ന്യൂഡൽഹി: രണ്ടാം ഘട്ട കൊറോണ വൈറസ് വ്യാപനം ആരംഭിച്ച പത്തനംതിട്ട രോഗത്തെ ഫലപ്രദമായാണ് പ്രതിരോധിച്ചതെന്ന പ്രശംസയുമായി കേന്ദ്രസർക്കാർ. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടപ്പാക്കിയതിന് കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബയാണ് ഔദ്യോഗിക യോഗത്തിനിടെ പത്തനംതിട്ടയെ പ്രശംസിച്ചത്.
സംസ്ഥാനത്തെ പ്രതിരോധ പ്രവർത്തനങ്ങൾ അവലോകനം ചെയ്യാൻ കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ വിളിച്ചു ചേർത്ത വീഡിയോ കോൺഫറൻസ് വഴിയുള്ള യോഗത്തിനിടെയിലായിരുന്നു പത്തനംതിട്ട ജില്ലയുടെ പ്രതിരോധ പ്രവർത്തനങ്ങൾ പ്രശംസിക്കപ്പെട്ടത്. ക്യാബിനറ്റ് സെക്രട്ടറി നേരിട്ടാണ് പത്തനംതിട്ട ജില്ലയിലെ പ്രതിരോധ പ്രവർത്തനങ്ങളെ പ്രശംസിച്ചത്.
െേകാവിഡ് വ്യാപനം തടയാൻ പത്തനംതിട്ട ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും നടത്തിയ ഇടപെലുകൾ രാജ്യത്തിനാകെ മാതൃകാപരമാണെന്ന് ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ പറഞ്ഞു.
കേരളത്തിൽ കോവിഡ് വൈറസ് ബാധയുടെ രണ്ടാം ഘട്ടം ആരംഭിക്കുന്നത് ഇറ്റലിയിൽ നിന്നുള്ള മൂന്നംഗ പ്രവാസി കുടുംബം നാട്ടിലെത്തിയതോടെയാണ്. നിരീക്ഷണത്തിൽ കഴിയണമെന്ന സർക്കാർ നിർദേശം അവഗണിച്ച് ഇവർ ഇറങ്ങി നടന്നതോടെ മൂവായിരത്തോളം പേരാണ് പത്തനംതിട്ട ജില്ലയിൽ മാത്രം നിരീക്ഷണത്തിലായത്. പ്രവാസി കുടുംബത്തിൽ നിന്നും മാത്രം ആറോളം പേരിലേക്ക് നേരിട്ട് രോഗം പടർന്നിരുന്നു. എന്നാൽ വലിയ വെല്ലുവിളികൾക്കിടയിലും ശക്തമായ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തി പത്തനംതിട്ട ജില്ലാ കളക്ടർ പിബി നൂഹിന്റെ നേതൃത്വത്തിൽ ജില്ലാ ഭരണകൂടം മാതൃകാപ്രവർത്തനം കാഴ്ചവെച്ചു.
സാമൂഹിക അകലം ഉറപ്പാക്കാനായി 144 പ്രഖ്യാപിക്കുകയും വിദേശത്തു നിന്നെത്തിയ എല്ലാവരേയും കണ്ടെത്തി സ്വയം നിരീക്ഷണം ഉറപ്പാക്കുകയും ചെയ്തിരുന്നു. ആരോഗ്യവകുപ്പുമായും ജില്ലാ ഭരണകൂടവുമായും സഹകരിക്കാത്തവർക്കെതിരെ ശക്തമായ നപടിയാണ് പത്തനംതിട്ടയിൽ അധികൃതർ സ്വീകരിച്ചിരുന്നത്. രോഗികളുടെ എണ്ണം കുറഞ്ഞതോടെ കൊവിഡ് ഹോട്ട് സ്‌പോട്ട് പ്രദേശങ്ങളിൽ നിന്നും പത്തനംതിട്ടയെ ഒഴിവാക്കിയിരുന്നു.
പത്തനംതിട്ട ജില്ലയിലെ 13 പേർക്കാണ് ഇതുവരെ കൊവിഡ് ബാധ സ്ഥിരീകരിച്ചത്. ഇതിൽ എട്ട് പേരും രോഗം ഭേദമായി ആശുപത്രി വിട്ടു. ഇനി അഞ്ച് പേരാണ് ചികിത്സയിലുള്ളത്.
Discussion about this post