അതിര്‍ത്തികള്‍ തുറക്കില്ലെന്ന് കര്‍ണാടക ആവര്‍ത്തിക്കുന്നു; എന്നാല്‍ കര്‍ണാടകയിലെ പാവപ്പെട്ട രോഗികള്‍ക്ക് മുന്നില്‍ കേരളം വഴി തുറന്ന് കൊടുക്കുന്നു; ഇതാണ് കേരള മോഡല്‍

കാസര്‍കോട്: കര്‍ണാടക അവരുടെ അതിര്‍ത്തി പ്രദേശങ്ങള്‍ കേരളത്തിന് മുന്നില്‍ മണ്ണിട്ട് അടച്ചതോടെ കാസര്‍കോടുള്ള ജനങ്ങള്‍ വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നു പോയിക്കൊണ്ടിരിക്കുന്നത്. വഴി അടച്ചതോടെ ചികിത്സ കിട്ടാതെ ആറില്‍ അധികം ആളുകളാണ് കാസര്‍കോട് മരിച്ചത്.

അത്യാഹിത രോഗികളെ എങ്കിലും അതിര്‍ത്തി കടത്തി മംഗലാപുരത്ത് വിടണമെന്ന് കേരളം കേണ് അപേക്ഷിച്ചിട്ടും കര്‍ണാടകം അതിര്‍ത്തി തുറക്കില്ലെന്ന നിലപാട് ആണ് ആവര്‍ത്തിച്ചത്. കോടതി പറഞ്ഞിട്ടും കര്‍ണാടക അതിര്‍ത്തി തുറക്കാന്‍ തയ്യാറാട്ടില്ല. ഇതോടെ ചികിത്സ കിട്ടാതെ നിരവധി പേരാണ് മരിച്ചത്. ചരക്ക് ഗതാഗതവും നിഷേധിച്ചിരിക്കുകയാണ്.

കര്‍ണാടകയുടെ ദുഷ്പ്രവര്‍ത്തി കൊണ്ട് കേരളത്തിലെ നിരവധി ജീവനുകള്‍ നഷ്ടപ്പെട്ടെങ്കിലും, കര്‍ണാടകയിലെ പാവപ്പെട്ട രോഗികള്‍ക്ക് മുന്നില്‍ വഴി തുറന്ന് കൊടുത്തിരിക്കുകയാണ് കേരളം. കര്‍ണാടകയിലെ അതിര്‍ത്തി ഗ്രാമങ്ങളിലെ പ്രദേശവാസികള്‍ക്ക് അടിയന്തര ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് വയനാട്ടില്‍ എത്താമെന്ന് കളക്ടര്‍ വ്യക്തമാക്കി.

അതെസമയം അടിയന്തര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് മാത്രമാണ് അനുമതിയെന്ന് കളക്ടര്‍ അദീല അബ്ദുള്ള പറഞ്ഞു. കര്‍ശന വ്യവസ്ഥ പാലിച്ചു കൊണ്ടുള്ള മനുഷ്യത്വ പരമായ സമീപനമാണിതെന്നും, തെറ്റിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും കളക്ടര്‍ അറിയിച്ചു. കര്‍ണാടകയിലെ അതിര്‍ത്തി ഗ്രാമങ്ങള്‍ ചികിത്സയ്ക്കായി വയനാട്ടിലെ ആശുപത്രികളെയാണ് ആശ്രയിക്കുന്നത്. ഇതിനാലാണ് കര്‍ണാടകയ്ക്ക് മുന്നില്‍ കേരളം വഴി തുറന്ന് നല്‍കിയത്.

ജില്ലയിലേക്ക് പ്രവേശിക്കാന്‍ അതിര്‍ത്തി ചെക്‌പോസ്റ്റുകളില്‍ വിശദമായ വിവരങ്ങള്‍ നല്‍കണം. നിലവില്‍ വയനാട് കര്‍ണാടകയുമായി അതിര്‍ത്തി പങ്കിടുന്ന മുത്തങ്ങ, ബാവലി ചെക്ക്‌പോസ്റ്റുകളിലൂടെ മാത്രമാണ് ഗതാഗതം നടക്കുന്നത്. കാസര്‍ഗോഡിന് സമാനമായ രീതിയില്‍ തോല്‍പ്പെട്ടി ചെക്ക്‌പോസ്റ്റ് കര്‍ണാടക മണിട്ട് അടച്ചിരുന്നു.

Exit mobile version