ആലപ്പുഴ: ലോക്ക് ഡൗണിനിടയിലും കുഞ്ഞ് അന്‍വിതയ്ക്ക് കരുതലുമായി സര്‍ക്കാര്‍ ഒപ്പമുണ്ട്. കണ്ണിനെ ബാധിച്ച കാന്‍സര്‍ രോഗത്തിന്റെ ചികിത്സക്കായി, സര്‍ക്കാരിന്റെ സമയോചിതമായ ഇടപെടലിനെത്തുടര്‍ന്ന് ഒന്നര വയസുകാരി അന്‍വിതയും രക്ഷിതാക്കളും ആംബുലന്‍സില്‍ ഹൈദരാബാദിലേക്ക് പുറപ്പെട്ടു.
ഞായറാഴ്ച രാവിലെ 7.15- ന് ചേര്‍ത്തലയില്‍ നിന്നാണ് നഗരസഭ 21-ാം വാര്‍ഡ് മുണ്ടുവെളി വിനീത് വിജയന്‍ ഗോപിക ദമ്പതിമാര്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ആംബുലന്‍സില്‍ മകളുമായി യാത്രതിരിച്ചത്. ആംബുലന്‍സ് രാത്രി 11 മണിയോടെ ഹൈദരാബാദിലെത്തും. ഹൈദരാബാദ് എല്‍വി പ്രസാദ് അശുപത്രിയില്‍ തിങ്കളാഴ്ച്ച ചികിത്സ ആരംഭിക്കും.
ലോക്ക് ഡൗണ്‍ പശ്ചാത്തലത്തില്‍ അന്‍വിതയുടെ ചികിത്സ മുടങ്ങുമെന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശത്തെ തുടര്‍ന്ന് മന്ത്രി കെകെ ശൈലജ ടീച്ചര്‍ ഇടപെട്ടാണ് കുട്ടിയുടെ ചികിത്സ യാഥാര്‍ത്ഥ്യമാക്കിയത്. ചികിത്സയ്ക്ക് ശേഷം കുട്ടിയെ ഇതേ ആംബുലന്‍സില്‍ തിരികെ വീട്ടിലെത്തിക്കുമെന്ന് മന്ത്രി കെകെ ശൈലജ അറിയിച്ചു. അന്‍വിതക്കു വേണ്ടി സര്‍ക്കാര്‍ ഒപ്പം നിന്നപ്പോള്‍ ആംബുലന്‍സ് ഡ്രൈവര്‍മാരായി രാജീസ്, വര്‍ഗ്ഗീസ് എന്നിവരും സന്നദ്ധത അറിയിക്കുകയായിരുന്നു.
കണ്ണിലെ പ്രത്യേക ക്യാന്‍സര്‍ (റെറ്റിനോ ബ്ലാസ്റ്റോമ) രോഗത്തിന് നാളുകളായി ഹൈദരാബാദ് എല്‍വി പ്രസാദ് ആശുപത്രിയിലും അപ്പോളോ ആശുപത്രിയിലുമായി ചികിത്സയിലായിരുന്നു അന്‍വിത. കീമോയുടെ ബാക്കി ചെയ്യുന്നതിനായാണ് ഇപ്പോള്‍ യാത്ര പുറപ്പെട്ടത്. ലോക് ഡൗണ്‍ കാലമായതിനാല്‍ വളരെയേറെ ബുദ്ധിമുട്ടിയാണ് കുഞ്ഞിനെയും മാതാപിതാക്കളെയും ഹൈദരബാദിലെത്തിക്കാന്‍ സംവിധാനമൊരുക്കിയത്.
ആരോഗ്യ വകുപ്പുമന്ത്രി കെകെ ഷൈലജ ടീച്ചറുടെ നിര്‍ദ്ദേശ പ്രകാരം സാമൂഹ്യ സുരക്ഷാ മിഷനാണ് കുഞ്ഞിനെ ഹൈദരബാദിലെത്തിക്കാന്‍ ആവശ്യമായ യാത്രാ സൗകര്യം ഏര്‍പ്പെടുത്തിയത്. യാത്രാ അനുമതിയും ആംബുലന്‍സ് കടന്നു പോകുന്ന മറ്റ് സംസ്ഥാനക്കള്‍ക്കുള്ള നിര്‍ദ്ദേശവും പോലീസ് ആസ്ഥാനത്ത് നിന്ന് നല്‍കിയുട്ടുണ്ട്. എല്ലാ ജില്ലാ പോലീസ് മേധാവികള്‍ക്കും ആസ്ഥാനത്ത് നിന്നും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.
ആശുപത്രിയിലേക്കുള്ള യാത്ര ചെലവും മറ്റും സര്‍ക്കാരാണ് വഹിക്കുന്നത്. സാമൂഹ്യ സുരക്ഷാ മിഷന്‍ ഉദ്യോഗസ്ഥര്‍ രാവിലെ വീട്ടിലെത്തി രക്ഷിതാക്കള്‍ക്ക് യാത്ര ചെലവിനു ആവശ്യമായ തുക കൈമാറി. ഹൈദരാബാദില്‍ ചെന്നാല്‍ എല്ലാ ചികിത്സാ സൗകര്യവും ഉറപ്പാക്കാനുള്ള നടപടികളും ആരോഗ്യ മന്ത്രിയുടെ ഓഫീസ് എടുത്തിട്ടുണ്ട്.