തൃശ്ശൂര്‍: ദേശീയ തലത്തിലും ലോകത്തിലും തന്നെ ചര്‍ച്ചയാവുന്ന ഒന്നാണ് കേരളത്തിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളും സജ്ജീകരണങ്ങളും. എവിടെയും കേരളം നമ്പര്‍ വണ്‍ എന്ന അഭിനന്ദനങ്ങളും ഉയരുമ്പോഴും വിമര്‍ശനവും അപമാനിക്കലുമായി മറ്റൊരു വിഭാഗം സജീവമായി രംഗത്തുണ്ട്.
ഇത്തരക്കാര്‍ക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് അസീബ് പുത്തലത്ത്. തന്റെ ഫേസ്ബുക്കിലൂടെയാണ് എന്തുകൊണ്ട് കേരളം നമ്പര്‍ വണ്‍ ആവുന്നു എന്ന് കുറിച്ചിരിക്കുന്നത്. കാരണങ്ങള്‍ അക്കമിട്ട് നിരത്തിയാണ് കുറിപ്പ്. സംഭവം സോഷ്യല്‍മീഡിയയും ഏറ്റെടുത്ത് കഴിഞ്ഞു.
‘അതിര്‍ത്തിയില്‍ നാല് കൊട്ട മണ്ണിട്ടാല്‍ തീരുന്നതേയുള്ളു കേരളാ നമ്പര്‍ വണ്‍, കേന്ദ്രം ഫണ്ട് തരാതിരുന്നല്‍ കരഞ്ഞുകൂവാനാണിവിടെ കേരളാ സര്‍ക്കാര്‍, അറബികള്‍ ഇറക്കിവിട്ടാല്‍ അവസാനിക്കും കേരളത്തിന്റെ നെഗളിപ്പ്’ ഇങ്ങനെ നീളുന്നു കേരളത്തെ താറടിക്കാനുള്ള ശ്രമം. ഇതിനെതിരെയുള്ള ശക്തമായ മറുപടിയാണ് അസീബിന്റെ കുറിപ്പ് അപകടം പറ്റി നില്ക്കുമ്പോ ഇമ്മാതിരി കെട്ടവര്‍ത്താനം പറയുന്ന സ്വന്തംകൂട്ടില്‍ കാഷ്ടേഷുമാരോടാണെന്ന് അസീബ് കുറിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
‘അതിര്‍ത്തിയില്‍ നാല് കൊട്ട മണ്ണിട്ടാല്‍ തീരുന്നതേയുള്ളു കേരളാ നമ്പര്‍ വണ്‍, കേന്ദ്രം ഫണ്ട് തരാതിരുന്നല്‍ കരഞ്ഞുകൂവാനാണിവിടെ കേരളാ സര്‍ക്കാര്‍, അറബികള്‍ ഇറക്കിവിട്ടാല്‍ അവസാനിക്കും കേരളത്തിന്റെ നെഗളിപ്പ്’ – അപകടം പറ്റി നില്ക്കുമ്പോ ഇമ്മാതിരി കെട്ടവര്‍ത്താനം പറയുന്ന സ്വന്തംകൂട്ടില്‍ കാഷ്ടേഷുമാരോടാണ്.
1. അങ്ങനെ അതിര്‍ത്തിയില്‍ ഒരുകൊട്ട മണ്ണ് ആരേലുമിട്ടാല്‍ പോകുന്ന നമ്പര്‍ വണ്‍ സ്റ്റാറ്റസോ അഹങ്കാരമോ കേരളത്തിനുണ്ടെങ്കില്‍ അതീ ലോകത്ത് ഒരുമാതിരിപ്പെട്ട എല്ലാ നാടിനും കാണും. വിഭവങ്ങള്‍ ഇറക്കുമതി ചെയ്യാത്ത, കയ്യിലുള്ളത് കയറ്റി അയക്കാത്ത ഒരു നാടും ഇന്നില്ല. തല്ക്കാലം അരിയും പഞ്ചാരയും പച്ചക്കറിയും വാങ്ങുന്നതും റബറും കുരുമുളകും കയറ്റിയയക്കുന്നതും ഒരു സസ്റ്റൈനബിള്‍ ഡെവലപ്മെന്റ് ഇന്‍ഡക്സിലും വരുന്നില്ലാത്തോണ്ട് ആരേലും വഴിതടഞ്ഞാ പോകുന്ന ഒരു നേട്ടത്തിലുമല്ല കേരളം ഇന്നുവരെ അഭിമാനിച്ചിരുന്നതെന്ന് സാരം.
2. പിന്നെ, ചക്കാത്തിനല്ല കേരളം ചരക്കെടുക്കുന്നത്. ചരക്കെടുക്കാന്‍ കയ്യില്‍ കായ് വേണം. കേരളം ചരക്കെടുത്തില്ലെങ്കില്‍ അതിര്‍ത്തിക്കപ്പുറത്ത് ഒരുപാട് ഗ്രാമങ്ങള്‍ ഗതിമുട്ടും, അവിടുള്ളവരുടെ വയറൊട്ടും. നിലമുള്ളവര്‍ വച്ചുണ്ടാക്കും, അതില്ലാത്തവര്‍ വാങ്ങിയുണ്ടാക്കും. വാങ്ങാന്‍ പാങ്ങുള്ളവര്‍ക്ക് എവിടെ നിന്നും വാങ്ങാം. പക്ഷേ, വില്ക്കാന് ചരക്കുണ്ടാക്കിയവര്‍ക്കെങ്ങനേം വില്ക്കാന് പറ്റിയെന്ന് വരില്ല. അപ്പോ അതിര്‍ത്തിയില്‍ മണ്ണിട്ടാല്‍ ഇട്ടവര്‍ തന്നെ പതിയെ മാന്തേണ്ടി വരും.
3. ഇനി എങ്ങാനും അങ്ങനെ അതിര്‍ത്തിയടഞ്ഞാല്‍, അപ്പുറത്തുള്ളവരിടഞ്ഞാല്‍, ഫെഡറല്‍ സിസ്റ്റമൊക്കെ മൂഞ്ചിത്തെറ്റിയാല്‍ അതൊരു എമര്‍ജന്‍സിയാണ്. പിന്നെയടുത്ത വഴിയാണ്. 600 കിലോമീറ്റര്‍ ദൂരത്തില്‍ 4 ഇന്റര്‍നാഷ്ണല്‍ എയര്‍പോര്‍ട്ടുണ്ടാക്കിയിട്ടിട്ടുണ്ട്. ഇന്ത്യയിലത്ത്രയും എയര്‍പോര്‍ട്ട് ഡെന്‍സിറ്റിയുള്ള മറ്റൊരു സ്റ്റേറ്റില്ല, ദാ അതൊരു നമ്പര്‍ വണ്ണാണ്. ഇപ്പുറത്ത് തീരത്ത് കപ്പലടുക്കുന്നുണ്ട്. ഇപ്പോ കൊടുക്കുന്ന പണം തന്നെ കൊടുത്താല്‍ മണ്ണ് തടസമാവാത്ത വഴിയിലൂടെ ചരക്കെത്തും. വേഴ്സ്റ്റ് സിറ്റ്വേഷന്‍സ് ഹാവ് ഇട്സ് ഓണ്‍ സൊലൂഷ്യന്‍സ്.
4. ഇന്ത്യയുടെ മൊത്തം ജനസംഖ്യയുടെ 2.76 ശതമാനവും ഭൂമിയുടെ 1.18 ശതമാനവും മാത്രമുള്ള കേരളം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ 4.22% കയ്യാളുന്നുണ്ട്. ക്യുമുലേറ്റീവായി നോക്കിയാല്‍ ആനുപാതികമായി വരേണ്ടിയിരുന്നതിന്റെ മൂന്നിരട്ടി. ആ റേഷ്യോയില്‍ ഇന്ത്യയില്‍ രണ്ടാമതാണ് കേരളം. അതിന് കേരളം കൊടുക്കുന്ന ടാക്സില്‍ 70% കേന്ദ്രം അപ്പാടെ വിഴുങ്ങുന്നുണ്ട്, ഉത്തരേന്ത്യന്‍ സംസ്ഥനങ്ങളെ നന്നാക്കാന്‍ എടുക്കുന്നുണ്ട്. തിന്നാനുള്ളത് പുറത്തുന്ന് എത്തിക്കുന്നതെന്തോ മഹാപരാധമാണെന്ന് കരുതുന്ന ഓള്‍ഡേജ് ബുദ്ധികള്‍ക്ക് കേരളമുണ്ടായ കാലം മുതല്‍ പക്ഷേ, പതം പറഞ്ഞിരിപ്പാണ്.
5. തിരുവതാംകൂര്‍ രാജാവ് ഭരിച്ചിരുന്ന കാലത്ത് ആന്ധ്രയില്‍ നിന്ന് അരിയിറക്കേണ്ടിയിരുന്ന നാടാണ് കേരളം എന്ന് ചരിത്രകാരന് റോബിന് ജഫ്രി. എന്ന് പറഞ്ഞാ, തിന്നുന്ന കാര്യത്തില്‍ സ്വയം പര്യാപ്തത, ഇവിടെ മൊത്തം കൃഷിയായിരുന്നെന്നാഞ്ഞ് തള്ളുന്ന അന്തക്കാലത്ത് പോലും കേരളത്തിനില്ല. ഇനിയൊട്ട് ഉണ്ടാവാനും പോകുന്നില്ല. ഒപ്പമിവിടെ വലിയ ഇന്‍ഡസ്ട്രിക്കായി കണ്ടമാനം ഭൂമിയില്ല, അങ്ങനെ ആളെയൊഴിപ്പിച്ച് ഇന്‍ഡസ്ട്രിയുണ്ടാക്കേണ്ട കാര്യവുമില്ല.
6. ഇന്ന് കേരളത്തിന്റെ റെവന്യു 65% സര്‍വീസ് സെക്ടറാണ്. ലോകത്ത് കൊള്ളാവുന്ന എക്കോണമിയുടെയെല്ലാം അസ്ഥി സര്‍വീസ് സെക്ടറാണ്. 15% മാത്രം ഇന്ത്യന്‍ ഇക്കോണമിയില്‍ കയ്യാളുന്ന കൃഷിയില്‍ 75% ഇന്ത്യന്‍ ജനത സ്വയമോ അല്ലെങ്കില്‍ രാജ്യം ജനതയെയോ ഇന്‍വെസ്റ്റ് ചെയ്തതോണ്ടോ, വഴിതിരിച്ച് വിടാനാവാത്തതുകൊണ്ടോ തന്നെയാണ് ഇന്ത്യയിലെ പട്ടിണിയിന്നും മാറാത്തത്. കണ്ടവന്റെ പറമ്പിലിന്നും പണിയെടുക്കുന്നവരും ആ കണ്ടവനുമാണ് ഇന്നും ജാതിയ-ജന്മി വ്യവസ്ഥയെ ഉത്തരേന്ത്യയില്‍ ഒരുപരിധിവരെ നിലനിര്‍ത്തിന്നതും.
7. ഭൂപരിഷ്കരണം വഴി ഭൂമി പങ്ക് വച്ചപ്പോ നല്ലൊരു ഭാഗം ലോലപ്രദേശമായ, ജനസാന്ദ്രമായ നാട്ടിലെ 11% വരുന്ന കൃഷിയില്‍ മലയാളി ഇന്‍വെസ്റ്റ് ഒരുപാട് ചെയ്യാന്‍ നിന്നില്ല. എമ്പ്രാന്റെ പറമ്പില്‍ പണിയെടുക്കുന്നതിന്റെ വിധേയത്തം മാറി, ഏമാനേ എന്ന് വിളികേട്ടിരുന്നവന്‍ എന്താഡാ എന്ന് മറുത്ത് പറഞ്ഞ് തുടങ്ങുന്നത് കൃഷി ഒളിച്ച് കടത്തിയിരുന്ന ഫ്യൂഡലിസം കൃഷിക്കൊപ്പം തന്നെ പടിയിറങ്ങിയപ്പോഴാണ്. ആള്ക്കാര് വരുമാനമുണ്ടാകുന്ന മറ്റ് പണികള്‍ക്ക് പോയി, കച്ചവടം ചെയ്തു. ശേഷമത് പരിണമിച്ച് സര്‍വീസ് സെക്ടറലേക്കുമെത്തി. മനുഷ്യരുടെ ജീവിത നിലവാരമുയര്‍ന്നു.
8. പിന്നെ ഗള്‍ഫ് പണം. അതുമൊരു കഥയാ!മണ്ണിനടിയില്‍ നിന്നെണ്ണ കിട്ടാന്‍ തുടങ്ങിയതോടെ സമ്പന്നമായ, ലേബര്‍ ഫോഴ്സോ സ്കില്ലോ അതിനേഴയലത്തില്ലാതിരുന്ന പേര്‍ഷ്യന്‍ ഗള്‍ഫിലേക്ക്
എഴുപതിന്റെ തുടക്കത്തോടെ അനിതരസാധാരണമാം വിധം മാന്‍പവര്‍ ആവശ്യമായി വന്നു. മലബാറീന്ന് ആദ്യമാദ്യം പോയ അണ്‍സ്കില്ല്ഡ് ലേബേര്‍സ് ഉരു കേറി, വിസയില്ലാതെയവിടെയിറങ്ങി. വിസാ സിസ്റ്റം വന്നപ്പോ അതിന് കയ്യീന്ന് പണമൊടുക്കേണ്ടി വന്നു. സ്വന്തമായി അഞ്ചും പത്തും സെന്റ് ഭൂമിയുള്ളവര്‍ ആധാരം പണയം വച്ചു. അങ്ങനെ പണയം വക്കാന്‍ ഇന്ത്യയില്‍ കേരളത്തിലുള്ള പാവങ്ങള്‍ക്ക് മാത്രം സ്വന്തമായി ഭൂമിയുണ്ടായി, കണ്ടമാനം വലിപ്പിക്കാതെ പണം കൊടുക്കാന്‍ സഹകരണബാങ്കുകളുണ്ടായി, ബാങ്കില്‍ നാട്ടുകാരോ പാര്‍ട്ടിക്കാരോ കയ്യാളുകളായിരുന്നോണ്ട് എളുപ്പം പണം പാസായി. നയത്തിന്റെ ബലം.
9. പിന്നെപ്പിന്നെ സ്കില്‍ഡ് ലേബേര്‍സ് പോവാന്‍ തുടങ്ങി. സ്കില്ലെന്ന് പറഞ്ഞാല്‍ പത്തക്ഷരം പഠിച്ചുണ്ടാക്കിയ സ്കില്ല്. പശിയടങ്ങിയില്ലേലും പഠിക്കണമെന്ന മലയാളിയുടെ വാശിയാവാം, ചെലപ്പോ പള്ളിക്കൂടത്തില്‍ പോയാല്‍ പശിയുമടങ്ങും പഠിപ്പും നടക്കുമെന്നായതുകൊണ്ടാവാം. രണ്ടായാലും അതിനുള്ള സെറ്റപ്പ് കേരളത്തിലുണ്ടായി. പ്രാഥമിക വിദ്യാഭ്യാസമായപ്പോ തൊഴിലെടുക്കാനുള്ള സര്‍ട്ടിഫിക്കറ്റൊപ്പിക്കാന്‍, ഡിഗ്രിയെടുക്കാന്‍ മലയാളിക്കായി. അങ്ങനെയവര്‍ പിന്നെയും കടല്‍ കടന്നു. ഗള്‍ഫിലേക്ക് മാത്രമല്ല, ആള്‍പ്പാര്‍പ്പൊള്ള എല്ലായിടത്തേക്കും. ഹെല്‍പ്പറായും ഡ്രൈവറായും നഴ്സായും ഡോക്ടറായും അക്കൗണ്ടന്റായും ടീച്ചറായും എഞ്ചിനീയറായും കച്ചവടക്കാരനായും.
10. വിദ്യാഭ്യാസത്തിലും ആരോഗ്യത്തിലും സര്‍ക്കാര്‍ കൃത്യമായ ഇന്‍ഫ്രാസ്ട്രക്ച്ചറുണ്ടാക്കിയതിനാല്‍ അവിടെന്നുള്ള പണം കൃത്യമായി നാട്ടിലേക്കെത്തി. ഇന്ത്യയിലേറ്റവും കൂടുതല്‍ പ്രവാസികളിന്ന് കേരളത്തില്‍ നിന്നല്ലാഞ്ഞിട്ടും ഏറ്റവും വരുമാനം ഇന്നും കേരളത്തിലേക്കെത്തുന്നത് അടിസ്ഥാനമേഖയില്‍ അവര്‍ കുടിയേറിയ നാടുകളേക്കാല്‍ ബെറ്റര്‍ സിസ്റ്റം ഇന്നാട്ടിലുണ്ടായതുകൊണ്ടാണ്, അതില്‍ വിശ്വസിച്ച് ഭാവിക്കായി ഇന്‍വെസ്റ്റ് ചെയ്യുന്നതുകൊണ്ട് തന്നെയാണ്.
11. അപ്പോ മലയാളിക്ക് റിസര്‍വേഷനുണ്ടായിട്ടല്ല, വംശത്തിന്റെയോ വര്ണത്തിന്റേയോ കൊണവുമല്ല. പേരിലുണ്ടായ ഭൂമി പണയം വച്ചുണ്ടാക്കിയ പണവും കയ്യിലുണ്ടായ വിദ്യയും കൊണ്ടാണ് മലയാളി പ്രവാസിയായത്. അവര്‍ക്കത് കിട്ടിയത് ഓട്ടുവിളക്കൊരച്ചപ്പോ പൊറത്ത് വന്ന ജീനി അനുഗ്രഹിച്ചോണ്ടല്ല, അമ്പത്തേഴില് അധികാരം കിട്ടിയപ്പോ തന്നെ കമ്യൂണിസ്റ്റുകള്‍ പാസാക്കിയ ഭൂ-വിദ്യാഭ്യാസ ബില്ലുകള്‍ കൊണ്ടാണ്. തുടര്‍ന്ന് സ്റ്റിക്കോണ്‍ ചെയ്ത ആ നയങ്ങള്‍ കൊണ്ടാണ്. അതിനൊപ്പം ആരോഗ്യരംഗത്തടക്കമുണ്ടായ നയങ്ങളുടെ എക്സിക്യൂഷന്റെ കരുത്ത് തന്നെയാണ് മേല്‍പ്പറഞ്ഞവരൊക്കെയുള്‍പ്പെടുന്ന കേരളാ മോഡലിന്റെ നട്ടെല്ല്.
12. കൊറോണ വന്നപ്പോ കര്‍ണാടക റോഡിലും കേന്ദ്രം കഞ്ഞിയിലും മണ്ണിട്ടോണ്ട് കേരളത്തിന്റെ പേരിലുണ്ടായിരുന്ന ഒരു ഒന്നാം നമ്പറും പോയിട്ടില്ല. എന്നാല്‍ ഈ കൊറോണക്കാലത്തൊരുപാട് കാര്യങ്ങളില്‍ കേരളം ഒന്നാമതെത്തീട്ടുണ്ടുതാനും. രാജ്യത്ത് കേരളമാണ് ഏറ്റവും കൂടുതല്‍ ടെസ്റ്റ് ചെയ്യുന്നത്, ഇവിടെയാണ് ഡെത്ത് റേറ്റ് ഏറ്റവും കുറവും റിക്കവറി റേറ്റ് കൂടുതലുമുള്ളത്, ശ്വസനസഹായിയും കിയോസ്കും സ്വന്തമായി വികസിപ്പിച്ചത്, ഇന്ത്യയിലിന്നുള്ള 6% കോവിഡ് രോഗികള്‍ മാത്രമുള്ള ഇവിടാണ് രാജ്യത്ത് ആകെയുള്ളതിന്റെ 68% റിലീഫ് കാമ്പുകളുള്ളത്, 49% പേര് ഐസൊലേഷന്‍ സൗകര്യമൊരിക്കിയത്. പലവഴി പതിനെട്ടും നോക്കി ചവിട്ടിയിട്ടും രാജ്യത്തിന് മാതൃകയാകുന്നത്, അത് അന്താരാഷ്ട്രമാധ്യമങ്ങളില്‍ വാര്‍ത്തയാവുന്നത്, ചികില്‍സ കിട്ടിയ വിദേശപൗരന്മാര് സ്വന്തം രാജ്യത്തെ പോലും വിട്ട് പുകഴ്ത്തുന്നത്.
13. ഇന്നിപ്പോ ഉള്ളിലൂറി ചിരിക്കുന്ന സംഘികളോ സംഘിക്ക് പഠിക്കുന്ന കൊങ്ങികളോ സമയം കിട്ടുമ്പോ നിന്റെയൊക്കെ നേതാക്കള്‍ വായില്‍ വിരലിട്ടിരുന്ന് ഭരിക്കുന്ന സ്റ്റേറ്റുകളുടെ മിനിമം കൊറോണക്കാലത്തെ ഇന്‍ഡക്സുകളൊന്നെടുത്ത് നോക്കണം. മറ്റ് ഡെവലപ്മെന്റ് ഇന്‍ഡക്സൊക്കെ നോക്കണമെന്ന് പറയുന്നത് കണ്ണീച്ചോരയില്ലാത്ത ഏര്‍പ്പാടാണന്നറിയാം, അതോണ്ടാണ്. എന്നിട്ട് നെഞ്ചില്‍ കൈ വച്ച് പറയാമോ, നീയൊന്നും കേരളത്തിലല്ലായിരുന്നെങ്കില്‍ സമാധാനത്തോടെ ഉറങ്ങുമായിരുന്നെന്ന്.
14. കേരളം ആര്‍ക്ക് മുന്നിലും വാതിലടക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. ചികില്‍സ മുട്ടുന്ന അതിര്‍ത്തിഗ്രാമങ്ങളില്‍ നിന്നുള്ളവര്‍ക്ക് അതിനുള്ള സൗകര്യമൊരുക്കാന്‍ ഇവിടെ തീരുമാനമായിട്ടുണ്ട്. ഇനി ഇവിടത്തെ സീനൊന്നടങ്ങിയാല്‍ ഹെല്‍ത്ത് ടീമിനെ മറ്റിടത്തേക്കയക്കാനും ഈ സര്‍ക്കാര്‍ തയ്യാറാവും. ആപത്തുകാലത്തൊക്കെ ഇന്നത്തെ കേരളം അങ്ങനെ ചെയ്തിട്ടുമുണ്ട്. ഈ നാട് ഭരിക്കുന്നത് അങ്ങനുള്ളവരാണ്.
അവര്‍ക്ക് അതിരിനിപ്പുറത്തുള്ളവരെ മാത്രം മനുഷ്യരായിക്കാണുന്ന വലതുബോധമല്ല, നാട്ടിലപകടം പറ്റുമ്പോ സ്വന്തം വീടടച്ചിരിക്കുന്ന സ്വാര്‍ത്ഥതയുമില്ല. ഉള്ളത് അതിരില്‍ മണ്ണിട്ടാലടയാത്ത സഹജീവിസ്നേഹമാണ്, അവിടംകൊണ്ടവസാനമാവാത്ത മാനവികതയാണ്, മനുഷ്യന് കൈത്താങ്ങാവാന്‍ മുന്നും പിന്നും നോക്കാത്ത രാഷ്ട്രീയമാണ്.
അതിനെ ജയിക്കാന്‍ കുറുകെ ഒരു കൊട്ട മണ്ണല്ല, ഒരു ടിപ്പര്‍ ചരലല്ല, ഒരൂക്കന്‍ മലയല്ല, ഒരു ലോകമിടിച്ചിട്ടാലും മതിയാവേമില്ല.
Discussion about this post