എരുമേലി: എരുമേലിയിലെ പുത്തന്‍ വീട് അറിയാത്തവര്‍ വിരളമാണ്. എരുമേലിയിലെത്തുന്ന ഭക്തരില്‍ നല്ലൊരു പങ്കും പുത്തന്‍വീട്ടില്‍ എത്തി ഉടവാളും വണങ്ങിയാണ് മടങ്ങുന്നത്. എന്നാല്‍ എന്താണ് ഈ ഇടിഞ്ഞു പൊളിഞ്ഞ വീടിന്റെ ഐതിഹ്യം എന്ന് അറിയാത്തവരും ഉണ്ട്.
ഈ വീട്ടില്‍ അയ്യപ്പന് അന്തിയുറങ്ങി എന്നാണ് വിശ്വാസം. ഇന്നും പൗരാണികത ചോരാതെ അനന്തരാവകാശികള്‍ വീട് സൂക്ഷിക്കുന്നു. പുത്തന്‍വീടിന്റെ ഐതിഹ്യമാണ് അയ്യപ്പന് എരുമേലിയില്‍ എത്തിയെന്നതിന്റെ വിശ്വാസം.
പുലിപ്പാല് തേടിവന്ന അയ്യപ്പന് എരുമേലിയില്‍ മഹിഷിയെന്ന അസുരന് സൃഷ്ടിക്കുന്ന ദുഷ്ചെയ്തികളെ കുറിച്ച് അറിഞ്ഞു. മഹിഷിയെ വധിക്കാന്‍ എരുമേലിയില്‍ രാത്രി തങ്ങണമെന്ന ആവശ്യം പുത്തന്‍വീട്ടിലെ മുത്തശ്ശിയോട് പങ്കുവച്ചു. മഹിഷിയെ വധിച്ചതിന് നാട്ടുകാര്‍ നടത്തിയ ആഹ്ളാദ പ്രകടനമാണ് പേട്ട തുള്ളലായി വിശ്വാസികള്‍ ആചരിക്കുന്നത്.
മഹിഷിയെ നിഗ്രഹിക്കാന്‍ ഉപയോഗിച്ചെന്ന് വിശ്വസിക്കുന്ന ഉടവാള് പുത്തന്‍വീട്ടുകാര്‍ വിളക്ക് തെളിയിച്ച് ഇന്നും സൂക്ഷിക്കുന്നു. എരുമേലി വലിയമ്പലത്തിന് സമീപത്താണ് പുത്തന്‍വീട്. ശബരിമലയില്‍ എത്തുന്ന ഭക്തരില്‍ ഒരു വിഭാഗം പുത്തന്‍വീട്ടില്‍ കയറിയ ശേഷമാണ് സന്നിധാനത്തേക്ക് പോകുന്നത്. പുത്തന്‍വീട് ഏറ്റെടുക്കാന്‍ ദേവസ്വംബോര്‍ഡ് താല്പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും ആചാരാനുഷ്ഠാനങ്ങളോടെ നിലനിര്‍ത്താന്‍ അനന്തരാവകാശികള്‍ തീരുമാനിക്കുകയായിരുന്നു.
Discussion about this post