‘എല്ലാ വിധ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കുമ്പോഴും ഏതെങ്കിലും ഒരു പഴുതിലൂടെ നമ്മളേയും ഈ രോഗം പിടികൂടും എന്ന തിരിച്ചറിവാണ് ഉണ്ടായത്’ ഇത് ലോകത്തെ തന്നെ നടുക്കുന്ന കൊറോണ വൈറസിനെ തോല്‍പ്പിച്ച് കരകയറി വന്ന നഴ്സിന്റെ വാക്കുകളാണ് ഇത്.
ആദ്യം കൊവിഡ് ബാധ സ്ഥിരീകരിച്ചപ്പോള്‍ ഭയം തോന്നിയെങ്കിലും പിന്നീട് പല ആവര്‍ത്തി മനസില്‍ കുറിക്കുകയായിരുന്നു തിരിച്ചു വരുമെന്ന്. ഒപ്പം വീട്ടുകാര്‍ക്കും ആത്മവിശ്വാസം പകര്‍ന്ന് നല്‍കുകയായിരുന്നു. കൊവിഡിനെ തോല്‍പ്പിച്ച് ചെറുപുഞ്ചിരിയോടെ നടന്ന് പോകുന്ന രേഷ്മയെ കേരളം കണ്ടത് ആവേശത്തോടെയായിരുന്നു. അതിലുപരി സന്തോഷത്തോടെയും. ഇപ്പോള്‍ വൈറസ് അതിജീവനത്തെ കുറിച്ച് പറയുകയാണ് രേഷ്മ.
രേഷ്മയുടെ വാക്കുകള്‍;
കോട്ടയം മെഡിക്കല്‍ കോളജില്‍ ഓപ്പറേഷന് തീയറ്ററിലായിരുന്നു എനിക്ക് ഡ്യൂട്ടി. പൊടുന്നനെ ഒരു അറിയിപ്പ് ഉണ്ടാകുന്നു, ‘കോവിഡ് ശരവേഗത്തില്‍ പടരുന്നു. രണ്ടാം സ്റ്റേജില്‍ രോഗവാഹകരായത് ഇറ്റലിയില്‍ നിന്നുള്ള കുടുംബം.’ സോഷ്യല്‍ മീഡിയയും മാധ്യമങ്ങളും കാട്ടുതീ പോലെ പടര്‍ത്തിയ വാര്‍ത്തയുടെ അലയൊലികള്‍ ഞങ്ങളുടെ ആശുപത്രിയിലേക്കെത്തി. ഓപ്പറേഷന് തീയറ്റര്‍ ക്ലോസ് ചെയ്ത് എല്ലാവരും കോവിഡ് ഡ്യൂട്ടിക്കെത്താന്‍ മേലുദ്യോഗസ്ഥരുടെ അറിയിപ്പ് അങ്ങനെ മാര്‍ച്ച് 12മുതല്‍ കോവിഡിനെ തുരത്താനുള്ള പോരാട്ടത്തില്‍ ഞാനും കണ്ണിചേര്‍ന്നു. ജീവിതത്തിലെ നിര്‍ണായക പോരാട്ടം.
ഇറ്റലിയില്‍ നിന്നെത്തിയ കുടുംബത്തിലെ വൃദ്ധരായ മാതാപിതാക്കളെ പരിചരിക്കാനുള്ള അവസരമാണ് എനിക്ക് കിട്ടിയത്. തൊണ്ണൂറ്റി മൂന്നും എണ്‍പത്തിയെട്ടും വയസ്സുള്ളവരാണ് അവര്‍. മറ്റുള്ളവരേക്കാള്‍ കൂടുതല്‍ കെയര്‍ വേണ്ടവര്‍. എഴുന്നേറ്റ് നടക്കാന്‍ ആകുമായിരുന്നെങ്കിലും ഐസൊലേഷന്‍ വാര്‍ഡിലേക്ക് അവരെത്തുമ്പോള്‍ അവശരായിരുന്നു. പ്രത്യേക സാഹചര്യത്തില്‍ അവരെ കിടപ്പു രോഗികളാക്കി തന്നെ പരിഗണിക്കേണ്ടതുണ്ടായിരുന്നു. വൃദ്ധരായത് കൊണ്ട് തന്നെ അവരെ അടുത്ത് നിന്ന് പരിചരിക്കേണ്ടി വന്നു. അപ്പോള്‍ സ്വന്തം ശരീരമോ ആരോഗ്യമോ ഒന്നും നമ്മള് ശ്രദ്ധിച്ചു എന്നു വരില്ല. 12നു തുടങ്ങിയ ഡ്യൂട്ടി 22ലേക്ക് എത്തിയപ്പോഴേക്കും പ്രതീക്ഷിക്കാത്തൊരു അതിഥി എന്റെ ഓട്ടത്തിന് സ്റ്റോപ്പിട്ടു. നിനച്ചിരിക്കാത്ത നേരത്ത് കൊറോണ എന്നെ പിടികൂടുന്നത് അങ്ങനെയാണ്.
പനിയായിട്ടായിരുന്നു തുടക്കം. ഒപ്പം ശാരീരിക അസ്വസ്ഥകളുമുണ്ടായിരുന്നു. ഫീവര്‍ ക്ലിനിക്കില്‍ കാണിച്ചപ്പോള്‍ കൊറോണ രോഗലക്ഷണങ്ങള്‍ കൂടി മുന്‍നിര്‍ത്തി സാമ്പിളുകള്‍ എടുത്തു. ഞാന്‍ ടെന്‍ഷനാകേണ്ട എന്നു കരുതിയാകും റിസള്‍ട്ട് കുറച്ചു നേരത്തേക്ക് എന്നില്‍ നിന്നും മറച്ചു വച്ചു. പക്ഷേ ചില പെരുമാറ്റങ്ങള്‍ എന്റെ സംശയങ്ങളെ ഊട്ടിയുറപ്പിച്ചു. എനിക്കൊപ്പം ജോലി ചെയ്തിരുന്ന നഴ്സുമാരെ ഐസൊലേറ്റ് ചെയ്തു. അടുത്ത് പെരുമാറിയവരെയും ഐസലേറ്റ് ചെയ്തു. ഇത്രയും ആയപ്പോഴേ കാര്യങ്ങള്‍ കൈവിട്ടുപോകുകയാണെന്ന് എനിക്ക് തോന്നി. ഒടുവില്‍ ഡോക്ടര്‍ ഹരികൃഷ്ണന് മാസ്കും കൊറോണ കിറ്റും ധരിച്ച് എനിക്ക് അരികിലേക്ക് എത്തിയപ്പോള്‍ കാര്യങ്ങള്‍ കുറച്ചുകൂടി വ്യക്തമായി. കോവിഡ് എന്നെയു ബാധിച്ചു എന്ന സത്യം വേദനയോടെ ഞാന്‍ മനസിലാക്കി.
ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് എന്റെ മനസ് പറഞ്ഞിരുന്നു. എല്ലാ വിധ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കുമ്പോഴും ഏതെങ്കിലും ഒരു പഴുതിലൂടെ നമ്മളേയും ഈ രോഗം പിടികൂടും എന്ന തിരിച്ചറിവാണ് ഉണ്ടായത്. ഡ്യൂട്ടിക്കിറങ്ങിയ നാള് തൊട്ടേ ഞാന്‍ കിറ്റിന് അകത്തായിരുന്നു. അതിനകത്ത് കയറുന്ന കഷ്ടപ്പാട് പറയാതിരിക്കുകയാണ് ഭേദം. ചൂടില്‍ ഉരുകിയൊലിച്ച് വെള്ളം പോലും കുടിക്കാനാകാതെ കഴിച്ചു കൂട്ടിയ മണിക്കൂറുകള്‍. രോഗം തിരിച്ചറിയുമ്പോഴും അതെല്ലാം വെറുതെയായിപ്പോയി എന്ന തോന്നലല്ല ഉണ്ടായത്. യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞു അത്ര തന്നെ.
മറ്റൊരാള്‍ക്ക് കൂടി ആ രോഗം പടര്‍ത്താതെ നേരെ ഐസൊലേഷനിലേക്ക്. വീട്ടിലെ അവസ്ഥയായിരുന്നു കഷ്ട്ം. തൃപ്പുണ്ണിത്തുറ തിരുവാങ്കുളത്തെ ഭര്‍തൃവീട്ടില്‍ അദ്ദേഹവും അമ്മയും മാത്രം. എനിക്ക് രോഗം ഉണ്ടെന്നറിഞ്ഞതോടെ അമ്മ കരച്ചിലായി. ഭര്‍ത്താവിനെ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കി. എന്റെ വീട്ടിലും കാര്യങ്ങള്‍ വ്യത്യസ്തമായിരുന്നില്ല. അച്ഛനും അമ്മയും കരച്ചിലോടു കരച്ചില്. എന്നോടു സംസാരിച്ചാല്‍ കാര്യങ്ങള്‍ വഷളാകും എന്ന് അറിയാവുന്നതു കൊണ്ട് അവരോട് ഞാന്‍ ഫോണില്‍ സംസാരിച്ചില്ല. കാര്യങ്ങള്‍ സഹോദരനിലൂടെ അച്ഛനേയും അമ്മയേയും അറിയിച്ചു. പക്ഷേ എന്നിട്ടും ആധിയായിരുന്നു അവര്‍ക്ക്.
എനിക്കൊപ്പം ഐസൊലേറ്റ് ചെയ്തിരുന്ന പലര്‍ക്കും പല നെഗറ്റീവുകള്ക്കൊടുവിലാണ് പ്രതീക്ഷയുടെ പോസിറ്റീവ് എത്തിയത്. എന്റെ കാര്യത്തിലും അങ്ങനെ തന്നെ സംഭവിക്കുമെന്ന് ഉറച്ചു വിശ്വസിച്ചു. നാലോ അഞ്ചോ പ്രാവശ്യം സ്രവ പരിശോധനയ്ക്ക് വിധേയയായി. ഓരോ തവണയും പോസിറ്റീവായിതന്നെ തുടര്‍ന്നു. പക്ഷേ തളരരുതെന്ന് മനസിനെ പറഞ്ഞ് പഠിപ്പിച്ചു. ഒടുവില്‍ കാത്തിരുന്ന ഫലം പ്രതീക്ഷിച്ചതിലും നേരത്തെയെത്തി. വീട്ടില്‍ പോകാന്‍ റെഡിയാണോ എന്ന് ഡോക്ടര്‍ ചോദിച്ചപ്പോഴാണ് ശ്വാസം നേരെ വീണത്. ഒടുവില്‍ എന്നെ സ്നേഹിച്ചവരുടെ സ്നേഹവായ്പുകള്‍ക്കും കയടികള്ക്കും നടുവിലൂടെ ഞാന്‍ വീട്ടിലേക്ക്.
പ്രചോദനമേകി ആരോഗ്യമന്ത്രി കെകെ ഷൈലജ ടീച്ചര്‍ ഫോണില്‍ വിച്ചത് മറക്കാത്ത ഓര്‍മയാണ്. അഭിമാനം തോന്നിയ നിമിഷം. ഇപ്പോള്‍ ഞാന്‍ സ്വല്പ്പം തിടുക്കത്തിലാണ്, ക്വാറന്റിന് പൂര്‍ത്തിയാക്കാന്‍. വീണ്ടും എനിക്ക് അവിടേക്ക് എത്തണം. എന്റെ സഹപ്രവര്‍ത്തകര്‍ക്കൊപ്പം ഈ പോരാട്ടത്തിന്റെ മുന്നണിയില്‍ ഞാനും ഉണ്ടാകണം. എനിക്കുറപ്പുണ്ട്, ഈ യുദ്ധവും നമ്മള് അതിജീവിക്കും.
Discussion about this post