പശുത്തൊഴുത്തില്‍ വെള്ളവസ്ത്രം ധരിച്ച ഒരാളെ കണ്ടുവെന്ന് സമീപവാസി; ശേഷം പശുത്തൊഴുത്തില്‍ കണ്ടത് അറുത്തുമാറ്റിയ പൂച്ചയുടെ തല; അമ്പരപ്പിക്കുന്ന സംഭവം എംഎല്‍എ അനില്‍ അക്കരയുടെ വീട്ടില്‍!

തൃശ്ശൂര്‍: പ്രത്യക്ഷപ്പെട്ട് നിമിഷ നേരംകൊണ്ട് മാറിക്കളയുന്ന ഒരു അജ്ഞാതന്‍ കുന്നംകുളത്തെയും തൃശ്ശൂരിലെയും ജനങ്ങളുടെ ഉറക്കം കെടുത്തിയിട്ട് കുറച്ച് നാളുകളായി. പലയിടത്താണ് ഈ ബ്ലാക്ക് മാനെ കണ്ടുവരുന്നത്. പലരും ഇങ്ങനെ ഒരാളെ കണ്ടതായി പറഞ്ഞുതുടങ്ങിയതോടെ ജനങ്ങളില്‍ ഭയം ഉടലെടുത്തിരിക്കുകയാണ്. സംഭവത്തിലെ സത്യസ്ഥിതിയാണ് ഇന്ന് ഏവരും ഉറ്റ് നോക്കുന്നത്.

ഇപ്പോള്‍ എംഎല്‍എ അനില്‍ അക്കരയുടെ വീട്ടിലും ജനങ്ങളില്‍ ഭീതി ഉളവാക്കുന്ന സംഭവമാണ് അരങ്ങേറിയിരിക്കുന്നത്. പുലര്‍ച്ചെ അഞ്ചരയിക്ക് എംഎല്‍എയുടെ വീടിനു പുറകിലെ പശുത്തൊഴുത്തില്‍ വെള്ളവസ്ത്രം ധരിച്ച ഒരാളെ കണ്ടുവെന്നും, കുറച്ചു കഴിഞ്ഞപ്പോള്‍ പശുത്തൊഴുത്തിനു സമീപത്തു നിന്ന് ആള്‍ നടന്നു പോയതായും കണ്ടുവെന്ന് സമീപത്തെ വീട്ടമ്മ സിമിലി പറയുന്നു.

ശേഷം രാവിലെ പശുത്തൊഴുത്തില്‍ അറുത്തുമാറ്റിയ പൂച്ചയുടെ തലയും കണ്ടു. ഇതോടെയാണ് പ്രദേശത്ത് ഭീതി ഉയര്‍ന്നിരിക്കുന്നത്. തൃശ്ശൂര്‍ പുറനാട്ടുകരയിലെ അനില്‍ അക്കര എംഎല്‍എ താമസിക്കുന്ന വീട്ടിലാണ് സംഭവം. വീടിനു പുറകില്‍ പശുത്തൊഴുത്തുണ്ട്. ഇതിനു സമീപത്താണ് പുലര്‍ച്ചെ അഞ്ചരയ്ക്കു ആളെ കണ്ടത്. പശുവിന് വെള്ളം കുടിക്കാന്‍ വേണ്ടി വച്ചിരിക്കുന്ന വലിയ പാത്രത്തിലാണ് പൂച്ചത്തല കണ്ടത്.

എല്ലാദിവസവും ഈ പാത്രത്തിലെ വെള്ളം മാറ്റാറുണ്ട്. പൂച്ചത്തല കൂടി കണ്ടതും തൊഴുത്തിനു സമീപം ആളെ കണ്ടതും കൂടി കൂട്ടിവായിച്ചപ്പോഴാണ് ഭീതിയിലേയ്ക്ക് വഴിവെച്ചത്. എന്നാല്‍ എംഎല്‍എ കുടുംബസമേതം താമസിക്കുന്ന വീട്ടില്‍ ഇങ്ങനെ ഒരു സംഭവമുണ്ടായത് സാമൂഹികവിരുദ്ധര്‍ വാര്‍ത്താപ്രാധാന്യത്തിനു വേണ്ടി ചെയ്തതാകാമെന്ന് പോലീസ് പറയുന്നു. സാമൂഹിക വിരുദ്ധരുടെ വികൃതികള്‍ക്ക് കൂറേക്കൂടി വിശ്വാസ്യത കിട്ടാനാകും എംഎല്‍എയുടെ വീട് തെരഞ്ഞെടുത്തതെന്നാണ് പോലീസിന്റെ പക്ഷം.

സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തി വരികയാണ്. എംഎല്‍എയുടെ വീടിനു സമീപത്തെ ഏതെങ്കിലും സിസിടിവി കാമറകളില്‍ പൂച്ചത്തല കൊണ്ടുവന്നയാളെ തിരിച്ചറിയാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് പോലീസ്. പൂച്ചയുടെ തല മറ്റെവിടെയെങ്കിലും അറുത്തുമാറ്റിയ ശേഷമാകാം എംഎല്‍എയുടെ വീട്ടില്‍ കൊണ്ടിട്ടത്. ഉടലിന്റെ മറ്റുഭാഗം കണ്ടെത്താന്‍ പോലീസ് വ്യാപകമായ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല.

Exit mobile version