത്യുവിന് കൈമാറി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കാണ് ഈ തുകയെന്നും മറ്റെവിടെയും കൊടുക്കാന്‍ വിശ്വാസമില്ലാത്തതിനാലാണ് ഇവിടെയെത്തിയതെന്നും ഇരുവരും ഉദ്യോഗസ്ഥരോട് പറഞ്ഞു.
വിനോദിനെയും മഹേഷിനെയും അഭിനന്ദിച്ച പോലീസ് ഉദ്യോഗസ്ഥര്‍ ഉടന്‍തന്നെ ഇവര്‍ ഏല്‍പ്പിച്ച പണം ഓണ്‍ലൈന്‍വഴി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അയക്കുകയും ചെയ്തു. തുക സുരക്ഷിതമായി ദുരിതാശ്വാസ നിധിയിലേക്ക് എത്തിയെന്ന് കണ്ട് ബോധ്യപ്പെട്ടതിനുശേഷമാണ് ഇരുവരും സ്റ്റേഷനില്‍ നിന്നും മടങ്ങിയത്.
Discussion about this post