തിരുവനന്തപുരം; കൊവിഡ് 19 ബാധിച്ച് വിവിധ രാജ്യങ്ങളിലായി 18 മലയാളികള്‍ മരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചതെന്നും മുഖ്യമന്ത്രി അറിയിച്ചു. കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണാണ് ഇക്കാര്യം അറിയിച്ചത്.
അമേരിക്കയില്‍ 8 പേര്‍ മരിച്ചെന്നും മുഖ്യമന്ത്രി അറിയിച്ചു. അതെസമയം സംസ്ഥാനത്ത് ഇന്ന് പതിമൂന്ന് പേര്‍ക്ക് കൂടി കൊവിഡ് 19 വൈറസ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 327 ആയി. 266 പേര്‍ ചികിത്സയിലുണ്ട്. കാസര്‍കോട് ഒന്‍പത് പേര്‍ക്ക്, മലപ്പുറം രണ്ട് പേര്‍ക്ക് , കൊല്ലം, പത്തനംതിട്ട ഒരാള്‍ക്ക് വീതവുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.
കാസര്‍കോട് ആറ് പേര്‍ വിദേശത്ത് നിന്ന് വന്നവരും, മൂന്ന് പേര്‍ സമ്പര്‍ക്കത്തിലൂടെയുമാണ് രോഗം പിടിപെട്ടത്. കൊല്ലത്തും മലപ്പുറത്തും ഉള്ളവര്‍ നിസാമുദ്ദീനില്‍ പങ്കെടുത്ത് വന്നവരാണ്. പത്തനംതിട്ടയില്‍ രോഗം സ്ഥിരീകരിച്ചയാള്‍ വിദേശത്ത് നിന്ന് വന്നയാളാണ്.
അതെസമയം കൊല്ലം, തൃശ്ശൂര്‍ , കണ്ണൂര്‍ എന്നിവിടങ്ങളില്‍ ഒരോരുത്തരുടെ വീതം പരിശോധന ഫലം നെഗറ്റീവായതായും മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്തെ നിയന്ത്രണങ്ങള്‍ ഫലപ്രദം ആണെന്നും, രോഗ വ്യാപനം തടയാന്‍ സംസ്ഥാനത്തിന് ഒരു പരിധി വരെ കഴിയുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.