സംഗീത കുലപതിക്ക് യാത്രാമൊഴി ചൊല്ലി സിനിമാ ലോകം

കൊച്ചി: അന്തരിച്ച പ്രശസ്ത സംഗീത സംവിധായകന്‍ എംകെ അര്‍ജുനന്‍ മാസ്റ്റര്‍ക്ക് യാത്രാമൊഴി ചൊല്ലി സിനിമാ ലോകം. വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ മൂന്നരയ്ക്കായിരുന്നു അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞത്. അന്ന് പാര്‍വതി മന്ദിരത്തിന്റെ പടി ഇറങ്ങുന്നതിന് മുമ്പ് ഞാന്‍ ആ നെറ്റിയില്‍ നല്‍കിയ ചുംബനം അന്ത്യ ചുംബനം ആണെന്ന് അറിഞ്ഞിരുന്നില്ല എന്നാണ് ശ്രീകുമാരന്‍ തമ്പി ഫേസ്ബുക്കില്‍ കുറിച്ചത്. മോഹന്‍ലാല്‍, ആഷിഖ് അബു, സിത്താര കൃഷ്ണകുമാര്‍, ജയസൂര്യ തുടങ്ങിയവരും അദ്ദേഹത്തിന് അന്ത്യാഞ്ജലി അര്‍പ്പിച്ചു കൊണ്ട് രംഗത്തെത്തിയിട്ടുണ്ട്.

1936 ഓഗസ്റ്റ് 25 ന് ഫോര്‍ട്ടുകൊച്ചിയിലെ ചിരട്ടപ്പാലത്ത് കൊച്ചുകുഞ്ഞിന്റെയും പാറുവിന്റെയും പതിനാലു മക്കളില്‍ ഏറ്റവും ഇളയവനായിട്ടാണ് അര്‍ജ്ജുനന്‍ മാസ്റ്ററുടെ ജനനം. നാടകരംഗത്ത് പ്രവര്‍ത്തിക്കുന്നതിനിടയില്‍ ദേവരാജന്‍ മാസ്റ്ററുമായി പരിചയപ്പെട്ടതാണ് സിനിമയില്‍ അര്‍ജ്ജുനന്‍മാസ്റ്റര്‍ക്ക് അവസരം ഒരുക്കിയത്.

തുടര്‍ന്ന് 1968 ല്‍ പുറത്തിറങ്ങിയ ‘കറുത്ത പൗര്‍ണമി’യിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ചു. ഇരുന്നൂറിലേറെ സിനിമകളിലായി ആയിരത്തിലേറെ ഗാനങ്ങള്‍ക്കാണ് അദ്ദേഹം സംഗീതം ഒരുക്കിയിട്ടുള്ളത്. മാനത്തിന്‍ മുറ്റത്ത്, ഹൃദയമുരുകി നീ, പൗര്‍ണ്ണമിച്ചന്ദ്രിക തൊട്ടുവിളിച്ചു, യദുകുല രതിദേവനെവിടെ, നിന്‍ മണിയറയിലെ, പാലരുവിക്കരയില്‍, കസ്തൂരി മണക്കുന്നല്ലോ, ചന്ദ്രോദയം കണ്ട്, ചെട്ടികുളങ്ങര ഭരണിനാളില്‍, ആയിരം അജന്താശില്പങ്ങളില്‍, രവിവര്‍മ്മച്ചിത്രത്തിന്‍ രതിഭാവമേ തുടങ്ങി നിരവധി ഹിറ്റ് ഗാനങ്ങള്‍ അദ്ദേഹത്തിന്റേതാണ്.

Exit mobile version