കൊറോണ; കണ്ണൂരില്‍ ചികിത്സയില്‍ കഴിയുന്ന രണ്ടുപേരുടെ നില അതീവ ഗുരുതരം, ഒരാള്‍ മാഹി സ്വദേശി

കണ്ണൂര്‍: കൊറോണ ബാധിച്ച് കണ്ണൂരില്‍ ചികിത്സയില്‍ കഴിയുന്ന ഒരാളുടെ ആരോഗ്യ നില അതീവ ഗുരുതരം. മാഹി സ്വദേശിയായ 71കാരന്റെ ആരോഗ്യനിലയാണ് ഗുരുതരമായി തുടരുന്നത്. വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലായതിനെ തുടര്‍ന്ന് ഇയാളെ പരിയാരം മെഡിക്കല്‍ കോളേജിലെ വെന്റിലേറ്ററിലേക്ക് മാറ്റിയിരിക്കുകയാണ്.

കണ്ണൂരില്‍ പുതുതായി രോഗം സ്ഥിരീകരിച്ച മൂന്നുപേരില്‍ ഒരാളാണ് മാഹി ചെറുകല്ലായി സ്വദേശിയായ 71കാരന്‍. പാട്യം മുതിയങ്ങ, ചിറ്റാരിപ്പറമ്പ് സ്വദേശികളാണ് പുതിയതായി രോഗബാധ കണ്ടെത്തിയ മറ്റ് രണ്ടുപേര്‍. മാഹി സ്വദേശിയായ 71കാരന് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.

കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന ഇാളുടെ നില ഗുരുതരമാണെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. തുടര്‍ന്ന് ഇയാളെ രാത്രിയോടെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വൃക്കകള്‍ തകരാറിലായതിനാല്‍ ഇയാളെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഹൃദ്രോഗി കൂടിയായ ഇയാള്‍ക്ക് കടുത്ത ന്യുമോണിയ ബാധയുമുണ്ടെന്ന് മെഡിക്കല്‍ബോര്‍ഡ് അറിയിച്ചു.

ഇയാളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട മുഴുവന്‍ ആളുകളും ആരോഗ്യവകുപ്പുമായി ബന്ധപ്പെടണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. മാര്‍ച്ച് 15 മുതല്‍ ഇയാള്‍ ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ സഞ്ചരിക്കുകയും വിവിധ പൊതുചടങ്ങുകളില്‍ പങ്കെടുക്കുകയും ചെയ്തിട്ടുണ്ടെന്നും കളക്ടര്‍ വ്യക്തമാക്കി.

പുതുതായി രോഗം സ്ഥിരീകരിച്ച പാട്യം സ്വദേശിയായ 31കാരനും ചിറ്റാരിപ്പറമ്പ് സ്വദേശിയായ 42കാരനും മാര്‍ച്ച് 21, 22 തീയതികളില്‍ ദുബായില്‍നിന്നും നാട്ടിലെത്തിയവരാണ്. അതേസമയം, കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച പരിയാരത്ത് ചികിത്സയിലുളള ചെറുവാഞ്ചേരി സ്വദേശിയായ 81കാരന്റെ ആരോഗ്യ നിലയും അതീവ ഗുരുതരമായി തുടരുകയാണ്. ജില്ലയിലെ ആകെ രോഗബാധിതരുടെ എണ്ണം 56 ആയി. ഇതില്‍ ഇരുപത് പേര്‍ രോഗം ഭേദമായതിനെ തുടര്‍ന്ന് ആശുപത്രി വിട്ടതായി അധികൃതര്‍ അറിയിച്ചു.

Exit mobile version