തൃശ്ശൂര്‍: കൊവിഡ് 19 വൈറസിന്റെ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ള ഒരു സാധനമാണ് ഫേസ് മാസ്‌ക്. വിപണിയില്‍ മാസ്‌കിന് ദൗര്‍ലഭ്യം അനുഭവപ്പെടുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഫേസ് മാസ്‌ക് വീട്ടില്‍ നിര്‍മ്മിക്കുന്നത് എങ്ങനെയെന്ന് പഠിപ്പിക്കുകയാണ് നടന്‍ ഇന്ദ്രന്‍സ്. പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ ടെയ്‌ലറിംഗ് യൂണിറ്റിലാണ് താരം തന്റെ ആ പഴയ വസ്ത്രാലങ്കാരകന്റെ വേഷം വീണ്ടും അണിഞ്ഞ് രംഗത്ത് എത്തിയിരിക്കുന്നത്. ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ ഈ വീഡിയോ പങ്കുവെച്ചിട്ടുണ്ട്.
മാസ്‌ക് നിര്‍മ്മിക്കേണ്ടത് എങ്ങനെയെന്ന് വളരെ കൃത്യമായി ഇന്ദ്രന്‍സ് വീഡിയോയിലൂടെ പറഞ്ഞ് തരുന്നുണ്ട്. മാസ്‌ക് നിര്‍മ്മിക്കുന്നതിനായി എടുക്കേണ്ട തുണിയുടെ അളവ്, തയ്‌ക്കേണ്ട രീതി തുടങ്ങിയ വിവരങ്ങളെല്ലാം വളരെ കൃത്യമായി തന്നെ അദ്ദേഹം ഈ വീഡിയോയില്‍ വിവരിക്കുന്നുണ്ട്. അഞ്ച് മിനിട്ടോളം ദൈര്‍ഘ്യമുള്ള ഈ വീഡിയോ ഇതിനോടകം പലരും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.
ജയില്‍ ഡിജിപി ഋഷിരാജ് സിംഗിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് കണ്ണൂര്‍, വിയ്യൂര്‍, പൂജപ്പുര സെന്‍ട്രല്‍ ജയിലുകളില്‍ മാസ്‌ക്കിന്റെ നിര്‍മ്മാണം ആരംഭിച്ചത്. മാര്‍ക്കറ്റില്‍ 25 രൂപയ്ക്ക് ലഭിക്കുന്ന മാസ്‌ക്കുകള്‍ ജയില്‍ വകുപ്പ് നല്‍കുന്നത് വെറും എട്ടു രൂപയ്ക്കാണ്. ഇതിനോടകം തന്നെ ഒരു ലക്ഷത്തിലധികം മാസ്‌കുകളാണ് ജയില്‍ നിന്ന് നിര്‍മ്മിച്ച് നല്‍കിയത്.