മലപ്പുറം: കോവിഡ് ഭീതിയില്‍ മലപ്പുറത്തിന് ആശ്വാസം, കോവിഡ് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി രോഗമുക്തനായി വീട്ടിലേക്ക് മടങ്ങുന്നു. തിരൂര്‍ പൊന്മുണ്ടം പാറമ്മല്‍ സ്വദേശി പന്നിക്കോര മുസ്തഫ (46) യാണ് കോവിഡ് നെഗറ്റീവായത്. ഏപ്രില്‍ 9ന് ഇയാള്‍ വീട്ടിലേക്ക് മടങ്ങുമെന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക് അറിയിച്ചു. നിരീക്ഷണത്തിലിരിക്കെ മാതൃകാപരമായ പെരുമാറ്റം കൊണ്ട് നിറയെ പ്രശംസ നേടിയ രോഗിയായിരുന്നു ഇദ്ദേഹം.
ഇയാളെ വ്യാഴാഴ്ച രാവിലെ 10 മണിക്ക് മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ചെയ്യും. പൂര്‍ണ്ണ ആരോഗ്യവാനായാണ് ജില്ലയില്‍ രോഗമുക്തനായ രണ്ടാമത്തെയാളും ആശുപത്രി വിടുന്നതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന പറഞ്ഞു.
മാര്‍ച്ച് 28 നാണ് മുസ്തഫയെ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചത്. മാര്‍ച്ച് 21ന് ദുബായില്‍ നിന്നാണ് ഇയാള്‍ ജില്ലയിലെത്തിയിരുന്നത്. ആരോഗ്യ വകുപ്പിന്റെ നിര്‍ദേശപ്രകാരം വീട്ടില്‍ സ്വയം നിരീക്ഷണത്തില്‍ കഴിയുന്നതിനിടെ 23ന് പനി അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട് തിരൂര്‍ ജില്ലാ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലെത്തി സാമ്പിള്‍ നല്‍കി. വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് 28ന് മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.
ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിച്ച് മാതൃകാപരമായ സമീപനമാണ് ഇയാള്‍ കൈക്കൊണ്ടിരുന്നത്. ചികിത്സയോടും നല്ല രീതിയില്‍ തന്നെ സഹകരിച്ചു. ആരോഗ്യ വകുപ്പിന്റേയും മറ്റു വകുപ്പുകളുടേയും നേതൃത്വത്തില്‍ ജില്ലയില്‍ തുടരുന്ന കൂട്ടായ കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ വിജയമാണിതെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു.