തിരുവനന്തപുരം: ഡല്‍ഹി നിസാമുദ്ദീനിലെ തബ് ലീഗ് ജമാഅത്ത് സമ്മേളനത്തില്‍ സംസ്ഥാനത്ത് നിന്ന് പങ്കെടുത്ത 212 പേരെ കണ്ടെത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് രണ്ട് പേര്‍ക്ക് കൂടി രോഗ ബാധ കണ്ടെത്തി. ഇതോടെ പങ്കെടുത്ത 15 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചുവെന്ന് മുഖ്യമന്ത്രി അറിയിച്ചു. കൊവിഡ് അവലോക യോഗത്തിന് ശേഷം മുഖ്യമന്ത്രി നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
അതെസമയം, സംസ്ഥാനത്ത് ഇന്ന് ഒന്‍പത് പേര്‍ക്ക് കൂടി കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം 345 ആയി ഉയര്‍ന്നു. കണ്ണൂര്‍ 4 പേര്‍ക്കും, ആലപ്പുഴ 2 പേര്‍ക്കും പത്തനംതിട്ട, തൃശ്ശൂര്‍, കാസര്‍കോട് ഒന്നുവീതവുമാണ് രോഗം സ്ഥിരീകരിച്ചത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ നാല് പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. നിസ്സാമുദ്ദീനില്‍ പങ്കെടുത്ത 2 പേരിലും സമ്പര്‍ക്കം മൂലം മൂന്ന് പേരിലുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. അതെസമയം സംസ്ഥാനത്ത് ഇന്ന് 13 പേര്ക്ക് രോഗം ഭേദമായി. തിരുവനന്തപുരത്തും തൃശ്ശൂരിലും മൂന്ന് പേര്‍ വീതവും ഇടുക്കി കോഴിക്കാട് വയനാട് ജില്ലയില്‍ നിന്ന് രണ്ട് പേര്‍ വീതവും കണ്ണൂരില്‍ ഒരാള്‍ക്കുമാണ് രോഗം ഭേദമായത്. നിലവില്‍ 259 പേര്‍ ചികിത്സയിലുണ്ട്.
സംസ്ഥാനത്ത് 140474 പേരാണ് ആകെ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 139725 പേര്‍ വീട്ടിലും 749 പേര്‍ ആശുപത്രിയിലുമാണ്. ഇന്ന് മാത്രം 169 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. 11986 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. 10906 ഇതില്‍ നെഗറ്റീവായി എന്നും മുഖ്യമന്ത്രി പറഞ്ഞു.