തിരുവനന്തപുരം; ശബരിമല സന്നിധാനത്തു പ്രതിഷേധം അക്രമാസക്തമായപ്പോള്‍, കൂടുതല്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ അനുയായികള്‍ക്കു നിര്‍ദേശം നല്‍കണമെന്നും പ്രതിഷേധക്കാരെ ശാന്തരാക്കണമെന്നും ആര്‍എസ്എസ് നേതാവ് വല്സന് തില്ലങ്കേരിയോട് പോലീസ് ആവശ്യപ്പെടുകയായിരുന്നെന്നു മുഖ്യമന്ത്രി പിണറായി വിജയന്.
ആര്‍എസ്എസ് നേതാവ് ക്രമസമാധാനച്ചുമതല ഏറ്റെടുക്കുകയും മെഗാഫോണ്‍ ഉപയോഗിക്കുകയും ചെയ്തത് പോലീസിന്റെ വീഴ്ചയല്ലേയെന്ന നിയമസഭയിലെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. ഈ വിഷയത്തില്‍ ആദ്യമായാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
നിരോധനാജ്ഞ പ്രഖ്യാപിച്ച ശബരിമലയില്‍ ബിജെപി ആര്‍എസ്എസ് നേതാക്കള്‍ക്കു പ്രത്യേക പരിഗണന ലഭിച്ചോ എന്ന ചോദ്യത്തിന്, ശബരിമലയില്‍ ക്രമസമാധാനത്തിനു ചുമതലപ്പെട്ടവരൊഴികെ മറ്റാരെങ്കിലും ആധിപത്യം സ്ഥാപിച്ചതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു. അടിയന്തര സാഹചര്യത്തില്‍ ക്ഷേത്രമുറ്റത്തെ സമാധാന അന്തരീക്ഷം നിലനിര്‍ത്താനും ബലപ്രയോഗം മൂലം സാധാരണ ഭക്തര്‍ക്കു പ്രശ്നം ഉണ്ടാകാതിരിക്കാനുമാണ് നടപടികള്‍ സ്വീകരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Discussion about this post