തിരുവനന്തപുരം: സംസ്ഥാനത്ത് ഏപ്രില്‍ 14 ന് ശേഷം 21 ദിവസത്തേക്കുകൂടി ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന് ഐഎംഎ. ഈ കാര്യം ചൂണ്ടിക്കാട്ടി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ വിദഗ്ധ സമിതി മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിട്ടുണ്ടെന്ന് ഐഎംഎയുടെ സംസ്ഥാന പ്രസിഡന്റ് ഡോ. എബ്രഹാം വര്‍ഗീസും, സെക്രട്ടറി ഡോ. ഗോപികുമാറും അറിയിച്ചു. കേരളത്തിലേയും രാജ്യത്തിലേയും രാജ്യാന്തര തലത്തിലുമുള്ള വിദഗ്ധരുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ഒടുവിലാണ് ഐഎംഎ ഇത്തരമൊരുനിര്‍ദേശം മുന്നോട്ടുവെച്ചത്
ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ വിദഗ്ധ സമിതി ഇംഗ്ലണ്ട്, അമേരിക്ക, ഇറ്റലി, ജര്‍മ്മനി, സ്പെയിന്‍ തുടങ്ങിയ രാജ്യങ്ങളിലേയും, രാജ്യത്തെ തന്നെ പ്രമുഖ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന പൊതുജനാരോഗ്യ വിദഗ്ധരുമായും, കേരളത്തിലെ അമ്പതോളം വരുന്ന പൊതുജനാരോഗ്യ വിദഗ്ധരുമായും ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഈ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഐഎംഎ ഇത്തരമൊരു നിലപാട് സ്വീകരിച്ചിരിക്കുന്നത്.
കൊവിഡ് 19 വൈറസിന്റെ നിയന്ത്രണത്തില്‍ സംസ്ഥാന സര്‍ക്കാര്‍ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ മികച്ച നടപടികളാണ് സ്വീകരിച്ചുവരുന്നത്. എന്നാല്‍ അതുകൊണ്ടുണ്ടായ നേട്ടം നിലനിര്‍ത്തുന്നതിന് സംസ്ഥാനം അടുത്ത 21 ദിവസവും കൂടി ലോക്ക് ഡൗണ്‍ തുടരണമെന്നാണ് ഐഎംഎയുടെ നിര്‍ദേശം. കേരളത്തിലെ പ്രത്യേക സാഹചര്യം വെച്ച് വളരെ അധികം ആളുകള്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും മറ്റ് രാജ്യങ്ങളില്‍ നിന്നും വരുന്ന സാഹചര്യം ലോക്ക് ഡൗണ്‍ മാറ്റുമ്പോള്‍ ഉണ്ടായേക്കാം. ഇത്തരത്തില്‍ സംഭവിച്ചാല്‍ സമൂഹവ്യാപനം ഉണ്ടാകുന്ന രീതിയിലേക്ക് എത്തുമെന്നാണ് ഇവര്‍ പറയുന്നത്.
ലോക രാജ്യങ്ങള്‍ പലതും പതിനായിരക്കണക്കിന് കൊവിഡ് 19 കേസുകള്‍ വന്നതിന് ശേഷമാണ് ലോക്ക് ഡൗണ്‍ നടപ്പിലാക്കിയത്. എന്നാല്‍ ഇന്ത്യ 500 ല്‍ താഴെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ തന്നെ രാജ്യത്ത് പൂര്‍ണ്ണമായി ലോക്ക് ഡൗണ്‍ നടപ്പിലാക്കി. ഇത് വൈറസിന്റെ സമൂഹവ്യാപനത്തെ ഒരു പരിധി വരെ തടഞ്ഞതായും വിദഗ്ധസമിതി വിലയിരുത്തി. സ്വകാര്യ ആശുപത്രികളിലും സര്‍ക്കാര്‍ സംവിധാനങ്ങളിലും ഡോക്ടര്‍മാര്‍ക്കും മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും നല്‍കി വരുന്ന പരിശീലനം തുടരേണ്ടതിന്റെ ആവശ്യകതയും ഐഎംഎ ചൂണ്ടിക്കാണിച്ചു. അതോടൊപ്പം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നല്‍കേണ്ട സുരക്ഷിത കവചങ്ങള്‍ക്ക് ദൗര്‍ലഭ്യം വരാതെ നോക്കേണ്ടതുണ്ടെന്നും സമിതി ചൂണ്ടിക്കാട്ടി.
സംസ്ഥാനത്തെ ചെറിയ ഹോസ്പിറ്റലുകളുടെയും ക്ലിനിക്കുകളുടെയും പ്രവര്‍ത്തനത്തിന് ആവശ്യമായ സംവിധാനങ്ങള്‍ ഒരുക്കുന്നതിന് സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണമെന്നും പ്രായമായവര്‍, ഗര്‍ഭിണികള്‍, മറ്റ് ഗുരുതരരോഗമുള്ളവര്‍ എന്നിവര്‍ക്ക് നല്‍കേണ്ട പ്രത്യേക ശ്രദ്ധ കര്‍ശനമായ രീതിയില്‍ തുടരണമെന്നും സമിതി ആവശ്യപ്പെട്ടു. സംസ്ഥാനത്ത് നിരീക്ഷണത്തില്‍ കഴിയുന്ന രോഗികള്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും ആന്റീ ബോഡി ടെസ്റ്റുകളും റാപ്പിഡ് പിസിആര്‍ ടെസ്റ്റും കൂടുതല്‍ വ്യാപകമാക്കണമെന്നും ഐഎംഎ ആവശ്യപ്പെട്ടു.
Discussion about this post