ഇന്ത്യ ചിന്തിച്ചു തുടങ്ങുമ്പോൾ കേരളം പ്രവർത്തിച്ചു കാണിക്കുന്നു; കൊറിയൻ മോഡൽ കോവിഡ് ടെസ്റ്റിങ് ബൂത്തുകൾ കേരളത്തിൽ പ്രവർത്തനം ആരംഭിച്ചു; മാതൃകയ്ക്ക് നിറകൈയ്യടി

കൊച്ചി: കോവിഡ് പ്രതിരോധത്തിൽ ഇന്ത്യ കൊച്ചു കേരളത്തെ കണ്ടുപഠിക്കണമെന്ന് പറയുന്നത് വെറുതെയല്ല. കേരളത്തിലെ പരിമിതമായ സാമ്പത്തിക അവസ്ഥയിലും ഏറ്റവും മികച്ച പ്രതിരോധ പ്രവർത്തനങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ലോക രാജ്യങ്ങൾ മഹാമാരിക്ക് മുന്നിൽ ഭയന്ന് നിൽക്കുമ്പോൾ കേരളം ഒരു നിമിഷം പോലും കളയാതെ പ്രവർത്തിച്ചുകൊണ്ടേയിരിക്കുകയാണ്.

സൗത്ത് കൊറിയൻ മോഡൽ കോവിഡ് 19 ടെസ്റ്റിംഗ് കിയോസ്‌ക്കുകൾ (ബൂത്തുകൾ) കേരളത്തില്ലും ഉണ്ടാക്കി പ്രവർത്തനം തുടങ്ങിയിരിക്കുകയാണ്. എറണാകുളം മെഡിക്കൽ കോളേജിൽ രണ്ട് സാംപിൾ കിയോസ്‌കുകളാണ് സ്ഥാപിച്ചത്. വാക്ക് ഇൻ സാംപിൾ കിയോസ്‌ക്ക്-വിസ്‌ക്(Walk In Sample Kiosk ( WISK))എന്ന പേരിൽ ആണ് ഈ യൂണിറ്റുകൾ അറിയപ്പെടുക. ഇന്ത്യയിൽ തന്നെ ആദ്യമായാണ് ഇത്തരത്തിൽ കൊവിഡ് ടെസ്റ്റിങ് ബൂത്തുകൾ സ്ഥാപിക്കുന്നത്. ജാർഖണ്ഡിലെ ഒരു ആശുപത്രിയിൽ കിയോസ്‌ക് സ്ഥാപിക്കുന്നതിന്റെ പ്രവർത്തനങ്ങൾ തുടരുകയാണ്.

1000 രൂപ വില വരുന്ന പിപിഇ കിറ്റുകൾ ഉപയോഗിച്ചാണ് ഇപ്പോൾ ഓരോരുത്തരുടെയും ടെസ്റ്റുകൾ നടത്തുന്നത്.. ഈ പിപിഇ കിറ്റുകൾ ഒരു തവണയിൽ കൂടുതൽ ഉപയോഗിക്കാനും പറ്റില്ല. അമേരിക്കയിലെയോ ഇറ്റലിയിലെയോ, സ്‌പെയ്‌നിലെയോ പോലെ പെട്ടന്ന് കോവിഡ് ബാധിതരുടെ എണ്ണം കൂടിയാൽ പിപിഇ കിറ്റുകൾ കിട്ടാൻ ബുദ്ധിമുട്ടുകൾ വരും. അതേസമയം, ഈ വിസ്‌കുകൾ ഉപയോഗിക്കുമ്പോൾ ഒരു ഗുണം എന്താണെന്ന് വച്ചാൽ കൂടുതൽ പേരെ ടെസ്റ്റ് ചെയ്യാൻ സാധിക്കും എന്ന് മാത്രമല്ല, ടെസ്റ്റ് എടുക്കുന്ന വ്യക്തി വിലയേറിയ പിപിഇ കിറ്റുകൾ ഉപയോഗിക്കേണ്ടതിന്റെ ആവശ്യവും ഇല്ല.

ഒരു വിസ്‌ക് ഉണ്ടാക്കാൻ എടുക്കുന്ന സമയം രണ്ടു ദിവസമാണ്. വില 40,000 രൂപയും. വെറും കൺസ്യൂമർ സംസ്ഥാനമായ, പറയത്തക്ക മറ്റു വലിയ വരുമാനം ഒന്നും ഇല്ലാത്ത സംസ്ഥാനത്തിന് ഇത്തരം മാതൃകകൾ ഉണ്ടാക്കാൻ കഴിയുന്നുണ്ടെങ്കിൽ. അഭിമാനമാണ് ഈ കേരളമെന്ന് സോഷ്യൽമീഡിയയും പറയുന്നു.

Exit mobile version