കോട്ടയം: ശബരിമലയില്‍ കേസ് നടത്താനായി പണം സമാഹരിക്കുക എന്ന ലക്ഷ്യത്തോടെ പന്തളം കൊട്ടാരം നിര്‍വാഹക സമിതി അപ്പവും അരവണയും ഉണ്ടാക്കി വില്‍പ്പന ചെയ്യുന്നുവെന്ന സംഘപരിവാര്‍ പ്രവര്ത്തകന് ശ്രീജിത്ത് പന്തളത്തിന്റെ പ്രചാരണം തള്ളി പന്തളം കൊട്ടാരം രംഗത്ത്. ഇക്കാര്യം വിശദീകരിച്ച് പന്തളം കൊട്ടാരം നിര്‍വാഹക സമിതി വിശദീകരണ കുറിപ്പിറക്കിയതോടെ ശ്രീജിത്ത് പന്തളം മാപ്പ് പറഞ്ഞു. പന്തളം നിര്‍വാഹക സമിതി എന്ന് തെറ്റായി പോസ്റ്റില്‍ വന്നുപോയതാണെന്നും ശ്രീജിത്ത് ഫേസ്ബുക്കില്‍ പങ്കുവച്ച വീഡിയോയില്‍ പറയുന്നു.
‘ശബരിമല ദര്‍ശനം കഴിഞ്ഞ് പന്തളത്ത് എത്തുന്ന അയ്യപ്പഭക്തര്‍ പന്തളം കൊട്ടാരത്തിന്റെ തേവാരപ്പുരയിലും അതിനോട് ചേര്‍ന്നുള്ള കൗണ്ടറിലും ലഭ്യമാകുന്ന അരവണ അപ്പം എന്നിവ വാങ്ങുക. മികച്ച നിലവാരത്തിലും ഗുണമേന്മയിലും സീല്‍ഡ് ടിന്നില്‍ ലഭ്യമാണ്. അരവണയ്ക്ക് 60 രൂപയാണ് വില. ആവശ്യത്തിന് സ്റ്റോക്ക് ഉണ്ട്. ഇത് കൊട്ടാരം നിര്‍വാഹക സംഘവും പന്തളം രാജകുടുംബവും നിര്‍മ്മിക്കുന്നതാണ്. ഇതിന് ദേവസ്വം ബോര്‍ഡുമായി ബന്ധമില്ല.’ ഇതായിരുന്നു ശ്രീജിത്ത് പന്തളം ഫേസ്ബുക്കില്‍ കുറിച്ചത്. ഇതിന് പിന്നാലെ പോസ്റ്റ് വൈറലാവുകയും ഒട്ടേറെ സംഘപ്രവര്‍ത്തകര്‍ ഇക്കാര്യം വ്യാപകമായി സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. സംഭവം വൈറലായതോടയാണ് വിശദീകരണവുമായി കൊട്ടാരം രംഗത്തെത്തിയത്.
‘പന്തളം കൊട്ടാരം നിര്‍വാഹക സംഘം അപ്പം, അരവണ നിര്‍മ്മിച്ച് വില്പന നടത്തുന്നുണ്ടെന്നും അതില്‍ നിന്ന് ലഭിക്കുന്ന വരുമാനം യുവതീ പ്രവേശന കേസുകള്‍ക്ക് ഉപയോഗിക്കുമെന്നും കാണിച്ച് സോഷ്യല്‍ മീഡിയകളില്‍ വ്യാപകമായ പ്രചരണം നടക്കുന്നതായി കൊട്ടാരം നിര്‍വാഹക സംഘത്തിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. പന്തളം കൊട്ടാരം നിര്‍വാഹക സംഘം അപ്പം അരവണ ഇവ നിര്‍മ്മിക്കുകയോ വിപണനം നടത്തുകയോ ചെയ്യുന്നില്ല എന്ന് എല്ലാ അയ്യപ്പഭക്തരോടും അറിയിക്കുന്നു. കൊട്ടാരം നിര്‍വാഹക സംഘത്തിന്റെ പേരില്‍ ഇപ്രകാരം പ്രചരണം നടത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അറിയിക്കുന്നു…’ പ്രസ്താവനയില്‍ പറയുന്നു.
കൊട്ടാരം നിര്‍വാഹക സംഘം ഇത്തരത്തില്‍ അപ്പവും അരവണയും വിതരണം ചെയ്യുന്നില്ലെന്ന് പറഞ്ഞതോടെ വിശദീകരണവുമായി ശ്രീജിത്ത് പന്തളം എത്തി. കൊട്ടാരം നിര്‍വാഹക സമിതി എന്നത് തെറ്റായി പോസ്റ്റില്‍ ചേര്‍ത്തതാണെന്നും ആ പോസ്റ്റ് പിന്നീട് എഡിറ്റ് ചെയ്തിരുന്നെന്നും ഇയാള്‍ വ്യക്തമാക്കുന്നു. അങ്ങനെ തെറ്റായ വിവരം ആദ്യം പോസ്റ്റില്‍ ഉള്‍പ്പെടുത്തിയതിന് മാപ്പ് ചോദിക്കുന്നതായും ശ്രീജിത്ത് പറയുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ തേവാരപ്പുരയില്‍ അപ്പവും അരവണയും ലഭ്യമാണ്. തേവാരപ്പുരയിലും പന്തളത്തും എത്തുന്ന ഭക്തര്‍ക്ക് വേണ്ടി ഈ വിവരം കൈമാറാനാണ് ഫേസ്ബുക്കില്‍ കുറിപ്പിട്ടതെന്നും ഇയാള്‍ വീഡിയോയില്‍ അവകാശപ്പെട്ടു.
ഒരേ കാര്യത്തിനായി പോരാടുന്ന തങ്ങളേയും കൊട്ടാരം സമിതിയേയും തെറ്റിധരിപ്പിക്കാന്‍ വേണ്ടി ചില നവമാധ്യമങ്ങള്‍ നടത്തുന്ന വ്യാജപ്രചാരണങ്ങളാണ് ഇതിനു പിന്നിലെന്നും പുതിയ ഫേസ്ബുക്ക് പോസ്റ്റില്‍ ശ്രീജിത്ത് പന്തളം ആരോപിച്ചു. പന്തളം കൊട്ടാരം അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയെന്നും ശ്രീജിത്ത് പറയുന്നു.
മണ്ഡലകാലത്ത് മിതമായ വിലയ്ക്ക് പണ്ട് മുതലേ കടുംപായസം പന്തളം കൊട്ടാരത്തിലും തേവാരപ്പുരയില്‍ എത്തുന്നവര്‍ക്ക് വാങ്ങാവുന്നതാണ്. മുന്‍പ് പ്ലാസ്റ്റിക് കുപ്പിയിലായിരുന്നു ഇത് ലഭിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ ശബരിമലയിലെ അരവണയെ ഓര്‍മ്മിപ്പിക്കുന്ന തരം പ്രകൃതിസൗഹൃദ പേപ്പര്‍ കണ്ടെയ്നറിലാണ് കടുംപായസം ലഭിക്കുന്നത്. ഈ ബോട്ടിലില്‍ പന്തളം രാജാവിന്റെയും മണികണ്ഠന്റെയും ചിത്രവും ഉണ്ട്. ഈ ബോട്ടിലിന്റെ ചിത്രവും പങ്കുവച്ചാണ് ഒരു സംഘത്തിന്റെ പ്രചാരണം.
അതേസമയം, വര്‍ഷങ്ങളായി ചെയ്തുവരുന്ന കടുംപായസവിതരണത്തെ അരവണയോട് ഉപമിച്ച് പ്രചാരം നല്‍കുന്നതിന് പിന്നില്‍ ദേവസ്വം ബോര്‍ഡിന്റെ വരുമാനം കുറയ്ക്കാനുള്ള നീക്കമാണെന്നാണ് ഉയരുന്ന ആക്ഷേപം.
Discussion about this post