മലപ്പുറം: ലൈംഗിക പീഡന പരാതിയുമായി ബന്ധപ്പെട്ട് ഷൊര്‍ണ്ണൂര്‍ എംഎല്‍എ പികെ ശശിക്ക് പാര്‍ട്ടി നല്‍കിയത് പരമാവധി ശിക്ഷയെന്ന് സംസ്ഥാന വനിതാ കമ്മീഷന് അധ്യക്ഷ എംസി ജോസഫൈന്. മറ്റൊരു പാര്‍ട്ടിയും ഇത്തരത്തില്‍ നടപടി എടുക്കാറില്ലയെന്നും ജോസഫൈന് പറഞ്ഞു. 42 വര്‍ഷം പാര്‍ട്ടിയുടെ ഭാഗമായിരുന്ന പികെ ശശി തെറ്റ് തിരുത്തി പാര്‍ട്ടിയിലേക്ക് തിരിച്ചുവരുമെന്നും വനിത കമ്മീഷന് അധ്യക്ഷ കൂട്ടിച്ചേര്‍ത്തു.
തനിക്കെതിരെ അപമാനശ്രമം ഉണ്ടായാലും ആദ്യം പരാതി നല്‍കുന്നത് സിപിഎമ്മിനായിരിക്കുമെന്നും, പാര്‍ട്ടി സംവിധാനത്തെ അത്രമേല്‍ വിശ്വാസമായതിനാലാണിതെന്നും അവര്‍ മലപ്പുറത്ത് ഒരു പ്രമുഖ മാധ്യമത്തോട് പറഞ്ഞു.
പരാതിക്കാരിയോട് വനിതാ കമ്മീഷന് ബന്ധപ്പെട്ടപ്പോള്‍ പാര്‍ട്ടി സംവിധാനത്തിലാണ് വിശ്വാസമെന്ന് അവര്‍ പറഞ്ഞിരുന്നു. ഇതേത്തുടര്‍ന്ന് നടപടികളുമായി വനിതാ കമ്മീഷന് മുന്നോട്ടുപോയിരുന്നില്ലയെന്നും അവര്‍ വ്യക്തമാക്കി. ലൈംഗികാരോപണത്തിന് വിധേയരായ ആരും പാര്‍ട്ടിയില്‍ ശിക്ഷിക്കപ്പെടാതിരുന്നിട്ടില്ലെന്ന് ജോസഫൈന് കൂട്ടിച്ചേര്‍ത്തു.
ലൈംഗിക പീഡനപരാതിയില്‍ ഷൊര്‍ണൂര്‍ എംഎല്‍എ പികെ ശശിയെ സിപിഎം ആറ് മാസത്തേയ്ക്ക് പ്രാഥമികാംഗത്വത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. പാര്‍ട്ടി തന്റെ ജീവനാണെന്നും തനിയ്ക്കെതിരെ എന്ത് നടപടിയെടുത്താലും അംഗീകരിക്കുമെന്നും പികെ ശശി വ്യക്തമാക്കിയിട്ടുണ്ട്.
Discussion about this post