കാളികാവ്: കൊറോണ വൈറസ് വ്യാപിച്ചതോടെ രാജ്യം ലോക്ക് ഡൗണിലായി. ഇതോടെ സ്വന്തം നാട്ടിലേക്ക് തിരിച്ചുപോകാന്‍ കഴിയാതെ പലസ്ഥങ്ങളിലായി കുടുങ്ങിയിരിക്കുകയാണ് അന്യസംസ്ഥാന തൊഴിലാളികള്‍. പലര്‍ക്കും അവശ്യവസ്തുക്കളും ഭക്ഷണവും കിട്ടാനില്ലെന്ന വാര്‍ത്തകളും വന്നിരുന്നു.
എന്നാല്‍ കേരളത്തിലെ അതിഥി തൊഴിലാളികള്‍ സംസ്ഥാനത്തിന്റെ സല്‍ക്കാരത്തില്‍ സംതൃപ്തരാണ്. നാട്ടുകാര്‍ പ്രയാസപ്പെട്ടാലും അതിഥികള്‍ പട്ടിണികിടക്കരുതെന്ന നയം കേരളത്തിന്റെ പ്രത്യേകതയാണെന്ന് ഇതരസംസ്ഥാന തൊഴിലാളികള്‍ ഒന്നടങ്കം തുറന്നുസമ്മതിക്കുന്നു.
ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ജോലി ഇല്ലാതായി, വീട്ടില്‍ പണം അയക്കാന്‍ കഴിയുന്നില്ല. ഇക്കാര്യങ്ങള്‍ ഒഴിച്ചാല്‍ വാടക, ഭക്ഷണം തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരമായിട്ടുണ്ടെന്ന് അസമില്‍നിന്നുള്ള തൊഴിലാളികളായ മുജീബ്‌റഹ്മാന്‍, റകീബുല്‍ അലീം, അക്ബര്‍ അലീം എന്നിവര്‍ പറയുന്നു.
മറ്റൊരിടത്തും കേരളത്തിലെ പോലെ സൗകര്യങ്ങള്‍ കണ്ടിട്ടില്ല. തങ്ങളുടെ നാട്ടിലും രോഗവും ലോക്ക്ഡൗണുമുണ്ടെങ്കിലും ഭക്ഷണസാധനങ്ങള്‍ സൗജന്യമായി നല്‍കുന്ന രീതിയില്ല. അയല്‍ സംസ്ഥാനമായ തമിഴ്‌നാട്ടിലും പുറമെനിന്നുള്ള സഹായം ഇല്ലെന്നുതന്നെ പറയാം. എന്നാല്‍ കേരളത്തില്‍ അങ്ങനെയല്ലെന്നും സംസ്ഥാനത്തിന്റെ സല്‍ക്കാരത്തില്‍ തങ്ങള്‍ സംതൃപ്തരാണെന്നും തൊഴിലാളികള്‍ പറഞ്ഞു.
വിവിധ സംസ്ഥാനങ്ങളില്‍ നിന്നും ജോലി ആവശ്യത്തിനായി കേരളത്തിലെത്തിയ അതിഥി തൊഴിലാളികള്‍ക്കെല്ലാവര്‍ക്കും കമ്മൂണിറ്റി കിച്ചണില്‍ നിന്ന് ഭക്ഷണം എത്തിച്ചുനല്‍കുന്നുണ്ട്. തങ്ങള്‍ കേരളത്തില്‍ കുടുങ്ങി എന്നതരത്തിലുള്ള പ്രചാരണം ശരിയല്ലെന്ന് കൊല്‍ക്കത്തയില്‍നിന്നുള്ള നസീബുല്‍ അലീം പറഞ്ഞു.
തൊഴിലാളികള്‍ ചിലയിടത്ത് തെരുവിലിറങ്ങിയത് അവരുടെ ഇഷ്ടപ്രകാരമാകില്ല എന്ന് അസമില്‍നിന്നും ബംഗാളില്‍നിന്നുമുള്ള തൊഴിലാളികള്‍ ചൂട്ടിച്ചേര്‍ത്തു. മറ്റു സംസ്ഥാനങ്ങളില്‍ ഇത്തരത്തിലുള്ള ആനുകൂല്യം പുറമെയുള്ളവര്‍ക്ക് പണം കൊടുത്താല്‍പോലും കൃത്യമായി ലഭിക്കാന്‍ പ്രയാസമാണെന്നും തൊഴിലാളികള്‍ പറഞ്ഞു.
വര്‍ഷങ്ങളായി കുടുംബസമേതം താമസിക്കുന്നവര്‍ക്ക് റേഷനും ചികിത്സയുമടക്കം കേരളത്തില്‍ സൗജന്യമായി ലഭിക്കുന്നുണ്ട്. പലസ്ഥലങ്ങളിലുമുള്ളവര്‍ക്ക് ഭക്ഷണം പോലും കിട്ടുന്നില്ലെന്ന് കേട്ടിട്ടുണ്ടെന്നും എന്നാല്‍ കേരളത്തില്‍ തങ്ങള്‍ക്ക് അങ്ങനെയൊരവസ്ഥ ഇതുവരെ ഉണ്ടായിട്ടില്ലെന്നും കേരളം നല്‍കുന്ന സഹായങ്ങളില്‍ പൂര്‍ണ സംതൃപ്തരാണെന്നും അവര്‍ പറയുന്നു.
Discussion about this post