‘കേരളമാണ് കൂടുതൽ സുരക്ഷ’; ജർമ്മൻ എംബസി ഏർപ്പാടാക്കിയ വിമാനത്തിൽ തിരിച്ചുപോകാതെ നാദിയ; മഹാവ്യാധിയുടെ കാലത്ത് ലഭിച്ച മകളെ കുറിച്ച് അശോകൻ ചരുവിൽ

തൃശ്ശൂർ: മഹാമാരിയായ കൊറോണ ആശങ്ക വിതയ്ക്കുമ്പോഴും വീടിനുള്ളിൽ ഒതുങ്ങി കഴിയുന്ന കുടുംബത്തിലേക്ക് ആശ്വാസമായി എത്തിയ പുതിയ മകളെ കുറിച്ച് എഴുത്തുകാരൻ അശോകൻ ചരുവിൽ. അദ്ദേഹത്തിന്റെ മകൻ രാജയുടെ സുഹൃത്തും പ്രതിശ്രുത വധുവുമായ നിയമവിദ്യാർത്ഥിനിയായ നാദിയയെ കുറിച്ചാണ് എഴുത്തുകാരന്റെ കുറിപ്പ്.

‘പ്രിയപ്പെട്ടവന്റെ നാടും വീടും മാതാപിതാക്കളേയും കാണാനായി അവന്റെ കൂടെ കഴിഞ്ഞ മാസം 5ന് വന്നതാണ്. ജർമ്മനിയിൽ നിന്ന്. കഴിഞ്ഞ 29ന് തിരിച്ചു പോകാൻ ടിക്കറ്റെടുത്തിരുന്നു. ഇപ്പോൾ യാത്ര അനിശ്ചിതത്വത്തിൽ. കേരളത്തിലെ ജർമ്മൻ പൗരന്മാരെ തിരിച്ചു കൊണ്ടുപോകാൻ എമ്പസി ചാർട്ടേർഡ് ഫ്‌ലൈറ്റ് ഏർപ്പാടാക്കിയിരുന്നു. ഇവൾ പോയില്ല. അന്തരീക്ഷം ശരിയായിട്ട് രാജയുടെ ഒപ്പം പോയാൽ മതിയെന്നാണ് തീരുമാനം. ഇപ്പോൾ കേരളമാണ് കൂടുതൽ സുരക്ഷ എന്ന് അവൾ പറയുന്നു. ഇപ്പോൾ വീട്ടിൽ എല്ലായിടത്തും അവളുടെ പൊട്ടിച്ചിരിയും ഉച്ചത്തിലുള്ള വർത്തമാനവും മുഴങ്ങുന്നു. (നന്നായി ഇംഗ്ലീഷ് സംസാരിക്കും) ഒരു മകൾ എത്രമാത്രം വലിയ സ്‌നേഹമാണെന്ന് ഞങ്ങൾ ഇപ്പോൾ ശരിക്കും മനസ്സിലാക്കുന്നുണ്ട്. സ്‌നേഹത്തിന് വർണ്ണ വംശ ഭേദങ്ങളില്ല എന്നും.’-അശോകൻ ചരുവിൽ പറയുന്നു.

അശോകൻ ചരുവിലിന്റെ ഫേസ്ബുക്ക് കുറിപ്പ്:

ഇവൾ നാദിയ (Nadja Bouteldja). മഹാവ്യാധിയുടെ ഈ കാലത്ത് ആശ്വാസമായി ഞങ്ങൾക്കു കിട്ടിയ മകൾ. മകൻ രാജയുടെ പെൺ സുഹൃത്തും പ്രതിശ്രുത വധുവുമാണ്. നിയമ വിദ്യാർത്ഥിനി. പ്രിയപ്പെട്ടവന്റെ നാടും വീടും മാതാപിതാക്കളേയും കാണാനായി അവന്റെ കൂടെ കഴിഞ്ഞ മാസം 5ന് വന്നതാണ്. ജർമ്മനിയിൽ നിന്ന്. കഴിഞ്ഞ 29ന് തിരിച്ചു പോകാൻ ടിക്കറ്റെടുത്തിരുന്നു. ഇപ്പോൾ യാത്ര അനിശ്ചിതത്വത്തിൽ. കേരളത്തിലെ ജർമ്മൻ പൗരന്മാരെ തിരിച്ചു കൊണ്ടുപോകാൻ എമ്പസി ചാർട്ടേർഡ് ഫ്‌ലൈറ്റ് ഏർപ്പാടാക്കിയിരുന്നു. ഇവൾ പോയില്ല. അന്തരീക്ഷം ശരിയായിട്ട് രാജയുടെ ഒപ്പം പോയാൽ മതിയെന്നാണ് തീരുമാനം. ഇപ്പോൾ കേരളമാണ് കൂടുതൽ സുരക്ഷ എന്ന് അവൾ പറയുന്നു.

ഇപ്പോൾ വീട്ടിൽ എല്ലായിടത്തും അവളുടെ പൊട്ടിച്ചിരിയും ഉച്ചത്തിലുള്ള വർത്തമാനവും മുഴങ്ങുന്നു. (നന്നായി ഇംഗ്ലീഷ് സംസാരിക്കും) ഒരു മകൾ എത്രമാത്രം വലിയ സ്‌നേഹമാണെന്ന് ഞങ്ങൾ ഇപ്പോൾ ശരിക്കും മനസ്സിലാക്കുന്നുണ്ട്. സ്‌നേഹത്തിന് വർണ്ണ വംശ ഭേദങ്ങളില്ല എന്നും. അവൾ വരുമ്പോൾ യൂറോപ്യൻ ഭക്ഷണത്തിലേക്ക് മാറണമെന്ന് ഞങ്ങൾ തീരുമാനിച്ചിരുന്നു. (എനിക്ക് അവരുടെ ഭക്ഷണം ഇഷ്ടമാണ്) പക്ഷേ അവൾക്ക് പ്രിയം ഇഡ്ഡലിയും പുട്ടും ഇലയടയും വിഷുക്കട്ടയുമാണ്. എരിവ് ഒഴികെ മറ്റെന്തും കക്ഷി സഹിക്കും. അടുക്കളയിൽ അവളുടെ പരീക്ഷണങ്ങൾ നടക്കുന്നുണ്ട്.

മാർച്ച് 5ന് വന്ന ദിവസം കേരളം ഇത്രമാത്രം കൊറോണ പരിഭ്രാന്തിയിൽ പെട്ടിരുന്നില്ല. അതുകൊണ്ട് അയൽ വീട്ടുകാരോട് വലിയ ചങ്ങാത്തത്തിലായി. പക്ഷേ പിന്നീട് പുറത്തേക്കിറക്കം ഉണ്ടായിട്ടില്ല. (പോലീസും ആരോഗ്യ പ്രവർത്തകരും എല്ലാ ദിവസവും വിളിച്ച് സുഖാന്വേഷണങ്ങൾ നടത്തും) വീടിനുള്ളിലെ തടങ്കൽ അവൾക്ക് ഒരു പ്രശ്‌നവും ഉണ്ടാക്കുന്നില്ല. വീടിനകത്തും പറമ്പിലും കാണുന്നതു മുഴുവൻ കൗതുകമാണെങ്കിൽ പിന്നെ എങ്ങനെ മടുപ്പുണ്ടാവും?

ഈ പെൺകുട്ടി ഇല്ലായിരുന്നെങ്കിൽ വീട്ടിലിരുന്ന് ശീലമില്ലാത്ത എനിക്ക് ഈ കൊറോണക്കാലം വലിയ ദുർഘടമായേനെ.

Exit mobile version