പൊന്നാനി: കൊറോണ അതിജീവനത്തിനായി എല്ലാവരും ഒരുമിച്ച് മുന്നേറുമ്പോള്‍ ലജ്ജാകരമായ വിവാദമാണ് മലപ്പുറം ജില്ലയിലെ പെരുമ്പടപ്പ് ബ്ലോക്ക്പഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചണിനെതിരേ ഉയര്‍ന്നുവന്നത്. യുഡിഎഫ് ഇടപെടലിനെ തുടര്‍ന്ന് കമ്മ്യൂണിറ്റി കിച്ചണ്‍ അടച്ചുപൂട്ടേണ്ടിവന്നു. എരമംഗലത്തെ കമ്മ്യൂണിറ്റി കിച്ചണ്‍ പൂട്ടിയതിനെച്ചൊല്ലിയുള്ള വിവാദത്തില്‍ നിയമനടപടിക്കൊരുങ്ങുകയാണ് സ്ഥലം എംഎല്‍എ കൂടിയായ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്.
കമ്മ്യൂണിറ്റി കിച്ചണുകള്‍ക്ക് സര്‍ക്കാര്‍ സഹായം ലഭ്യമാകുന്നതിന് മുന്‍പുതന്നെ പൊന്നാനി മണ്ഡലത്തില്‍ കമ്മ്യൂണിറ്റി കിച്ചണ്‍ ആരംഭിച്ചിരുന്നു. ദുരിതാശ്വാസനിധിയിലേക്ക് സഹായം വാഗ്ദാനം ചെയ്തവരോട് കമ്മ്യൂണിറ്റി കിച്ചണിലേക്ക് പണം നല്കാന് അഭ്യര്‍ഥിച്ചിരുന്നു. തുടര്‍ന്ന് ഒരുവ്യക്തി മൂന്നുലക്ഷം രൂപ പൊന്നാനി തഹസില്‍ദാരെ ഏല്‍പ്പിച്ചു.
ഈ പണമുപയോഗിച്ച് തഹസില്‍ദാര്‍ പഞ്ചായത്ത് കിച്ചണിലേക്കാവശ്യമായ ഭക്ഷ്യവസ്തുക്കള്‍ നല്‍കിയിരുന്നു. ഇതിനിടെയാണ് പഞ്ചായത്തുകളെ സഹായിക്കാനായി പെരുമ്പടപ്പ് ബ്ലോക്ക്പഞ്ചായത്ത് സന്നദ്ധമാകുകയും തുടര്‍ന്ന് എരമംഗലത്ത് ബ്ലോക്ക് പഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചണ്‍ ആരംഭിക്കുകയും ചെയ്തത്.
ഇതിന്റെ പേരില്‍ ആരും പണപ്പിരിവ് നടത്തിയിട്ടില്ല. പെരുമ്പടപ്പ് ബ്ലോക്ക്പഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചണ്‍ മികച്ചനിലയില്‍ പ്രവര്‍ത്തിക്കുന്നതിനിടെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതാവായ ഒരു വ്യക്തി കുപ്രചാരണം അഴിച്ചുവിടുകയായിരുന്നുവെന്നും ഇയാള്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്നും സ്പീക്കര്‍ വ്യക്തമാക്കി.
Discussion about this post